#ഓർമ്മ
ഡോക്ടർ പി കെ വാര്യർ.
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ജീവത്മാവും പരമാത്മാവുമായിരുന്ന ഡോക്ടർ പി കെ വാര്യർ എന്ന പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാര്യരുടെ ( 1921- 2021) ജന്മവാർഷികദിനമാണ്
ജൂൺ 7.
ശതപൂർണിമ ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ, എല്ലാ അർഥത്തിലും സാർത്ഥകമായ ജീവിതമായിരുന്നു ഈ മഹാനായ ആയുർവേദചികിത്സകൻ്റെത്.
കോഴിക്കോടാണ് പന്നിയമ്പള്ളി വാര്യത്തിന്റെ മൂലസ്ഥാനം. അഷ്ടവൈദ്യൻ പുലാമന്തോൾ മൂസിന്റെ അടുത്തുനിന്നാണ് പൂർവികർ വൈദ്യം പഠിച്ചത്.
ടിപ്പുവിന്റെ പടയോട്ടകാലത്ത് തിരുവിതാംകൂറിൽ അഭയംപ്രാപിച്ച കുടുംബം 12വർഷം കഴിഞ്ഞു തിരിയെയെത്തിയപ്പോൾ സാമൂതിരിയുമായുള്ള കുടുംബബന്ധത്തിൽ കിട്ടിയ കോട്ടക്കലാണ് താമസമാക്കിയത്.
ആയുർവേദത്തിനു രാജ്യത്തിനകത്തും പുറത്തും, പേരും പെരുമയും ഉണ്ടാക്കിയെടുത്തത് ആര്യവൈദ്യൻ പി എസ് വാര്യരും അദ്ദേഹം സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യശാലയുമാണ്.
അദ്ദേഹത്തിന്റെ പിൻഗാമി അനന്തരവൻ പി മാധവവാര്യർ ആയിരുന്നു. പി എം വാര്യർ 1954ൽ ഒരു വിമാനാപകടത്തിൽ മരിച്ചപ്പോൾ അപ്രതീക്ഷിതമായിട്ടാണ് അനുജൻ പി കെ വാര്യർ സ്ഥാപനത്തിന്റെ മേധാവിയായത്. സുദീർഘമായ
67 വർഷം നേതൃത്വം നൽകിയശേഷം വിടപറയുമ്പോൾ വൈദ്യശാലയുടെ വരുമാനം 9ലക്ഷം രൂപയിൽനിന്ന് 400കോടി കവിഞ്ഞിരുന്നു. മരുന്നുചെടികൾക്കായുള്ള ഗവേഷണകേന്ദ്രം, ആയുർവേദ മെഡിക്കൽ കോളേജ്, 500 മരുന്നുവർഗ്ഗങ്ങൾ സംബന്ധിച്ച 5 വാല്യങ്ങൾ ഉള്ള Indian Medicinal Plants എന്ന ബ്രഹദ്ഗ്രന്ഥത്തിന്റെ സഹരചയിതാവ് – വാര്യരുടെ സംഭാവനകൾ എണ്ണിയാൽ തീരില്ല. ലക്ഷക്കണക്കിന് രോഗികൾക്ക് സ്വാന്തനമേകാൻ ഈ വൈദ്യശ്രേഷ്ഠൻ നിമിത്തമായിട്ടുണ്ട്.
ഓർമ്മകൾക്ക് കോട്ടംതട്ടുന്നതിനു മുൻപ് 2005ൽ തന്നെ ആത്മകഥ എഴുതാൻ ഡോക്ടർ വാര്യർ തയാറായത് നാടിന്റെ ഭാഗ്യം. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സ്മൃതിപർവം, സ്വന്തം കഥയും വൈദ്യശാലയുടെ ചരിത്രവും മാത്രമല്ല, ദേശത്തിന്റെ കഥ കൂടിയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized