ലോക പുകവലി ദിനം

#ഓർമ്മ

പുകവലി നിർത്തൂ.

ലോക പുകവലിവർജ്ജന ദിനമാണ് മെയ് 31.

ഹൈസ്‌കൂളിൽ വെച്ചാണ് കൂട്ടുകാരുടെ കൂടെക്കൂടാനുള്ള ആഗ്രഹം കൊണ്ട് ഞാൻ പുകവലി തുടങ്ങിയത്. വലിയ കടുപ്പമില്ലാത്ത ഫിൽറ്ററുള്ള കൂൾ എന്നൊരു സിഗരറ്റ് ആയിരുന്നു.
ഒരു ദിവസം അപ്പൻ വിളിച്ചിട്ട് പറഞ്ഞു, നിന്റെ ചുണ്ട് കറുത്തുവരുന്നു. അന്നു പുകവലി നിർത്തി.
ഇപ്പോൾ പുകവലിക്കുന്നവരെ കയറി ഉപദേശിക്കും. അവരുടെ ഭാര്യമാരോടും പറയും.
എന്റെ അപ്പൻ ബീഡി വലിക്കുമായിരുന്നു. എപ്പോഴോ അതു നിർത്തി. അവസാനത്തെ 50 വർഷം വലിച്ചുകണ്ടിട്ടില്ല. എന്റെ ചേട്ടനും പുകവലിക്കുമായിരുന്നു. പക്ഷേ വിദ്യാർത്ഥിജീവിതം കഴിഞ്ഞപ്പോൾ ഒരുൾവിളി കേട്ട് നിർത്തി.
ഞങ്ങളുടെ കുട്ടിക്കാലത്ത് പുകവലി വലിയ ഫാഷൻ ആയിരുന്നു. ധനികർ സിഗരറ്റ് ടിന്നുമായാണ് നടക്കുക. എന്റെ അമ്മാവൻ ചാക്കോ കള്ളിവയലിൽ പൈപ്പ് ആണ് വലിച്ചിരുന്നത് . അത് വൃത്തിയാക്കുന്നതും, പൗച്ചു തുറന്നു നീളത്തിൽ അരിഞ്ഞ പുകയില നിറക്കുന്നതും കത്തിച്ചു വലിക്കുന്നതും അത്ഭുതത്തോടെ നോക്കിനിൽക്കും. ആ പൗച്ചിൻ്റെ സുഗന്ധം ഇപ്പോഴും ഓർമ്മയിലുണ്ട്.
എന്റെ മുത്തച്ഛൻ ജേക്കബ് ചെറിയാൻ വലിച്ചിരുന്നത് സിഗാർ ആണ്. പുകയില ചുരുൾ കൊണ്ടാണ് ചുരുട്ട് ഉണ്ടാക്കുന്നത്. അതിന്റെ ഒരറ്റം പേനക്കത്തികൊണ്ടു മുറിച്ചു തീകൊളുത്തും. സ്വർണനിറമുള്ള മോതിരം പോലുള്ള ചുറ്റ് ഊരി ഞങ്ങള് കുഞ്ഞുങ്ങളുടെ വിരലിൽ ഇട്ടുതരുമ്പോൾ സ്വർഗം കിട്ടിയ പ്രതീതിയാണ്.
ആദ്യമായി സിഗരറ്റ് ലൈറ്റർ കാണുന്നത് അത്ഭുതത്തോടെയാണ്.

വിൽസ്, ഗോൾഡ് ഫ്ലെക്സ് തുടങ്ങിയ ബ്രാന്റുകൾ പ്രസിദ്ധം. പനാമ സിഗരറ്റ് പാക്കറ്റിന്റെ ഒരറ്റം കീറിയാണ് പുറത്തെടുക്കുക. സാധാരണക്കാരന്റെയും വിദ്യാർത്ഥികളുടെയും ആശ്രയം ചാർമിനാർ ആണ്. തൊഴിലാളികൾക്ക് ബീഡി തന്നെ ശരണം. അതു രണ്ടുതരമുണ്ട്. നാട്ടിൽതന്നെ ഉണ്ടാക്കുന്ന തെറുപ്പു ബീഡിയും ബീഡിക്കമ്പനികളിൽനിന്ന് വരുന്നതും.
ടൈം പോലുള്ള വിദേശമാസികകളുടെ പുറം പേജിൽ മാൾബറോ, ഡൺഹിൽ, റോത് മാൻസ്, സ്റ്റേറ്റ് എക്സ്പ്രസ്സ് 555, തുടങ്ങിയ സിഗരറ്റുകളുടെ പരസ്യം കാണാം . വിദേശത്തുനിന്നു വരുന്നവരുടെ സമ്മാനങ്ങളിൽ മുഖ്യ ഇനമായിരുന്നു അവ.

പുകവലി കാൻസർ ഉണ്ടാക്കും എന്ന് അന്ന് അറിവില്ല.
ഇന്ന് പാക്കറ്റിൽ തന്നെ മുന്നറിയിപ്പ് ഉണ്ട്. കനത്ത നികുതി ചുമത്തി സർക്കാർ സിഗരറ്റ് ആഡംബരവസ്തുവാക്കി മാറ്റുകയും ചെയ്തു.
യുവാക്കളുടെ ഇടയിൽ പുകവലി കുറഞ്ഞു. പക്ഷേ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്നു പറഞ്ഞതുപോലെ പലരും ഇപ്പോള് കഞ്ചാവ് ആണ് വലിക്കുന്നത്. അതിലും ഭീതിദമാണ് മയക്കു മരുന്നുകളുടെ ഉപയോഗം . പുകവലിയിൽ നിന്ന് മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്കുള്ള അത്യന്തം അപകടകരമായ യാത്രയിലാണ് യുവതലമുറ .

പുകവലി ശീലമാക്കിയ എന്റെ സുഹൃത്തുക്കൾക്ക് നിർത്താൻ പ്രതിജ്ഞയെടുക്കാൻ പറ്റിയ ദിവസമാണ്, കെട്ടകാലത്തെ ഈ മെയ് 31.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *