മാധവിക്കുട്ടി

#ഓർമ്മ

മാധവിക്കുട്ടി.

മാധവിക്കുട്ടി എന്ന കമലാദാസിന്റെ (1934-2009) ഓർമ്മദിവസമാണ് മെയ് 31.

ഒരു ഭഗ്നപ്രണയത്തിന്റെ ബാക്കിപത്രമെന്നോണം അവസാനകാലത്ത് അവർ കമലാ സുരയ്യ ആയി മാറി.
ആമി എന്ന വിളിപ്പേരുള്ള കമല, മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന വി എം നായരുടെയും, പ്രശസ്ത കവയത്രി ബാലാമണി അമ്മയുടെയും മകളായി പുന്നയൂർക്കുളത്ത് ജനിച്ചു.
കൽക്കത്തയിൽ കഴിച്ച ചെറുപ്പകാലം ഏകാന്തത നിറഞ്ഞതായിരുന്നു. പുസ്തകങ്ങൾ ആയിരുന്നു കൂട്ടുകാർ.
തീരെ ചെറുപ്പത്തിൽ നടന്ന, തന്റെ ഇരട്ടി പ്രായമുള്ള മാധവദാസുമായുള്ള വിവാഹം കമലയെ ഏകാന്തയും, എഴുത്തുകാരിയുമാക്കി മാറ്റി.
മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിൽ ശ്രദ്ധേയയായ കഥാകാരി, ഇംഗ്ലീഷിൽ കമലാ ദാസ് എന്ന പേരിൽ അന്താരാഷ്ട്ര പ്രശസ്തയായ കവയത്രിയാണ്.
1970കളിൽ, മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ച “എന്റെ കഥ” എന്ന, ജീവിതവും ഭാവനയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവിധം എഴുതിയ കഥ, ആസ്വാദകരെ പിടിച്ചുലച്ചു .
ലൈംഗികത തുറന്നെഴുതിയത് യാഥാസ്ഥിക വായനക്കാരെ അന്ധാളിപ്പിച്ചു. അനേകം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ആ കൃതി.
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിൽ ചിലത് മാധവിക്കുട്ടി എഴുതിയവയാണ്.
ഗൃഹാതുരത്വം തുളുമ്പുന്ന ചെറുപ്പകാലത്തെപ്പറ്റി എഴുതിയ അവസാനകാലകൃതികൾ അവരെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയാക്കി മാറ്റി.
പ്രായമേറെ ചെന്നിട്ടും പ്രണയിനിയായ ഒരു പെൺകുട്ടിയുടെ മനസ്സ് ആയിരുന്നു അവർക്ക്.
ജീവിതം മുഴുവൻ യഥാർത്ഥ കമല ആരെന്ന് പിടിതരാതെ, കൽക്കത്ത, മുംബൈ, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലെല്ലാം ജീവിച്ച, നോബൽ സമ്മാനത്തിനു വരെ നാമനിർദേശം ചെയ്യപ്പെട്ട ആ അതുല്യപ്രതിഭ, പൂനായിൽ വെച്ച് ഭൂമിയോട് വിടവാങ്ങി.
ആ അസാധാരണ പ്രതിഭയോട് മലയാളം ചെയ്ത അവസാനത്തെ ക്രൂരതയായി മാറി, അവരുടെ ജീവിതം മുൻനിർത്തി നിർമ്മിച്ച സിനിമ.
– ജോയ് കള്ളിവയലിൽ.

കമല ദാസ്
ചില്ല്.
————

അര മണിക്കൂർ നേരത്തേക്ക്
ഞാൻ അയാൾക്കടുത്തേക്കു പോയി,
വെറുമൊരു സ്ത്രീയായി, വെറും വേദനയായി,
തൊട്ടാൽ പൊട്ടുന്ന, തകർന്നുടയുന്ന ചില്ലായി…
ഉഷ്ണത്ത് വീടു നിശ്ശബ്ദമായിരുന്നു
പഴകിയ കഴുക്കോലുകൾ മാത്രം കിടുകിടുത്തിരുന്നു
ഒരു കാമുകന്റെ തിടുക്കത്തോടെ
അയാളെന്നെ പരുഷമായി വലിച്ചടുപ്പിച്ചു
ഒരു പിടി ചീളുകളായിരുന്നു ഞാൻ
തറഞ്ഞാൽ നോവുന്നവ,
നോവു കൊണ്ടു നിറഞ്ഞവ
എന്തുകൊണ്ടന്നു ഞാൻ വിളിച്ചു പറഞ്ഞില്ല,
ഉടഞ്ഞ കുപ്പിച്ചില്ലാണ്‌, സൂക്ഷിക്കണമെന്ന്?
എന്തുകൊണ്ടന്നു ഞാനയാളോടു പറഞ്ഞില്ല,
പ്രണയം കൊണ്ട്, പലപ്പോഴുമതില്ലാതെയും,
ആരെയാണു മുറിപ്പെടുത്തുന്നതെന്നു
ഞാനിപ്പോൾ ശ്രദ്ധിക്കാറില്ലെന്ന്?
വില കുറഞ്ഞ ഒരു കളിപ്പാട്ടത്തിന്റെ നിസ്സംഗതയോടെ
ഞാൻ അന്യരുടെ ജീവിതങ്ങളിൽ കടന്നുചെല്ലുന്നു,
കാമത്തിന്റെ ഓരോ കെണിയും
ഒരു വാടകവീടാക്കി മാറ്റുന്നു.
അവരുടെ വിരലുകൾ എനിക്കു മേലോടുമ്പോൾ
പഴയകാലത്തു നിന്നൊരിഷ്ടരാഗം
എന്നിലുണർന്നുവെന്നുവെന്നു വരാം
അവരുടെ സ്വപ്നങ്ങൾ പൊതിയാൻ
ഞാനൊരു ഗില്റ്റുകടലാസ്സായെന്നു വരാം,
ഒരു പെണ്ണിന്റെ ശബ്ദമായി,
ഒരു പെണ്ണിന്റെ മണമായി.
എന്തിനു ഞാനവരോടു പറയാൻ മിനക്കെടണം:
ഞാൻ ഒരച്ഛനെ എവിടെയോ മറന്നുവച്ചുവെന്ന്,
അദ്ദേഹത്തെ തേടിനടക്കുകയാണ്
ഞാനിപ്പോളെവിടെയുമെന്ന്?

(വിവ: വി. രവികുമാർ)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *