#കേരളചരിത്രം
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കൊലപാതകം.
പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളിൾ പ്രമുഖനായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ.
ഇന്നത്തെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് കല്ലിശേരിൽ എന്ന സമ്പന്ന ഈഴവകുടുംബത്തിലാണ് ജനനം. അവർണർക്കായി ആദ്യമായി ഒരു ശിവക്ഷേത്രം പണിയിച്ചത് പണിക്കരാണ് -1852ൽ മംഗലം ശിവക്ഷേത്രം.
1858ൽ അവർണ്ണസ്ത്രീകൾക്ക് മുട്ടിനു താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കാനുള്ള അനുവാദത്തിനായി അടിപ്പുടവ സമരം, ശൂദ്രസ്ത്രീകളെപ്പോലെ മാറു മറയ്ക്കാൻ വേണ്ടി 1859ൽ ഏത്താപ്പു സമരം, സവർണ്ണസ്ത്രീകളെപ്പോലെ മൂക്കുത്തി ധരിക്കാനുള്ള അവകാശത്തിനായി 1860ൽ മൂക്കുത്തി സമരം, ഇവയെല്ലാം സംഘടിപ്പിച്ച അമ്പലപ്പുഴ വേലായുധപ്പണിക്കർ വെറും 48 വയസിൽ കൊലചെയ്യപ്പെടുകയായിരുന്നു.
ആ സംഭവത്തിൻ്റെ വിവരണം സമകാലികനായ പാലാക്കുന്നേൽ വല്യച്ചൻ ( കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികനായിരുന്നു പാലാക്കുന്നേൽ മത്തായി മറിയം കത്തനാർ). രേഖപ്പെടുത്തിയിരിക്കുന്നത് കാണുക.
“1874 ലെ വർത്തമാനം.
മകരം 3 -)0 തിയതി ആറാട്ടുപുഴ വേലായുധൻ എന്ന മഹാകേൾവിപ്പെട്ട ഈഴവനെ അവൻ്റെ ശത്രുക്കൾ കൂടി കുത്തിക്കൊന്നു . ഇവൻ 16 – തണ്ടു പിടിപ്പിച്ച ഒരു ബോട്ടിൽ വരുമ്പോൾ ശത്രുക്കളായ ജോനകർ ഒരു പന്നകം ഇട്ടു കെട്ടിയ വള്ളത്തിൽ പൊറകെ ചെന്നു. പണിക്കരെ കണ്ടു ഒരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് അപേക്ഷിച്ചു. ബോട്ടു നിർത്തുവാൻ പണിക്കർ കൽപ്പിക്കയാൽ വേലക്കാരു നിർത്തി. ബോട്ടിലോട്ട് കേവു വള്ളത്തിൽനിന്നും ആളുകൾ കയറി കുത്തികൊന്നു ! തണ്ടുകാർ വെള്ളത്തിൽ ചാടി നീന്തിപ്പോയി.
കൊല്ലം ഡിവിഷൻ രാമരായരു പേഷ്ക്കാരു നന്നായി വിചാരണ ചെയ്തിട്ടും തെളിവുകിട്ടി ഒരാളിനും ശിക്ഷകൊടുപ്പാൻ കഴിഞ്ഞില്ല. കുത്തികൊന്നവരു കപ്പൽകേറി മറുരാജ്യം കടന്നുകളഞ്ഞു! ഇവൻ പലരെയും അപമാനിച്ചിരുന്നു.
പ്രവൃത്തികാരൻമാരെ കെട്ടി അടിപ്പിക്കും. ശൂദ്രവീടുകളിൽ നമ്പൂരിമാരുടുപ്പാനിടുന്നു എങ്കിൽ ആ മുറപൊലെ ഈഴവരുടെ വീട്ടിൽ ശൂദ്രർ ഉടുപ്പാനിടേണ്ടതാകുന്നു എന്ന് ഹർജി കൊടുത്തു. ശരി, എന്ന് ദിവാൻ മാധവരായര് അംഗീകരിച്ചു. ഒരു ശൂദ്രനെക്കൊണ്ട് അവൻ്റെ പെങ്ങൾക്കു വസ്ത്രം കൊടുപ്പിച്ചു. ഇങ്ങനെ വിശേഷമനുഷ്യനാകുന്നു.
70 -)0 കാലം മീനമാസത്തിൽ ഞാൻ തിരുവനന്തപുരത്തിനു പോകും വഴി ഇവൻ്റെ വീട്ടിൽ കേറി ഈ മഹാനുമായി കണ്ടു. ഞാൻ സംസാരിച്ചിട്ടും ഉണ്ട്. ആൾ കണ്ടാൽ ആരും ഭയപ്പെടുവാൻ തക്കവൻ.”
– പാലാക്കുന്നേൽ വല്യച്ചൻ്റെ നാളാഗമം.
( തൻ്റെ കാലഘട്ടത്തിൻ്റെ അമൂല്യമായ ചരിത്രരേഖയാണ് പാലാക്കുന്നേൽ വല്യച്ചൻ എന്നറിയപ്പെട്ടിരുന്ന കോട്ടയം ജില്ലക്കാരനായ മത്തായി മറിയം കത്തനാരുടെ ഡയറിക്കുറിപ്പുകൾ).
– ജോയ് കള്ളിവയലിൽ.
Posted inUncategorized