#ഓർമ്മ
അയ്യാ വൈകുണ്ട സ്വാമികൾ.
കേരള നവോത്ഥാനത്തിൻ്റെ ആദ്യപഥികൻ എന്ന് വിശേഷിപ്പിക്കാവുന്ന അയ്യാ വൈകുണ്ടരുടെ ( 1809- 1851) ചരമവാർഷികദിനമാണ്
ജൂൺ 3.
തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിൽ ഒരു നാടാർ കുടുംബത്തിലാണ് ജനിച്ചത്. ജന്മസ്ഥലം ഇന്ന് ഈ മഹാൻ്റെ ഓർമ്മക്ക് സ്വാമിത്തോപ്പ് എന്ന് അറിയപ്പെടുന്നു.
മാതാപിതാക്കൾ ഇട്ട പേര് മുത്തു പെരുമാൾ എന്നായിരുന്നു. സവർണ്ണരുടെ എതിർപ്പിനെ തുടർന്ന് പേര് മുത്തുക്കുട്ടി എന്നാക്കി.
സമുദായ ഉന്നമനത്തിനായി ജനിച്ച അവതാരമാണ് താൻ എന്ന് അദ്ദേഹം വിശ്വസിച്ചു.
മനുഷ്യരെല്ലാവരും സമന്മാരാണ് എന്ന് അദ്ദേഹം പ്രസംഗിച്ചു.
1836ൽ സമത്വസമാജം സ്ഥാപിച്ച് ഊഴിയം വേല എന്ന നിർബന്ധിത തൊഴിൽ സമ്പ്രദായത്തിന് എതിരെ ശബ്ദമുയർത്തി. വേല ചെയ്താൽ കൂലി കിട്ടണം എന്ന് ആവശ്യപ്പെടാൻ അധസ്ഥിത വിഭാഗങ്ങളിൽപെട്ട തൊഴിലാളികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വിവിധ ജാതികളിൽ പെട്ട ആളുകളെ ഒന്നിച്ചിരുത്തി അക്കാലത്ത് പന്തി ഭോജനം നടത്താൻ ധൈര്യം കാണിച്ച പുരോഗമനവാദിയാണ് അയ്യാ വൈകുണ്ടർ.
സ്വാതി തിരുനാൾ മഹാരാജാവിനെ നീചൻ എന്ന് വിശേഷിപ്പിച്ചതിൻ്റെ പേരിൽ 110 ദിവസം തടവിലും കഴിഞ്ഞു .
വൃദ്ധജനങ്ങൾക്കായി നിശാപഠനശാലകൾ അദ്ദേഹം സ്ഥാപിച്ചു.
തൻ്റെ ശിഷ്യർക്കായി പതികൾ എന്ന ആരാധനാലയങ്ങൾ അദ്ദേഹം സ്ഥാപിച്ചു. അവ പിന്നീട് നിഴൽ താങ്കൾ എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളായി മാറി. വിഗ്രഹങ്ങൾക്ക് പകരം കണ്ണാടി പ്രതിഷ്ഠ ആദ്യമായി നടത്തിയത് അയ്യാ വൈകുണ്ട സ്വാമികളാണ്.
ജാതി ഒൻ്റ്, മതം ഒൻ്റ്, ദൈവം ഒൻ്റ് എന്ന് ആദ്യമായി പ്രഘോഷിച്ച നവോത്ഥാന നായകനാണ് അയ്യാ വൈകുണ്ട സ്വാമികൾ.
– ജോയ് കള്ളിവയലിൽ.


