ഓപ്പറേഷൻ ബ്ലൂ സ്റ്റാർ

#ചരിത്രം
#ഓർമ്മ

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ.

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതപ്പെട്ട ദിവസമാണ്
1984 ജൂൺ 7.

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന് പേരിട്ട ഒരാഴ്ച നീണ്ടുനിന്ന സൈനികനടപടികൾക്കു ശേഷം ഇന്ത്യൻ സൈന്യം സിക്കുകാരുടെ പാവനസ്ഥലമായ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൻ്റെ പരിപാവനമായ ഹർമന്ദിർ സാഹിബിനുള്ളിൽ പ്രവേശിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭിന്ദ്രൻവാല ഉൾപ്പെടെ കൊല്ലപ്പെട്ടു.
സിക്ക് സമുദായത്തിന്റെ ഹൃദയത്തിൽ വലിയ മുറിവേൽപ്പിച്ച സംഭവമായി മാറി അത്.
നാലു മാസത്തിനുള്ളിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ സംരക്ഷണസേനയിലെ സത്വന്ത് സിംഗ്,ബിയാന്ത് സിംഗ് എന്നീ സുരക്ഷാഭടന്മാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ അന്നത്തെ സൈനികമേധാവിയായിരുന്ന ജനറൽ എ എസ് വൈദ്യയും പൂനയിൽവെച്ച് വധിക്കപ്പെട്ടു.
പ്രത്യേക സിക്ക് സംസ്ഥാനമെന്ന ഖലിസ്താനു വേണ്ടിയുള്ള പ്രക്ഷോഭം 1950കളിൽ ആരംഭിച്ചതാണ്. 1970കളിലും 80കളിലും പ്രക്ഷോഭം ശക്തിപ്രാപിച്ചു. ദംദമി തക്സലിന്റെ നേതാവ് ജർണയിൽസിംഗ് ഭിന്ദ്രൻവാല പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ അത് ഒരു തീവ്രവാദപ്രസ്ഥാനമായി മാറി. പരിശീലനം ലഭിച്ച സായുധരായ ഒരു സംഘത്തിന്റെ അകമ്പടിയോടെ അയാൾ സുവർണക്ഷേത്രം പിടിച്ചെടുത്തു.
ക്ഷേത്രത്തിനുള്ളിൽ വെച്ച് ഒരു ഡി ഐ ജിയെ വെടിവെച്ചുകൊന്നു.
എസ് ജി പി സി നേതാവ് ഗുരുചരൻ സിംഗ് തോഹ്രയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ സൈനികനടപടിക്ക് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിർബന്ധിതയായി തീരുകയായിരുന്നു
തോഹ്‌റയും പിന്നീട് വധിക്കപ്പെട്ടു.
ലെഫ്റ്റ്നന്റ് ജനറൽ കെ എസ് സുന്ദർജിയാണ് ടാങ്കുകൾ, ആർട്ടിലറി, മെഷീൻ ഗണ്ണുകൾ തുടങ്ങിയ സന്നാഹങ്ങൾ സഹിതം പതിനായിരം പട്ടാളക്കാർ പങ്കെടുത്ത സൈനികനടപടികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
തകർക്കപ്പെട്ട ക്ഷേത്രം ഇന്ദിരാഗാന്ധി പുനർനിർമ്മിച്ചെങ്കിലും പഞ്ചാബിലെങ്ങും തീവ്രവാദികൾ കൊലപാതകപരമ്പര തന്നെ നടത്തി. ജൂലിയോ റിബേരോ, കെ പി എസ് ഗിൽ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീവ്രവാദികളെ തേടിപ്പിടിച്ചു വധിച്ചു. പഞ്ചാബിൽ സമാധാനം പുനസ്ഥാപിക്കാൻ വർഷങ്ങൾതന്നെ വേണ്ടിവന്നു.
പക്ഷെ ഇന്നും കാനഡ കേന്ദ്രമാക്കി ഖലിസ്ഥാൻ പ്രസ്ഥാനം ഇപ്പോഴും സജീവമാണ്.
ഇന്ദിരാ ഘാതകൻ ബിയന്ത് സിങിൻ്റെ മകൻ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നതു് ഖലിസ്ഥാൻ വാദം ഇന്നും പഞ്ചാബിൽ സജീവമാണ് എന്നതിൻ്റെ വ്യക്തമായ സൂചനയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *