#ഓർമ്മ
സൂസൻ മേബിൾ തോമസ്.
1970കളുടെ തുടക്കത്തിൽ കോളേജ് വിദ്യാർത്ഥികളായിരുന്ന എന്റെ
തലമുറക്ക് വിങ്ങുന്ന ഒരോർമ്മയാണ് സൂസൻ മേബിൾ തോമസ്.
വോളീബോൾ ചരിത്രകാരൻ കൂടിയായ Sebastian George ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് സൂസൻ്റെ ഓർമ്മകളിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോ യത്.
വനിതാ വോളീബോൾ കേരളത്തിൽ പിച്ചവെച്ചുതുടങ്ങിയത് 1960കളിലാണ്. പിറവത്തിനടുത്തുള്ള നാമക്കുഴി എന്ന ചെറിയ ഗ്രാമം നാമാക്കുഴി സിസ്റ്റർസ് എന്ന വോളീബോൾ കളിക്കാരുടെ പേരിൽ കേരളം മുഴുവൻ അറിയപ്പെട്ടു.
അക്കാലത്താണ് ചരിത്രത്തിൽ ആദ്യമായി
കൊലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, അവിഭക്ത കേരള യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പ് വിജയിക്കുന്നത്. ( അന്ന് കേരള സർവകലാശാല മാത്രമേ നിലവിലുള്ളു ). കളിക്കാരുടെ കൂട്ടത്തിൽ റോസലിൻ, സൂസൻ, ലില്ലി എന്നീ മികച്ച കളിക്കാർ കേരള സംസ്ഥാനതാരങ്ങളായി വളർന്നു. അവരുടെ മികവിൽ കേരള സർവകലാശാല ചരിത്രത്തിലാദ്യമായി അന്തർസർവകലാശാല മത്സരത്തിൽ വിജയികളായി.
സ്പോർട്സ് താരമായിരുന്ന സൂസൻ, കൊലഞ്ചേരി കോളേജിൽവെച്ചാണ് വോളീബോളിലേക്ക് തിരിഞ്ഞത്.
1971ൽ അരുവിത്തുറ കോളേജ് യൂണിയൻ ചെയർമാനും, കേരള യൂണിവേഴ്സിറ്റി യൂണിയൻ അംഗവുമായിരിക്കുമ്പോളാണ് ആ വിവരം അറിയുന്നത്:
കോട്ടയം കഞ്ഞിക്കുഴിക്കാരിയായ സൂസൻ മേബിൾ തോമസ് എന്ന വോളീബോൾ താരം അസുഖമായിട്ടും വീട്ടുകാർ ചികിൽസിക്കാൻ തയാറാകുന്നില്ല.
ആ കുടുംബം പെന്തിക്കോസ്റ്റുകാർ ആയിരുന്നു. അവർക്ക് പ്രാർത്ഥനയിൽ മാത്രമാണ് വിശ്വാസം.
സൂസന് ചികിത്സകിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ വിദ്യാർത്ഥികൾ കേരളമാകെ നടത്തിയ സമരം ജനശ്രദ്ധയാകർഷിച്ചു. സർക്കാരിന് എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന നിലയായി.
അവസാനം സൂസനെ, ബലംപ്രയോഗിച്ചു കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. (എന്റെ സഹോദരൻ ഡോക്ടർ Roy Abraham Kallivayalil അന്നവിടെ വിദ്യാർത്ഥിയാണ്).
സൂസന് രക്താര്ബുദമായിരുന്നു. അക്കാലത്ത് ആ മാരകരോഗത്തിന് ചികിത്സയില്ല.
എല്ലാവരെയും ദുഖത്തിലാക്കി സൂസൻ വിടവാങ്ങി. ഒരു കായികതാരത്തിന്റെ ഇത്തരത്തിലുള്ള മരണം കേരളത്തിൽ ആദ്യമായിട്ടായിരുന്നു.
മൂവാറ്റുപുഴ എറണാകുളം റൂട്ടിൽ, കൊലഞ്ചേരി കോളേജിനടുത്തുള്ള ബസ് ഷെൽറ്ററിൽ ഇന്നും ഒരു പേരു കാണാം. “സൂസൻ മേബിൾ തോമസ് മെമ്മോറിയൽ”.
ആ കോളേജിലെ വിദ്യാർത്ഥികളോ, ആ വഴി പോകുന്നവരോ ആ ദുഃഖപുത്രിയെ ഓർക്കുന്നുണ്ടാവുമോ എന്തോ?
Photo :
L-R: Soosan Mable Thomas, Rosalyn Joseph , P V Lilly.
p.s. I am grateful to Sebastian George for the photos and Rosalyn Joseph for information about Soosan Mable Thomas.
Posted inUncategorized