#ചരിത്രം
#ഓർമ്മ
മഹാത്മാഗാന്ധി – പോരാട്ടത്തിൻ്റെ തുടക്കം.
7 ജൂൺ 1893 ഗാന്ധിജിയുടെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കിയ ദിവസമാണ്.
ഒന്നാം ക്ലാസ് ടിക്കറ്റുമായി ദക്ഷിണ ആഫ്രിക്കയിൽ വെച്ച് ടെയിനിൽ കയറിയ ബാരിസ്റ്റർ എം കെ ഗാന്ധിയോട് വെളുത്തവർക്ക് മാത്രമേ ഫസ്റ്റ് ക്ലാസ് കമ്പാർട്മെന്റിൽ യാത്രചെയ്യാൻ അവകാശമുള്ളു, കമ്പാർട്ട്മെന്റ് മാറിക്കയറണം എന്ന് അതിലെ വെള്ളക്കാർ ആവശ്യപ്പെട്ടു. നിയമാനുസൃതമായ ടിക്കറ്റ് കൈവശമുള്ള ഗാന്ധി അതിനു വിസമ്മതിച്ചു. കോപിഷ്ടരായ വെള്ളക്കാർ, ഗാന്ധിയെ ട്രെയിനിൽനിന്ന് തള്ളി താഴെയിട്ടു. തൻ്റെ ജീവൻ തന്നെ നഷ്ടമാകുമോ എന്ന് ഭയപ്പെട്ടു എന്നാണ് ഗാന്ധിജി പിൽക്കാലത്ത് എഴുതിയത്.
ഇന്ത്യയിലേക്ക് തിരിച്ചു പോകാനുള്ള തൻ്റെ തീരുമാനം അദ്ദേഹം മാറ്റി.
അനീതിക്കെതിരെ അക്രമരഹിതമായ മാര്ഗങ്ങളിലൂടെ പോരാടാൻ ഗാന്ധി പ്രതിജ്ഞയെടുത്ത ദിവസമായി മാറി ആ ജൂൺ 7.
20 വർഷങ്ങൾക്കു ശേഷം ഗോഖലെ മുതലായ നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഇന്ത്യയിൽ തിരിച്ചെത്തി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് പിൽക്കാലചരിത്രം. എം കെ ഗാന്ധി മഹാത്മാഗാന്ധിയായി, സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപിതാവായി. ഗാന്ധിജിയെ തള്ളിയിട്ട സ്റ്റേഷൻ പ്ലാറ്റ്ഫോം ഇന്ന്, ഗാന്ധിജിയുടെ പ്രതിമ സ്ഥിതിചെയ്യുന്ന തീർഥാടനകേന്ദ്രമായി മാറിയിരിക്കുന്നു.
വിവേചനത്തിനെതിരെയുള്ള പോരാട്ടം യഥാർത്ഥത്തിൽ ദക്ഷിണ ആഫ്രിക്കയിൽ കപ്പലിറങ്ങി ദിവസങ്ങൾക്കകം ഗാന്ധി ആരംഭിച്ചിരുന്നു.
1893 മെയ് 25നാണ് ഗാന്ധി തന്റെ കക്ഷി അബ്ദുള്ളക്കു വേണ്ടി ആദ്യമായി ഡർബൻ കോടതിയിൽ ഹാജരായത്. തനി ഇംഗ്ലീഷ് വേഷത്തിൽ വക്കീൽ കൊട്ടുമണിഞ്ഞ് എത്തിയ അദ്ദേഹം, ഇന്ത്യക്കാർ സാധാരണ ധരിക്കുന്ന തലപ്പാവും അണിഞ്ഞിരുന്നു. തലപ്പാവ് കോടതിയോടുള്ള അനാദരവാണ്, അത് എടുത്തുമാറ്റിയാൽ മാത്രമേ കോടതിയിൽ ഇരിക്കാൻ അനുവദിക്കൂ എന്ന് വെള്ളക്കാരനായ ജഡ്ജി ആഞാപിച്ചു. ഉത്തരവ് അനുസരിക്കുന്നതിനുപകരം കോടതിമുറിയിൽ നിന്ന് ഇറങ്ങിപ്പോരുകയാണ് ഗാന്ധി ചെയ്‍തത്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കി കക്ഷിയുടെ താല്പര്യം സംരക്ഷിക്കുകയും ചെയ്തു.
“നിയമം എങ്ങനെ ശരിയായി പ്രാക്ടീസ് ചെയ്യണം എന്നു ഞാൻ പഠിച്ചു” എന്നാണ് ഗാന്ധിജി പിൽക്കാലത്ത് എഴുതിയത്. “മനുഷ്യനിലെ നന്മയുടെ വശം കണ്ടെത്താൻ ഞാൻ പഠിച്ചു. ആ പാഠം എന്റെ മനസ്സിൽ ഗാഠമായി പതിഞ്ഞു”.
20 വർഷത്തെ പ്രാക്റ്റീസിനിടയിൽ നൂറുകണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാനാണ് അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്.
“എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല – പണം തീർച്ചയായുമില്ല. ആത്മാവ് അത്രയും പോലുമില്ല”, എന്നാണ് ഗാന്ധിജി പിൽക്കാലത്ത് രേഖപ്പെടുത്തിയത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized