കാറ്റ് പറഞ്ഞ കഥ

#literature

കാറ്റ് പറഞ്ഞ കഥ
– ഒ വി വിജയന്‍.

പാലക്കാട്ടു നിന്ന്‌ കോയമ്പത്തൂര്‍ നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന്‌ മണ്‍താരയിലൂടെ ചുരപ്രദേശങ്ങളിലേക്ക്‌ തിരിഞ്ഞു. പരുക്കനായ വാടകജീപ്പിനു പോലും സഞ്ചരിയ്‌ക്കാന്‍ പറ്റിയതായിരുന്നില്ല, ആ വെട്ടുവഴി. എങ്കിലും ഈ യാത്രയില്‍, പത്തു വര്‍ഷത്തിനുശേഷം ഉള്ള രണ്ടാമത്തെ യാത്രയായിരുന്നു ഇത്‌, തെയ്യുണ്ണി ആരേയും പഴി പറഞ്ഞില്ല.

“കുണ്ടാണ്‌.” മുന്നില്‍ക്കിടന്ന വെട്ടുവഴിയിലേക്ക്‌ കണ്‍പായ്‌ച്ചുകൊണ്ട്‌ ഡ്രൈവര്‍ പറഞ്ഞു.

“ഇവടെ നിര്‍ത്തണമെങ്കില്‍ നിര്‍ത്തിക്കോളൂ.” തെയ്യുണ്ണി പറഞ്ഞു. “ഞാന്‍ നടന്നുകൊള്ളാം.”

ബാക്കി വഴി ഏതാണ്ട്‌ രണ്ടു നാഴികയാണ്‌. വിമാനത്താവളം വരെ കാറിലും, വീണ്ടും വിമാനത്താവളത്തില്‍ നിന്ന്‌ പഞ്ചനക്ഷത്ര ഹോട്ടലിലേയ്‌ക്കും മാത്രം സഞ്ചരിച്ചു ശീലിച്ച തെയ്യുണ്ണിക്ക്‌ ആ കാല്‍നടയോട്‌ അപ്രീതി തോന്നിയില്ല.

“വേണ്ട. പതുക്കെ പൂവാം, പിടിച്ചിരുന്നാല്‍ മതി.”

“ശരി.”

മേടും പള്ളവും നിറഞ്ഞ ആ വഴിയിലൂടെ ജീപ്പ്‌ സശ്രദ്ധം സഞ്ചരിച്ചു. വന്യമായ ആ മലയടിവാരത്തിലേക്ക്‌ തെയ്യുണ്ണി ആദ്യമായി കണ്ണും കാതും തുറന്നു. മലയില്‍ ആറ്റിത്തണുപ്പിച്ച വെയില്‌. ചുരത്തിലൂടെ മലവെള്ളം പോലെ ആര്‍ത്തിരമ്പി പാലക്കാട്ടേയ്‌ക്ക്‌ വീശുന്ന കിഴക്കന്‍ കാറ്റ്‌.

“ബടത്തെ മരോക്കെ പോയി, അല്ലേ, ഡ്രൈവറേ?” തെയ്യുണ്ണി ചോദിച്ചു.

“ ഒക്കെ വെട്ടി. ബടെ കാടായിരുന്നു. ഒര്‌ അഞ്ചുകൊല്ലം മുമ്പുവരെ. ആനയെറങ്ങും.”

അതെ, കഴിഞ്ഞ പ്രാവശ്യം താന്‍ വന്നപ്പോള്‍ ഈ വെട്ടുവഴിയുടെ ഇരുവശവും കൂറ്റന്‍ മരങ്ങളായിരുന്നു. തനിയ്‌ക്ക്‌ പേരറിയാതിരുന്ന കാട്ടുമരങ്ങള്‍. അവയുടെ മേലാപ്പുകളില്‍ നിന്ന്‌ ചീവീടുകളുടെ അക്ഷൗഹിണികള്‍ കിലുങ്ങിച്ചിലമ്പി. ആ യാത്രയെ തെയ്യുണ്ണി ഓര്‍മ്മിച്ചു. യൂറോപ്പിലൂടെ പര്യടനം നടത്തി ബോംബെയില്‍ തിരിച്ചെത്തിയ തന്നെ സ്വീകരിക്കാന്‍ വന്ന ഭാര്യ വിമാനത്താവളത്തില്‍ വെച്ചേ അറിയിച്ചു, “നാട്ടില്‍നിന്ന്‌ ഒരു കത്തുണ്ട്‌, കൈപ്പട കണ്ടിണ്ട്‌ ഏട്ടന്റെയാണെന്നു തോന്നുന്നു.”

“എന്താണാവോ വിശേഷം? നീ കത്തു പൊളിച്ചില്ലേ, ഫീബീ?”

“ഞാനങ്ങനെ ചെയ്യാറില്ലല്ലോ.”

ജുഹുവിലേയ്‌ക്കു കാറു നീങ്ങുമ്പോള്‍ സ്റ്റിയറിംഗിനു പുറകിലിരുന്ന ഫീബിയുടെ മുഖത്തേക്ക്‌ തെയ്യുണ്ണി ഇടംകണ്ണിട്ടു നോക്കി. ഒരു യവനശില്‍പ്പത്തെപ്പോലെ വടിവൊത്ത ആ മുഖത്തെച്ചുറ്റിക്കിടന്ന പൊന്‍മുടി ഇളംകാറ്റില്‍ പാറി. ഭര്‍ത്താവിന്റെ കത്തു പൊളിച്ചുനോക്കുക അവളുടെ സംസ്‌കൃതിയ്‌ക്കു ചേര്‍ന്നതല്ല. തന്നെ ആകര്‍ഷിച്ച മറ്റു പലതുമുണ്ടായിരുന്നു അവളുടെ സംസ്‌കൃതിയില്‍. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നുപറഞ്ഞ്‌ ഉദ്യാനത്തിലിരുന്ന്‌ കെട്ടിപ്പിടിച്ച്‌ ഉമ്മവെയ്‌ക്കാന്‍ ശ്രമിച്ചതിന്റെ ധൈര്യം, നാളെ, തങ്ങളുടെ ബന്ധം കയ്‌ച്ചു പോയെങ്കില്‍, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നില്ല, എനിക്ക്‌ വിവാഹമോചനം വേണം, എന്നു പറയാനുള്ള സത്യസന്ധത ഇതൊക്കെയായിരുന്നു തന്നെ ഉത്തേജിപ്പിച്ച വെല്ലുവിളി. സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ തന്റെ സഹപാഠിനിയായ ഫീബിയെ പ്രേമമാണെന്ന്‌ അച്ഛനെ അറിയിക്കാന്‍ നാട്ടിൽ വന്നത്‌ ഓര്‍ക്കുന്നു. അച്ഛന്‍ മുടക്കം പറഞ്ഞില്ല, ചിന്താമധുരമായി പുഞ്ചിരിക്കുകമാത്രം ചെയ്‌തു. അമ്മയാണു പറഞ്ഞത്‌, “ദേവകീടെ ജാതകം നോക്കിച്ചതായിരുന്നല്ലോ.”

ചാര്‍ച്ചയിലുള്ള ഒരു പെണ്‍കുട്ടിയാണ്‌ ദേവകി, ഉള്‍നാട്ടില്‍ കഴിയുന്ന ഒരിടത്തരം കൃഷിക്കാരന്റെ മകള്‍. ജാതകത്തോടുള്ള തന്റെ പുച്ഛം പുറത്തു കാണിക്കാതെ, താന്‍ അമ്മയെ സമാധാനിപ്പിച്ചു, “അത്രേല്ലേ ഉള്ളൂ, അമ്മേ? നമ്മള്‌ വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ.”

ഇത്തിരിനേരം ആരും ഒന്നും പറഞ്ഞില്ല. പിന്നെ അമ്മ പറഞ്ഞു, “വാക്കിനേക്കാള്‍ വല്യതല്ലേ ധാരണ? ദേവകി നിന്നെ മനസ്സുകൊണ്ട്‌ സ്വീകരിച്ച മട്ടാ.”

“ ആണ്‍കുട്ട്യോള്‍ടെ നിശ്ചയല്ലേ, മാധവി,” അച്ഛന്‍ പറഞ്ഞു.“ നീയെന്തിനാ വെറുതെ അതുമിതും പറയണത്‌?”

അമ്മ ഉള്‍വലിഞ്ഞു “ഞാനൊന്നും പറഞ്ഞില്യാ.”

“കുട്ടന്‍ അമ്മേടെ വേവലാതി സാരാക്കണ്ട. നെണക്ക്‌ ഈ ഫീബിയെ ഇഷ്‌ടായോ?”

ഇത്തിരി നാണത്തോടെ പറഞ്ഞു, “ആ.”

“നമ്മടെ ഈ പഴേ തറവാടിനെ ഒരമേരിയ്‌ക്കക്കാരിയ്‌ക്ക്‌ ഇഷ്‌ടാവ്വോ, കുട്ടാ?” അമ്മ ചോദിച്ചു.

“ എന്താ ഇഷ്‌ടാവാണ്ടേ?”

“ അതിനിപ്പൊ അവര്‌ ഈ പാലക്കാട്ട്‌ വന്ന്‌ താമസിക്കാന്‍ പോണ്‌ണ്ടോ?” അച്ഛന്‍ പറഞ്ഞു.

“ അപ്പൊ അച്ഛനും മകനും കൂടി അതും നിശ്ചയിച്വോ,” അമ്മ പറഞ്ഞു, “ബടെ താമസിയ്‌ക്കണ്ടാന്ന്‌?”

“ഞങ്ങള്‍ എവടെ താമസിച്ചാലും ഫീബി ഈ തറവാട്ടില്‍ വന്നതിന്റെ ശേഷേയുള്ളൂ, അമ്മേ.”

അമ്മയുടെ കണ്ണുകള്‍ നനയുന്നത്‌ താന്‍ കണ്ടു. ഫീബിയെ അനുഗ്രഹിക്കാനും ദേവകിയ്‌ക്ക്‌ ശിഷ്‌ടജീവിതത്തില്‍ ശാന്തിനേരാനും. കുറേ കഴിഞ്ഞ്‌ അമ്മ പറഞ്ഞു, “നെന്റെ തീരുമാനം മാറ്റാന്‍ അമ്മ പറയില്യ. പക്ഷേ നീ അച്ഛനെ നോക്ക്യോ, കുട്ടാ?”

“എന്തേ?”

“അച്ഛന്‍ എങ്ങനിരുന്നതാണെന്ന്‌ നെണക്ക്‌ ഓര്‍മ്മണ്ടോ? ആ തടിയ്‌ക്ക്‌ വയസ്സാവണൂ.”
പുഞ്ചിരിച്ചുകൊണ്ട്‌ അച്ഛന്‍ വീണ്ടും ഇടപെട്ടു, “ ന്തിനാ മാധവീ പിന്നീം അവന്റെ മനസ്സ്‌ വെഷമിപ്പിയ്‌ക്കണത്‌? അമ്മെന്തെങ്കിലും പറയണത്‌ നീ കണക്കാക്കണ്ട, കുട്ടാ.”

പ്രേമത്തിന്റെ പുതുമയിലും ദേവകിയുടെ അര്‍ത്ഥം ഗ്രാമ്യവും സാത്വികവുമായി തന്റെ ഉള്ളില്‍ നിറഞ്ഞു. സന്ധ്യയ്‌ക്ക്‌ തിണ്ണയടിച്ചുവാരി നിലവിളക്കു കാണിക്കുന്ന, പാലിലും പഴങ്കഞ്ഞിയിലും ചേര്‍ന്നുപോകുന്ന കര്‍ഷകവധു. അമ്മ പറഞ്ഞു, “ഒന്നേ ന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. നെന്റെ ഏട്ടത്തിയമ്മ കൈയും കാലും വയ്യാത്തോളാ. ദേവകിയായിരുന്നെങ്കില്‍ വയസ്സുകാലത്ത്‌ നെന്റെ അച്ഛനെ നോക്കുംന്ന്‌ ഒരു വിശ്വാസം.”

ഒന്നും പറഞ്ഞില്ല, അന്നും പിന്നീടും അതിനെക്കുറിച്ച്‌ തനിക്ക്‌ ഒന്നും പറയാന്‍ കഴിഞ്ഞിട്ടില്ല. കത്തു പൊളിക്കാന്‍ ശ്രമിച്ചിട്ടില്ലാതിരുന്ന ഫീബി ജുഹുവിലേക്കുള്ള പാതയിലൂടെ വിദഗ്‌ധമായി കാറോടിച്ചു… വിവാഹം കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്‌ സുഖമില്ലാതായപ്പോള്‍ ഫീബി ഉപദേശിച്ചു.“ നിങ്ങളുടെ കൊച്ചുപട്ടണം യഥാര്‍ഥത്തില്‍ ഒരു ഗ്രാമമാണ്‌. അവിടെ ചികിത്സാ സൗകര്യങ്ങളില്ല. ഏതെങ്കിലും നഗരത്തില്‍ ഒരു നല്ല ആശുപത്രിയില്‍ അദ്ദേഹത്തെ കൊണ്ടുചെന്നാക്കണം. അതിനുള്ള ചിലവ്‌ നമുക്ക്‌ താങ്ങാവുന്നതല്ലേയുള്ളൂ?” അച്ഛന്‌ മരിക്കാന്‍ ആവശ്യം സ്‌പര്‍ശവും സാമീപ്യവുമായിരുന്നു, ഇത്തിരി ഗംഗാതീര്‍ത്ഥവും. അതുമായി തനിച്ച്‌ നാട്ടിലേക്കു വന്നു. അച്ഛനെ യാത്ര അയച്ചു.

അമ്മയും തറവാട്ടില്‍ വച്ചാണ്‌ മരിച്ചത്‌. ഫീബി അന്ന്‌ വീണ്ടും സ്റ്റാന്‍ഫോര്‍ഡിലായിരുന്നു. അവിടെ നിന്ന്‌ ബോംബെയ്‌ക്ക്‌ ഔപചാരികമായ ഒരനുശോചനകമ്പിയയച്ചു തന്നു. അപ്പോള്‍ ദേവകിയുടെ അര്‍ത്ഥം ദുഃഖസാന്ദ്രമായി.

ജുഹുവില്‍ച്ചെന്ന്‌ ഏട്ടന്റെ കത്ത്‌ വായിച്ചു. “ എനിയ്‌ക്കിത്തിരി സുഖമില്ലാതിരിക്കുകയാണ്‌, കുട്ടാ. നിന്നെ അറിയിയ്‌ക്കാന്‍ വേണ്ടിമാത്രം എഴുതുകയാണ്‌. തിരക്കിന്നിടയില്‍ നീ ഈ മലമ്പ്രദേശം വരെ വരണമെന്ന്‌ ഞാനൊരിക്കലും പറയില്ല. നീ ഏട്ടനെ മനസ്സില്‍ കരുതിയാല്‍ മതി. കാണുന്നതിന്റെ ഫലമാണ്‌. ശ്രീകുമാരനെ ഞാന്‍ വിവരമറിയിച്ചിട്ടുപോലുമില്ല. ആകാംക്ഷ കൊണ്ട്‌ അച്ഛനെ കാണണമെന്ന്‌ അവനെങ്ങാനും നിശ്ചയിച്ചെങ്കിലോ എന്നു ഭയന്ന്‌. കേംബ്രിഡ്‌ജില്‍ നിന്നു വന്നുപോവുക എളുപ്പമല്ലല്ലോ. നിന്റെ ഏട്ടത്തിയമ്മ ഇപ്പോഴുമുണ്ടായിരുന്നെങ്കില്‍! വൃദ്ധമനസ്സിന്റെ ദൗര്‍ബ്ബല്യങ്ങള്‍….”

വലിയൊരു പള്ളം താണ്ടി ജീപ്പ്‌ അതിന്റെ കഠിനശ്രമം തുടര്‍ന്നു.

“ബുദ്ധിമുട്ടായില്യെ, ഡ്രൈവറേ?” തെയ്യുണ്ണി ആശ്വസിപ്പിച്ചു.

“ഏയ്‌, ഞങ്ങക്ക്‌ ഇതു തൊഴിലല്ലേ?

ഇനിയും ഒരു നാഴിക കാണും… ഏട്ടത്തിയമ്മ മരിച്ചശേഷമാണ്‌ ഏട്ടന്‍ ജോലി രാജിവച്ച്‌ ഈ മലമ്പ്രദേശത്തേയ്‌ക്ക്‌ താമസംമാറ്റാന്‍ നിശ്ചയിച്ചത്‌. ആ നിശ്ചയത്തെ തെയ്യുണ്ണി കഠിനമായി എതിര്‍ക്കുകയുണ്ടായി. ഏട്ടന്‌ ഇപ്രകാരം ഒരെഴുത്തെഴുതി, “പാലക്കാടന്‍ ചുരത്തില്‍ പുലിയും കാട്ടുപന്നിയും ശല്യപ്പെടുത്താവുന്നേടത്ത്‌, ഏട്ടന്‍ എന്താണ്‌ ചെയ്യാന്‍ പോകുന്നത്‌? മാത്രമല്ല, ഏട്ടന്‌ ഇനിയും ഒരു പത്തു വര്‍ഷമെങ്കിലും സേവനസാദ്ധ്യതയില്ലേ? ജോലിയില്‍നിന്നു പിരിഞ്ഞു കഴിഞ്ഞാലും ഒരു ന്യൂക്ലിയര്‍ ഫിസിസിസ്റ്റിന്‌ എന്തൊക്കെയോ ചെയ്യാന്‍ കിടക്കുന്നു….”

ഏട്ടന്റെ മറുപടി വന്നു, “ സമൂഹത്തിനും കുടുംബത്തിനും കൊടുക്കാനുള്ള കടങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്‌. ആ കടങ്ങള്‍ എന്റെ പ്രാപ്‌തിയ്‌ക്കനുസൃതമായി ഞാന്‍ വീട്ടിക്കഴിഞ്ഞെന്നു തോന്നുന്നു. ഇനി എനിക്ക്‌ മറ്റു ചില കടപ്പാടുകളുണ്ട്‌. അതു കൊടുത്തുതീര്‍ക്കാനാണ്‌ ഞാന്‍ മലയടിവാരത്തില്‍ താവളം തേടുന്നത്‌… ?

ആ കടപ്പാടുകളെന്തെന്ന്‌ ഏട്ടന്‍ പറഞ്ഞില്ല, തെയ്യുണ്ണി ചോദിച്ചതുമില്ല. സൗമ്യനായ ഏട്ടന്‍ ഏറെ ചിന്തിച്ചേ എന്തെങ്കിലും തീരുമാനിക്കൂ, തീരുമാനിച്ചു കഴിഞ്ഞാലാകട്ടെ അതിലനിന്നു പിന്തിരിയ്‌ക്കുക ശ്രമകരവും. ഏട്ടന്‍ തൻ്റെ പുതിയ താവളത്തെക്കുറിച്ച്‌ വീണ്ടും എഴുതി. നിരത്തുവിട്ട്‌ ഒരു നാലു നാഴിക ഉള്ളോട്ടുചെന്നാല്‍ കാടിനു പുറത്തു കിടന്ന ഫലവത്തായ മണ്ണാണ്‌. അവിടെ തെങ്ങും കായ്‌കറിയും മാവും പ്ലാവും ഒക്കെ നിറഞ്ഞ രണ്ടേക്കര്‍ നിലത്തില്‍ ഏട്ടന്‍ ഒരു ചെറിയ വീട്‌ പണിഞ്ഞു. മണ്‍ചുമരും മരക്കഴുക്കോലും ഓടും കാവിമിനുക്കിയ തറയും പിന്നെയും ഒട്ടുദൂരം പോണം അടുത്ത ഊരെത്താന്‍. എന്നാല്‍ അതിനിടയ്‌ക്ക്‌ പൊന്നുസ്വാമിയെന്ന കൃഷിക്കാരന്‍ കുടിലു കെട്ടിപ്പാര്‍ത്തിരുന്നു. എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ പൊന്നുസ്വാമിയെ വിളിക്കാം. അതൊഴിച്ചാല്‍ മലയടിവാരത്തില്‍ ഏട്ടന്‍ തനിച്ച്‌, ആ തപസ്യയുടെ പൊരുളറിയാതെ മനംമടുത്ത്‌ തെയ്യുണ്ണി അതിനെ വിസ്‌മരിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. എന്നാല്‍, പൊട്ടിക്കാതെ ഫീബി തന്റെ കൈയിലേല്‍പ്പിച്ച കത്തു വായിച്ചപ്പോള്‍ ആ മലയടിവാരം വരെ ചെല്ലണമെന്ന്‌ തിടുക്കം തോന്നി.

“ഞാന്‍ അവിടെചെന്ന്‌ വിവരങ്ങള്‍ അറിയട്ടെ, ഫീബി.”

“എന്താണ്‌ ആ സ്ഥലത്തിന്റെ പേര്‌? കഞ്ചിക്കോട്‌ അല്ലേ?”

“അതെ.”

“മലയടിവാരമാണെന്ന്‌ ഏട്ടന്‍ പണ്ട്‌ എനിക്കെഴുതിയിരുന്നു. മലകള്‍ കാണാന്‍ എന്നെ ക്ഷണിച്ചതായിരുന്നു.”

“ഞാനോര്‍ക്കുന്നു.”

“വിനോദവാസത്തിന്‌ പറ്റിയ സ്ഥലമായിരിക്കണം. പക്ഷേ, അവിടെ രോഗംപിടിച്ചു കിടക്കുന്നത്‌ ആപല്‍ക്കരം. ഇങ്ങോട്ടു കൊണ്ടുവരൂ. ഇവിടെ ജെസ്‌ലോകിലോ മറ്റോ ഏട്ടനെ ചികിത്സിപ്പിക്കാം.”

ഫീബി ചികിത്സാനിര്‍ദ്ദേശം ആവര്‍ത്തിയ്‌ക്കുകയാണ്‌. ഇതിനുമുമ്പു തന്ന നിര്‍ദ്ദേശം ഓര്‍ത്ത്‌ തെയ്യുണ്ണി അസ്വസ്ഥനായി.

“ഏട്ടൻ്റെ മനസ്സെന്തെന്ന്‌ നിര്‍ണയിക്കുക സാധ്യമല്ല, ഫീബി. ഞാന്‍ അവിടംവരെ ഒന്നു ചെന്നുനോക്കട്ടെ.”

അങ്ങനെ പത്തുകൊല്ലം മുമ്പ്‌ ഇവിടെ ആദ്യമായി വന്നതാണ്‌. ഏട്ടന്റെ ശരീരസ്ഥിതിയിലും ഏകാന്തവാസത്തിലുമുള്ള ആകാംക്ഷ മാത്രമായിരുന്നില്ല, ആ അകാലതപസ്യയെക്കുറിച്ച്‌ കയര്‍ക്കാനുമായിരുന്നു തെയ്യുണ്ണി യാത്ര നിറവേറ്റിയത്‌. കോയമ്പത്തൂരില്‍ വിമാനമിറങ്ങി ഒരു കാര്‍ വാടകയ്‌ക്കെടുത്ത്‌ കഞ്ചിക്കോട്ടേക്കു തിരിക്കുമ്പോള്‍ പരിഭവത്തിന്റെ അക്ഷമയായിരുന്നു മനസ്സില്‍ നിറയെ. വെട്ടുവഴിയുടെ പള്ളവും മേടും കണ്ട്‌ നിരുത്സാഹപ്പെട്ട ഡ്രൈവറോട്‌ കയര്‍ക്കാന്‍ തെയ്യുണ്ണിക്ക്‌ ഏറെ പ്രകോപനം വേണ്ടിവന്നില്ല.

“ഈ വഴിക്ക്‌ ഓടിച്ചാല്‍ വണ്ടിയുടെ ആക്‌സില്‌ പൊട്ടും,” തമിഴനായ ഡ്രൈവര്‍ പിണങ്ങി.

“തന്റെ വണ്ടിയ്‌ക്ക്‌ എന്താ വില?” തെയ്യുണ്ണി കയര്‍ത്തു.

“അയ്യോ സാറെന്താണ്‌ ഇങ്ങനെ പറയുന്നത്‌?”

“വണ്ടിയൊടിഞ്ഞാല്‍ ഒടിയട്ടെ. ഞാനതിന്റെ വില തരാം. ഓടിയ്‌ക്ക്‌.”

കാറില്‍നിന്നിറങ്ങി പടികയറിയപ്പോള്‍ പ്രസാദവാനായി തോട്ടത്തില്‍ ചുറ്റിനടക്കുന്ന ഏട്ടനെയാണ്‌ കണ്ടത്‌.

“നീ എന്തിനാ കുട്ടാ വന്നത്‌?” ഏട്ടന്‍ ആ യാത്രയുടെ ശ്രമത്തെ ഗുണദോഷിച്ചു.

“ഏട്ടന്‌ അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ. കാട്ടില്‍ താമസിക്ക്യാ, സൂക്കടാവ്വാ, കത്തെഴുതാ. പിന്നെ ഞങ്ങളെങ്ങനെ വരാണ്ടിരിയ്‌ക്കും?”

“വരൂ”

ആ ചെറിയ വീട്ടിനകത്തു കയറി, അതൃപ്‌തിയോടെ തെയ്യുണ്ണി ചുറ്റുംനോക്കി. “എന്തിനാ ഏട്ടന്‍ ഇത്‌ സ്വയം ഏല്‌പിച്ചത്‌,” അയാള്‍ ചോദിച്ചു: “ഈ ശിക്ഷ?”

“എന്നെ കണ്ടാല്‍ ഇത്‌ ശിക്ഷയാണെന്ന്‌ തോന്ന്‌ണ്‌ണ്ടോ?”

രണ്ടുപേരും കുറേനേരം ഒന്നും പറഞ്ഞില്ല. പിന്നെ തെയ്യുണ്ണി ചുറ്റും നോക്കി. “വയ്യാതിരുന്നപ്പൊ ഏട്ടനെ ആരാ ചികിത്സിച്ചേ?”

“ചികിത്‌സ്യോ? ആരും ചികിത്‌സിച്ചില്ല.”

“ഞാനെന്താ ഇതിന്‌ പറേണ്ടെ?”

ഏട്ടന്‍ പുഞ്ചിരിച്ചു. “കുട്ടന്‌ മനസ്സിലാവ്‌ണില്യ, ല്ലേ?”

“ഏട്ടന്‍ ആഹാരത്തിന്‌ എന്താ ചെയ്യാ?”

“പൊന്നുസ്വാമിയുടെ ഭാര്യേ വരാന്‍ പറഞ്ഞിട്ടുണ്ട്‌. നിന്റെ വരവ്‌ പ്രമാണിച്ച്‌. എന്റെ ഭക്ഷണം ഇതാ ഇത്രയേയുള്ളൂ….”

ഈ കുട്ടയില്‍ രണ്ട്‌ ഇളനീര്‍ തൊണ്ടുകള്‍ കിടന്നു. ഇതിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ ഏട്ടന്‍ പറഞ്ഞു. “എന്റെ പ്രാതലാ. ഇനി രാത്രീം രണ്ടെണ്ണം.”

“ഇതാണോ ഭക്ഷണം?”

“ഭക്ഷണം മാത്രമല്ല. ഔഷധോം.”

രാത്രിയിരുട്ടിയപ്പോള്‍ തെയ്യുണ്ണി ചോദിച്ചു. “ഏട്ടാ, കള്ളന്മാര്‌ വന്നാലോ?”

ഏട്ടന്‍ പൊട്ടിച്ചിരിച്ചു, “നാലു വെള്ളമുണ്ടും നാല്‌ മേല്‌മുണ്ടും രണ്ടു തോര്‍ത്തും കുറെ മണ്‍കലവും, ഇതാ ഈ വീട്ടിലാകെ. കള്ളന്‍ സ്വതേ ശാന്തനാ, നമ്മുടെ ദുരാഗ്രഹം കൊണ്ടാ അവന്‍ അതുമിതും ചെയ്യുന്നത്‌.”

ഊണു കഴിച്ച്‌ പായ വിരിച്ച്‌ ഉറങ്ങാന്‍ കിടന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി എയര്‍ക്കണ്ടീഷണറില്ലാതെ ഉറങ്ങുകയാണ്‌. പുറത്ത്‌ കാറ്റിന്റെ ഗാഢമായ ശബ്‌ദം.

ചുരത്തിലൂടെ കടലേറ്റംപോലെ കിഴക്കന്‍ കാറ്റ്‌ തിരതല്ലി.

“കുട്ടാ”

“എന്തേ, ഏട്ടാ?”

“നീ ഈ ശബ്‌ദം കേക്കണ്‌ണ്ടോ?”

“കേക്ക്‌ണ്‌ണ്ട്‌, എന്തേ?”

ഇരുട്ടത്ത്‌ ഏട്ടന്‍ ചെറ്റിട നിശബ്‌ദനായി. പിന്നെപ്പറഞ്ഞു. “ഇല്യ, നീയത്‌ കേള്‍ക്കണ്‌ല്യ.”

ഏട്ടന്റെ വനവാസത്തില്‍ അതൃപ്‌തനായിത്തന്നെയാണ്‌ തിരിച്ചുപോയത്‌. പോകുമ്പോള്‍ ഏട്ടന്‍ പറഞ്ഞു. “എനിയ്‌ക്കൊര്‌ തെറ്റ്‌ പറ്റിയതാ, കുട്ടാ, ഒരു ദൗര്‍ബല്യം, സൂക്കടായപ്പൊ എഴുതാന്‍ തോന്നി. ഇനി ഞാനങ്ങനെ ശല്യപ്പെട്‌ത്തില്യ. ഈ മലയടിവാരത്തിന്‌ ഭേദമാക്കാന്‍ വയ്യാത്ത സൂക്കട്‌ണ്ടോ? ണ്ടെങ്കില്‍ അത്‌ മനുഷ്യന്‍ ഭേദാക്ക്യാല്‍ ഭേദാവ്വോ?”

അങ്ങിനെ പിരിഞ്ഞിട്ട്‌ പത്തുകൊല്ലം കഴിഞ്ഞാണ്‌ വീണ്ടും ഈ യാത്ര വരുന്നത്‌. ഫീബി ഇന്ന്‌ തൻ്റെ ഒരുമിച്ചില്ല. നാം തമ്മിലുള്ള സ്‌നേഹം ഉറഞ്ഞ്‌ അവസാനിച്ചുപോയി എന്നു പറയാനുള്ള സത്യസന്ധത അവള്‍ കാണിച്ചിരുന്നു. തെയ്യുണ്ണി ബോംബെയില്‍ നിന്നു വിമാനം കയറിയില്ല. മറ്റസംഖ്യം മനുഷ്യരുടെ കൂടെ പാലക്കാട്ടേക്ക്‌ വണ്ടി കയറി. തൻ്റെ കുട്ടിക്കാലത്തെന്നപോലെ, രണ്ടാം ക്ലാസ്സ്‌ മുറിയില്‍. രണ്ടു ദിവസത്തെ യാത്ര. ജനാലയില്‍ സാവകാശം നീങ്ങി മറയുന്ന കുന്നും മേടും പുഴയും ഗ്രാമവും, അങ്ങിനെ പാലക്കാടെത്തി. പഴയ തറവാട്ടുവീട്‌ ഇന്നില്ല. ഒരു ഹോട്ടലില്‍ രാത്രി വിശ്രമിച്ചശേഷം പിറ്റേന്ന്‌ കഞ്ചിക്കോട്ടേക്കു പുറപ്പെട്ടു. പത്തുകൊല്ലം മുമ്പത്തെ ആ യാത്രയുടെ പരുഷതയില്ല ഈ യാത്രയ്‌ക്ക്‌. തന്നിലെ സൗമ്യത സഹയാത്രികരിലും നീങ്ങി മറയുന്ന പ്രകൃതിദൃശ്യത്തിലും വ്യാപരിച്ചതുപോലെ തെയ്യുണ്ണിക്കു തോന്നി. പാലക്കാട്ടു നിന്ന്‌ ജീപ്പോടിച്ച ഡ്രൈവറെപ്പോലും അത്‌ സൗമ്യമൂര്‍ത്തിയാക്കി.

“വെഷമിച്ചോ, ഡ്രൈവറേ?”

“ഞങ്ങക്ക്‌ ഇതി പരിചയല്ലേ? സാറിനെയോര്‍ത്താ വെഷമം.”

അകലെ ഏട്ടന്റെ വേലിയും പടിയും പ്രത്യക്ഷപ്പെട്ടു.

“ഡ്രൈവറേ, ദാ അവട്യാ.”

“ഒറ്റപ്പെട്ട സ്ഥലം, അല്ലേ സാറേ?”

“അതെ”

പൊന്നുസ്വാമി തൊടിയിലുണ്ടായിരുന്നു. അയാള്‍ തെയ്യുണ്ണിയെ എതിരേല്‍ക്കാനായി പടിയ്‌ക്കലേക്കിറങ്ങി വന്നു. രണ്ടുപേരും മുഖത്തോടുമുഖം നോക്കി നിന്നു. പിന്നെ പൊന്നുസ്വാമി കണ്ണുതുടച്ചു.

“കമ്പിയടിയ്‌ക്കരുതെന്ന്‌ അദ്ദേഹം പറഞ്ഞതനുസരിച്ചാണ്‌ ഞാന്‍ കത്തെഴുതിയത്‌,” പൊന്നുസ്വാമി പറഞ്ഞു. “ ക്ഷമിക്കണം.”

“ഏട്ടന്റെ ആഗ്രഹം നിങ്ങള്‍ മാനിച്ചതല്ലേ? എനിക്കതു മനസ്സിലാക്കാം.”

പൊന്നുസ്വാമി തൊടികയിലേയ്‌ക്കു നടന്നു. തെയ്യുണ്ണി പുറകെയും. തൊടികയുടെ അറ്റത്തു ചെത്തി നിരപ്പാക്കിയ ഇത്തിരി സ്ഥലത്ത്‌ ഒരു തുളസിച്ചെടി പതുക്കെ വേരു പിടിക്കുകയായിരുന്നു. അതിനു ചുറ്റും വെണ്ണീര്‍പ്പാടുകള്‍ അങ്ങിങ്ങു പറ്റി നിന്നു.

“ ഇവിടെയാണ്‌,” പൊന്നുസ്വാമി പറഞ്ഞു. തെയ്യുണ്ണി ആ മണ്ണുതൊട്ട്‌ നെറുകയില്‍ വച്ചു.

“ അസ്ഥി പേരൂരിലാണ്‌ ഒഴുക്കിയത്‌. ഇനി വല്ല കര്‍മ്മങ്ങളും ചെയ്യാനുണ്ടെങ്കില്‍ അങ്ങയുടെ തൃപ്‌തിപോലെ, പക്ഷേ…”

“ എന്താണ്‌, പൊന്നുസ്വാമി?”

“കര്‍മ്മങ്ങളൊന്നും ആവശ്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എനിയ്‌ക്ക്‌ പഠിപ്പില്ല, ഏതോ പുണ്യാവസ്ഥയെക്കുറിച്ച്‌ അദ്ദേഹം പറയുകയാണെന്നേ ഞാന്‍ ധരിച്ചുള്ളൂ.”

“ അതുതന്നെയാണ്‌. ശരിയായ ധാരണ.”

“ശ്രീകുമാരന്‍ വരുമോ?

“ബോംബെയില്‍ നിന്ന്‌ ഞാനവനെ ടെലിഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. അവന്‍ വരുന്നില്ല. അവന്‍ ഒരു കാര്യം അറിയിച്ചിരിക്കുന്നു. ഈ പുരയും പറമ്പും പൊന്നുസ്വാമിയോട്‌ എടുത്തുകൊള്ളാന്‍.”

സൗമ്യവിരക്തിയില്‍ പൊന്നുസ്വാമി കൈകൂപ്പി, “എന്നോട്‌, അദ്ദേഹവും അങ്ങിനെ പറഞ്ഞതാണ്‌, ഞാന്‍ അങ്ങയെ അറിയിച്ചില്ലെന്നേയുള്ളൂ.

പക്ഷേ, എനിയ്‌ക്ക്‌ ഇതൊന്നും വേണ്ട. അങ്ങേയ്‌ക്കോ ശ്രീകുമാരനോ ഇതെടുത്ത്‌ വില്‍ക്കാമല്ലോ.”

“ഏട്ടന്റെ ആഗ്രഹമല്ലേ? പൊന്നുസ്വാമി അതിനെ മാനിക്കൂ.”

“ എന്നാല്‍, ഹിതം പോലെ.”

“പൊന്നുസ്വാമിക്ക്‌ മക്കളെത്രയാണ്‌?”

“നാല്‌.”

“നല്ലത്‌. അവര്‍ക്ക്‌ നിറഞ്ഞ്‌ വളരാന്‍ ഇതൊരിടമാകട്ടെ.”

പൊന്നുസ്വാമി വീണ്ടും തൊഴുതു, “ എന്നെങ്കിലും അങ്ങേയ്‌ക്ക്‌ ഇവിടെ വന്ന്‌ താമസിയ്‌ക്കണമെന്ന്‌ തോന്നിയാല്‍ ഞാനും എന്റെ മക്കളും സ്ഥലമൊഴിഞ്ഞു തരും.”

“ അങ്ങിനെയൊരാവശ്യം വരില്ലാ പൊന്നുസ്വാമീ.”

ഇവിടെത്താമസിയ്‌ക്കാന്‍ ഞാനര്‍ഹനല്ല. തെയ്യുണ്ണി സ്വയം പറഞ്ഞു…. അവര്‍ തൊടിയില്‍ നിന്ന്‌ തിരിച്ചു വീട്ടില്‍ കയറി.

“അങ്ങ്‌ വിശ്രമിയ്‌ക്കൂ.” പൊന്നുസ്വാമി പറഞ്ഞു. “ ഞാനൊരു ഇളനീര്‌ വെട്ടിക്കൊണ്ടു വരാം.”

“പുറത്ത്‌ വണ്ടിയില്‍ ഡ്രൈവറുണ്ട്‌. അയാളെ അകത്തേയ്‌ക്ക്‌ വിളിയ്‌ക്കൂ. അയാളും ദാഹം തീര്‍ത്തുകൊള്ളട്ടെ.”

“അങ്ങിനെയാവട്ടെ.”

ഡ്രൈവര്‍ അകത്തു വന്നു.

“ഡ്രൈവര്‍ ഇരിയ്‌ക്കൂ,” തെയ്യുണ്ണി പറഞ്ഞു.

ഇളനീരു കൊണ്ടുവന്ന പൊന്നുസ്വാമിയോട്‌ തെയ്യുണ്ണി പറഞ്ഞു, “ഇനി പൊന്നുസ്വാമിക്ക്‌ പോകാം.”

പൊന്നുസ്വാമി വിടവാങ്ങി. തെയ്യുണ്ണി ഡ്രൈവറോടു പറഞ്ഞു. “ഡ്രൈവര്‍ക്ക്‌ ഇന്നിവടെ നിക്കാന്‍ പറ്റ്വോ?”

മൗനത്തിലൂടെ വിസമ്മതം പ്രകടിപ്പിച്ചുകൊണ്ട്‌ ഡ്രൈവര്‍ ഇരുന്നു.

“ പൊറപ്പെടുമ്പൊ നിരീച്ചതല്ല,” തെയ്യുണ്ണി പറഞ്ഞു.“ ഇത്‌ ഏട്ടന്റെ വീടാ, ഏട്ടന്‍ മരിച്ചിട്ട്‌ ഞാന്‍ വരാ… മരിയ്‌ക്കണേന്റെ മുമ്പ്‌ കാണാമ്പറ്റീല്യ.”

ഡ്രൈവര്‍ ശ്രദ്ധാലുവായി.

തെയ്യുണ്ണി തുടര്‍ന്നു, “ന്ന്‌ ഇവിടെ അന്തിയൊറങ്ങണം ന്ന്‌ ഒരാഗ്രഹം.”

മൗനത്തിലൂടെ തന്നെ ഡ്രൈവറുടെ വിസമ്മതം അലിഞ്ഞു. ദുഃഖം പങ്കിടുന്ന ഒരു ബന്ധുവിനെപ്പോലെ അയാള്‍ തെയ്യുണ്ണിയുടെ മുമ്പില്‍ ഇരുന്നു. പിന്നെയും പറഞ്ഞു, “നിക്കാം.”

“നിക്കണേന്‌ ഡ്രൈവര്‍ക്ക്‌ എന്താ വേണ്ടെച്ചാല്‍ തരാം.”

“ഒന്നും വേണ്ട.”

മലമുടികളില്‍ നേരം ചുകന്നു താണു, ഇരുണ്ടു. ഉള്‍മുറിയില്‍ച്ചെന്ന്‌ ഏട്ടന്റെ മരപ്പെട്ടി തുറന്നുനോക്കി. അലക്കിവെച്ച മൂന്നു വെള്ളമുണ്ടും മൂന്നു മേല്‍മുണ്ടും ഒരു തുവര്‍ത്തും അതില്‍ക്കിടന്നു. അതിലേക്ക്‌ തെയ്യുണ്ണിയുടെ കണ്ണുനീരിറ്റി. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഖേദമുണ്ടായിരുന്നില്ല. സംതൃപ്‌തമായ ദുഃഖം മാത്രം. സ്‌നേഹത്തിന്റെയും പരമ്പരയുടെയും നിറവ്‌. വംശകഥയുടെ ബാല്യസ്വപ്‌നങ്ങളില്‍ ഉറങ്ങി, പാതിരായ്‌ക്ക്‌ ഉറക്കം ഞെട്ടിയുണര്‍ന്നു കിടന്നു. ചുരത്തില്‍ കാറ്റു നിറഞ്ഞു. ഇന്നു രാത്രിയേ ഞാന്‍ ആ സംഗീതത്തിന്റെ `ഗ’കാരം ചെകിടോര്‍ക്കൂ. ഈ രാത്രി താണ്ടിയാല്‍ വീണ്ടും നഗരത്തിലേക്കുള്ള യാത്രയാണ്‌. തസ്‌ക്കരനെ വാല്‍മീകിയാക്കിയ ഏട്ടന്റെ കരുണ ആ കാറ്റില്‍ നിറഞ്ഞു. രോഗങ്ങള്‍ ശമിപ്പിച്ച, പ്രയാണത്തിന്റെ അന്തിമശമനം കുറിച്ച, ഏതോ ധന്വന്തരത്തിന്റെ മന്ത്രങ്ങള്‍. സന്തതിയുടെ പിഞ്ചു ശബ്‌ദങ്ങള്‍, ശ്രാദ്ധസ്വരങ്ങള്‍. ഈ ഒരു രാത്രി ഒരായുഷ്‌ക്കാലത്തിന്റെ പൂര്‍ണ്ണിമയാണ്‌.

അതു കാതറിഞ്ഞ്‌ തെയ്യുണ്ണി പുലരാനുറങ്ങി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *