ലോക സൈക്കിൾ ദിനം

#ഓർമ്മ
#കേരളചരിത്രം

ലോക സൈക്കിൾ ദിനം.

ജൂൺ 3 ലോക സൈക്കിൾ ദിനമാണ്.

സൈക്കിളിൻ്റെ ഏറ്റവും നല്ല വിശേഷണം, Simple, Affordable, Clean, Environment friendly, and Sustainable means of Transportation എന്നാണ്.

50 കൊല്ലം മുൻപുവരെ നമ്മുടെ നാട്ടിൽ സൈക്കിളിന് ഇപ്പോൾ കാറിനുള്ള സ്ഥാനമായിരുന്നു. ധനികർക്ക് മാത്രമേ സ്വന്തം സൈക്കിൾ കാണൂ. പക്ഷേ ടാക്സി പോലെ സൈക്കിൾ വാടകക്ക് കിട്ടും.
30 കൊല്ലം മുൻപു വരെ സൈക്കിളിന് രെജിസ്ട്രേഷൻ നിർബന്ധമായിരുന്നു. ലൈറ്റ് ഇല്ലാതെ രാത്രിയിൽ പോകുന്നവരെ പിടിക്കുന്നതായിരുന്നു പോലീസുകാരുടെ ഇഷ്ടവിനോദം.
അപ്പന്റെ സൈക്കിളിന്റെ പുറകിലിരുന്നു യാത്രചെയ്യുന്നതാണ് കുട്ടിക്കാലത്തെ ഏറ്റവും ആനന്ദകരമായ ഒരു കാര്യം.
അപ്പനാണെങ്കിൽ നടക്കുന്നതാണ് ഇഷ്ടം. എന്നും 2 കിലോമീറ്റർ അകലെ പള്ളിയിൽ പോകുന്നത് നടന്നാണ്. വൈകുന്നേരം അമ്മയെ കാണാൻ 8 കിലോമീറ്റർ അകലെ വിളക്കുമാടത്തിനു നടന്നുപോയി തിരിച്ചുവരാൻ ഇച്ചാച്ചന് ഒരു ബുദ്ധിമുട്ടുമില്ല.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അപ്പൻ സൈക്കിളോടിക്കാൻ അനുവാദം തന്നു. പല പ്രാവശ്യം മറിഞ്ഞുവീണു തൊലി പോയെങ്കിലും ഇതിൽപ്പരം സന്തോഷമില്ല. ചേറ്റുതോട്ടുനിന്ന് വിളക്കുമാടത്തൊക്കെ പോയി തേങ്ങാ ഇടീക്കാനും മറ്റും സൈക്കിളിൽ പോകും.
നന്നാക്കാൻ 8 കിലോമീറ്റർ അകലെ തിടനാട്ടാണ് ഒരു കൊല്ലൻ ഉള്ളത്. അത്രയും ദൂരം സൈക്കിളും തള്ളി പോകാൻ അന്ന് ഒരു പ്രയാസവും തോന്നിയിട്ടില്ല.
എന്റെ മകന്റെയും മകളുടെയും സൈക്കിളുകൾ അവർ കോളേജിൽ എത്തിയപ്പോൾ ജോലിക്കാർക്ക് സംഭാവനചെയ്തു. പിന്നീട് അന്വേഷിച്ചപ്പോൾ കിട്ടിയവർ അത് മറിച്ചുവിറ്റു കഴിഞ്ഞു. അവർക്കും ബൈക്ക് മതി.
തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ സൈക്കിളിൽ സഞ്ചരിക്കുന്ന കവിയും അധ്യാപകനുമായ വിഷ്ണുനാരായണൻ
നമ്പൂതിരി, പതിവു കാഴ്ചയായിരുന്നു . നോവലിസ്റ്റ് കെ സുരേന്ദ്രന്റെയും വാഹനം സൈക്കിൾ ആയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുപ്രസിദ്ധ കാർഡിയോ തൊറാസിക്ക് സർജൻ ഡോക്ടർ വാര്യരുടെ വാഹനം സൈക്കിൾ ആയിരുന്നു. മദ്രാസ് ഐ ഐ ടിയിൽ വലിയ പ്രൊഫസർമാർ വരെ സൈക്കിളിൽ യാത്ര ചെയ്യുന്നത് കണ്ട്. പാരീസ് നഗരത്തിൽ യുവാക്കൾ കൂടുതലും സൈക്കിൾ ഉപയോഗിക്കുന്നതാണ് കണ്ടത്.
ഒഡീഷയിലെ ഭുബനേശ്വരിൽ നൂറുകണക്കിന് പെൺകുട്ടികൾ സൈക്കിളിൽ സ്‌കൂളിൽ പോകുന്നത് കണ്ടു. സൈക്കിൾ സർക്കാർ സൗജന്യമായി നൽകിയതാണ്.
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ ലഭിക്കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. പരിപാടി വിജയിക്കണമെങ്കിൽ സൈക്കിൾ ട്രാക്കുകൾ പണിയണം. ഇന്നത്തെ നിലയിൽ സൈക്കിളിൽ റോഡിൽ ഇറങ്ങിയാൽ ബൈക്കുകാർ ഇടിച്ച് താഴെയിടാൻ സാധ്യത കൂടുതലാണ്.
സൈക്കിളിൽ യാത്രചെയ്യുന്നത് പൊങ്ങച്ചക്കാർ ഒരു ശീലമാക്കിയാൽ ചിലപ്പോൾ സാധാരണക്കാരും അനുകരിച്ചേക്കും. ആരോഗ്യവും നന്നാകും.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *