#ഓർമ്മ
ലോക പരിസ്ഥിതി ദിനം.
ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്.
മനുഷ്യൻ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന കടുത്ത അഘാതത്തെക്കുറിച്ച് ലോകത്തിന് ആദ്യമായി മുന്നറിയിപ്പ് നൽകിയത് 1962ൽ പ്രസിദ്ധീകരിച്ച റേച്ചൽ കാർസന്റെ The Silent Spring എന്ന ഗ്രന്ഥമാണ്.
മനുഷ്യവംശത്തിനു സാംക്രമികരോഗങ്ങളിൽ നിന്നു ശാശ്വതമോചനം നൽകാൻ കഴിവുണ്ട് എന്നു കരുതപ്പെട്ടിരുന്ന ഡി ഡി ടി, പ്രകൃതിക്ക് ഏൽപ്പിക്കുന്ന മുറിവുകൾ അവർ തുറന്നുകാട്ടി.
1940കളിൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട ഡി ഡി ടി എന്ന കീടനാശിനി, മലേറിയ, ടൈഫസ് തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.
സൈലന്റ് സ്പ്രിംഗ് അമേരിക്കയിൽ വലിയതോതിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. പരിസ്ഥിതി പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്.
പ്രക്ഷോഭങ്ങൾക്കൊടുവിൽ 1972ൽ അമേരിക്ക ഡി ഡി ടി നിരോധിച്ചു. പി ഒ പി ( Persistent Organic Pollutants ) സംബന്ധിച്ച സ്റ്റോക്ക്ഹോം സമ്മേളനത്തെത്തുടർന്ന്
ഇന്ന് മിക്ക രാജ്യങ്ങളിലും ഡി ഡി ടി നിരോധിതവസ്തുവാണ്.
ഭൂമിയിലെ ജീവജാലങ്ങൾ ഉൾപ്പെടെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടതാണ് എന്ന് സമുദ്രങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ കാര്സൻ നേരത്തെ തെളിയിച്ചിരുന്നു.
പ്രകൃതിയെ നിയന്ത്രിക്കാൻ, മൃഗങ്ങൾ ഉൾപ്പെടെ ആരു ജീവിക്കണം, ആരു മരിക്കണം, എന്നൊക്കെ തീരുമാനിക്കാൻ മനുഷ്യന് ആര് അധികാരം നൽകി എന്ന കാര്‍സന്റെ ചോദ്യം ഈ പരിസ്ഥിതിദിനത്തിലും കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്നു.
കേൾക്കാൻ നാം തയാറാണോ?
– ജോയ് കള്ളിവയലിൽ.
Posted inUncategorized