#ചരിത്രം
#ഓർമ്മ
അഡോൾഫ് അയ്ക്ക്മാൻ.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളികളിൽ ഒരാളായ അഡോൾഫ് അയ്ക്ക്മാൻ തൂക്കിലേറ്റപ്പെട്ട ദിവസമാണ് 1962 ജൂൺ 1.
1906ൽ, ജർമ്മനിയുടെ ഭാഗമായിരുന്ന ഓസ്ട്രിയയിൽ ജനിച്ച ഐക്ക്മാൻ, ചെറുപ്പത്തിൽതന്നെ ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ അംഗമായി. ഏറ്റവും വെറുക്കപ്പെട്ട എസ് എസ് വിഭാഗത്തിൻ്റെ നേതാവായ ഐക്ക്മാൻ, ഹിറ്റ്ലറുടെ ഫൈനൽ സോലൂഷൻ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടു. യഹൂദജനതയെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാനുള്ള യത്നത്തിൽ യൂറോപ്പിലെ യഹൂദരുടെ മൂന്നിൽ രണ്ടു ഭാഗവും കൊല്ലപ്പെട്ടു. 1944 ജൂലായ് ആയപ്പോഴേക്കും 437,000 യൂദർ ഹംഗറിയിൽ മാത്രം മരണത്തിന് ഇരയായി എന്നാണ് കണക്ക്. യഹൂദരല്ലാത്തവർ കൊല്ലപ്പെട്ടത് അതിലേറെയാണ്.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനം 1945ൽ ഐക്ക്മാൻ പിടിയിലായെങ്കിലും ആളെ തിരിച്ചറിയാതെ വിട്ടയക്കപ്പെട്ടു. റിക്കാർഡോ ക്ലമൻ്റ് എന്ന കള്ളപ്പേരിൽ കടൽ കടന്ന് 1950 ജൂലായ് 14ന് ഐക്ക്മാൻ അർജൻ്റീനയിലെത്തി. അവിടെ കുടുംബസഹിതം ബെൻസ് മോട്ടോർ ഫാക്ടറിയിൽ ജോലിചെയ്തുകൊണ്ട് ഒളിവിൽ കഴിഞ്ഞു.
നാസി യുദ്ധക്കുറ്റവാളികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരിക എന്നത് ജീവിതവൃതമായി പ്രവർത്തിച്ചിരുന്ന സൈമൺ വീസന്താളിൻ്റെ പക്കൽ അയ്ക്ക്മാൻ്റെ രഹസ്യജീവിതത്തിൻ്റെ സൂചനകൾ എത്തി. ഇസ്രയേലിൻ്റെ രഹസ്യസംഘടനയായ മൊസാദ് 1960 മേയിൽ ഇരുചെവിയറിയാതെ നടത്തിയ ഓപ്പറേഷനിൽ, അർജൻ്റീന പോലും അറിയാതെ ഐക്ക്മാനെ പിടികൂടി വിമാനത്തിൽ ജറൂസലേമിൽ എത്തിച്ച് വിചാരണചെയ്തു. വധശിക്ഷക്ക് വിധിക്കപ്പെട്ട അയ്ക്ക്മാൻ, യാതൊരു ഖേദവും പ്രകടിപ്പിക്കാതെ തൂക്ക് കയർ വരിച്ചു.
ഉത്തരവുകൾ അനുസരിക്കുകയാണ് എന്ന് ചിന്തിച്ച് നൂറുകണക്കിന് ആളുകൾ തികച്ചും നരാധമൻമാരായി മാറുന്നത് എങ്ങിനെ എന്ന് മനസ്സിലാക്കാൻ ഐക്ക് മാൻ്റെ ജീവിതം ചരിത്രകാരന്മാർക്ക് പാഠമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized