സർദാർ കെ എം പണിക്കർ

#ഓർമ്മ

സർദാർ കെ എം പണിക്കർ.

സർദാർ കെ എം പണിക്കരുടെ (1895-1963) ജന്മവാർഷികദിനമാണ്
ജൂൺ 3.

കുട്ടനാട്ടിലെ കർഷകപ്രമാണിമാരായ ചാലയിൽ കുടുംബത്തിൽ, തിരുവിതാംകൂറിൽ ജനിച്ച കാവാലം മാധവ പണിക്കർ, ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ എം എ യും ലണ്ടനിൽ നിന്ന് ബാരിസ്റ്റർ പരീക്ഷയും പാസായി അലിഗർ യൂനിവേഴ്സിറ്റിയിൽ പ്രൊഫസറായി. കൽക്കത്ത യൂണിവേഴ്സിറ്റിയിലും പിന്നീട് പ്രൊഫസറായി. 1925ൽ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൻ്റെ എഡിറ്ററായി.
അടുത്ത സേവനരംഗം പട്യാല, ബീക്കാനീർ നാട്ടുരാജ്യങ്ങളുടെ ദിവാൻ എന്ന നിലയിലായിരുന്നു. രാജാക്കന്മാരുടെ സംഘടനയായ നരേന്ദ്രമണ്ഡലത്തിൻ്റെ സെക്രട്ടറിയായിരുന്ന പണിക്കർക്ക് സർദാർ എന്ന ബഹുമതി നൽകിയത് പട്യാല മഹാരാജാവാണ്.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ചൈന( 1950-52), ഈജിപ്റ്റ് (1952-54) ഫ്രാൻസ് (1956-59) രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായി പ്രവർത്തിച്ചു. മൈസൂർ, കശ്മീർ സർവകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ച പണിക്കർ, രാജ്യസഭ എം പിയായും സേവനം ചെയ്തു.
കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ മലയാളത്തിലും ഇംഗ്ലീഷിലുമായി 50 പുസ്തകങ്ങൾ രചിച്ച സർദാർ പണിക്കരാണ്.
ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനസംഘടനക്കായുള്ള കമ്മീഷൻ അംഗം എന്ന സുപ്രധാന ചുമതലയും ഈ മഹാനായ മലയാളി വഹിച്ചിട്ടുണ്ട്.

മകളുടെ ഭർത്താവ് എം എൻ ഗോവിന്ദൻ നായരുടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്താനായി തമിഴു ഭൂരിപക്ഷമുള്ള തെക്കൻ തിരുവിതാംകൂർ മദ്രാസ് സംസ്ഥാനത്തിൽ ചേർത്തു എന്ന നട്ടാൽ കുരുക്കാത്ത നുണയും അദ്ദേഹത്തിൻ്റെ പേരിൽ പിൽക്കാലത്ത് ആരോപിക്കപ്പെട്ടു.
അംബാസഡറായിരിക്കെ, ചൈന ഒരിക്കലും ഇന്ത്യയെ അക്രമിക്കില്ല എന്ന പണിക്കർ കൊടുത്ത റിപ്പോർട്ട് പ്രധാനമന്ത്രി നെഹ്റു വിശ്വസിച്ചതാണ് 1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ തോൽക്കാൻ കാരണം എന്ന ആരോപണവും പണിക്കരുടെ ചുമലിൽ ചാർത്തപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *