മിസ്സ് കുമാരി

#ഓർമ്മ

മിസ്സ് കുമാരി.

മിസ്സ് കുമാരിയുടെ (1932-1969) ജന്മവാർഷികദിനമാണ്
ജൂൺ 1.

മലയാള സിനിമയിലെ നായികമാരിൽ ആദ്യത്തെ സൂപ്പർ സ്റ്റാറാണ് മിസ്സ് കുമാരി.
വെറും 14 വര്ഷം മാത്രം നീണ്ട ചലച്ചിത്രജീവിതത്തിന് ശേഷം മാതൃത്വത്തിൻ്റെ ഉൾവിളി കേട്ട് അവർ വേദി വിട്ടു.
37 വര്ഷം മാത്രം നീണ്ട ജീവിതം അവസാനിച്ച് അരനൂറ്റാണ്ടു ശേഷവും മിസ്സ് കുമാരി ഇന്നും ഓർമ്മകളിൽ ജീവിക്കുന്നു.
കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് കൊല്ലംപറമ്പിൽ കുടുംബത്തിൽ ജനിച്ച ത്രേസ്യാമ്മ 17 വയസിൽ എങ്ങനെ സിനിമയിൽ അഭിനയിക്കാൻ ഇടയായി എന്ന് ഇന്നും വ്യക്തമല്ല. സെബാസ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരാണ് ആ പെൺകുട്ടിയെ സിനിമയിൽ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു.
കോശി ആൻഡ് കുഞ്ചാക്കോ പ്രൊഡക്ഷൻസ് നിർമ്മിച്ച നല്ലതങ്കയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തുടക്കം. അടുത്ത ചിത്രമായ വെള്ളി നക്ഷത്രത്തിൽ നായികയായി. കെ വി കോശിയാണ് ത്രേസ്യാമ്മക്ക് മിസ് കുമാരി എന്ന പേര് നൽകിയത്. പിന്നീട് മിസ് കുമാരിയെ നായികയാകാൻ ഉദയായുടെ കുഞ്ചാക്കോയും മെറിലാൻഡിൻ്റെ പി സുബ്രമണ്യവും തമ്മിൽ മത്സരമായിരുന്നു.
പി ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത നീലക്കുയിൽ ആണ് മിസ് കുമാരിയുടെ അഭിനയജീവിതത്തിലെ സുവർണ്ണ നിമിഷം. ഒരു ദളിത് യുവതിയെ അവതരിപ്പിച്ച ചിത്രം പ്രസിഡൻ്റിൻ്റെ വെള്ളി മെഡൽ നേടിയാണ് ചരിത്രം സൃഷ്ടിച്ചത്.
സുന്ദരികളായ അനേകം നായികമാരെ തൻ്റെ നോവലുകളിൽ അവതരിപ്പിച്ച മുട്ടത്തു വർക്കി പറഞ്ഞത് തൻ്റെ നായികാസങ്കൽപ്പം പാടാത്ത പൈങ്കിളിയിലെ മിസ്സ് കുമാരിയാണു് എന്നാണ്.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ പൊടുന്നനെ അവർ പിൻവാങ്ങി. 1963 ഫെബ്രുവരി 7ന് എൻജിനീയറായ ഹോർമിസ് തളിയത്തിനെ വിവാഹം ചെയ്തു. ശിഷ്ടകാലം ഒരു സാധാരണ കുടുംബിനിയായി , മൂന്നു മക്കളുടെ അമ്മയായി എറണാകുളത്ത് ജീവിച്ചു. വെറും 37 വയസിൽ 1969 ജൂൺ 9ന് അന്തരിച്ചു.
മലയാളികളെ മുഴുവൻ ഞെട്ടിച്ച മരണത്തിൽ ദുരൂഹത ആരോപിക്കുന്നവർ അന്നുതൊട്ട് ഇന്നുവരെയുണ്ട്. കുടുംബത്തെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ് അത്.
അമ്മ മരിക്കുമ്പോൾ കൈക്കുഞ്ഞായിരുന്നു ഇന്ന് ദില്ലി ജവാഹർലാൽ യൂനിവേഴ്സിറ്റിയിൽ പ്രൊഫസറായ ബാബു തളിയത്ത് . അമ്മയെക്കുറിച്ച് ഹൃദാവർജകമായ ഒരു ചെറിയ പുസ്തകം ബാബു എഴുതിയിട്ടുണ്ട്. സജിത മഠത്തിൽ എഴുതിയ ഒരു ജീവചരിത്രവുമുണ്ട്.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
എൻ്റെ ഉറ്റ സ്നേഹിതനും സഹപ്രവർത്തകനും ആയിരുന്നു മിസ്സ് കുമാരിയുടെ ഇളയ സഹോദരൻ എൻജിനീയർ ജോയി കൊല്ലംപറമ്പിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *