#ഓർമ്മ
ബോറിസ് പാസ്റ്റർനാക്ക്.
റഷ്യൻ കവിയും നോവലിസ്റ്റുമായ ബോറിസ് പാസ്റ്റർനാക്കിൻ്റെ 1890-1960) ചരമവാർഷികദിനമാണ്
മെയ് 30.
ഡോക്ടർ ഷിവാഗോ എന്ന ഒറ്റ നോവലിലൂടെ വിശ്വപ്രശസ്തി നേടിയ എഴുത്തുകാരനാണ് പാസ്റ്റർനാക്ക്. റഷ്യയിൽ പ്രസിദ്ധീകരിക്കാൻ അനുമതി നിഷേധിക്കപ്പെട്ട നോവൽ രഹസ്യമായി പുറത്തുകടത്തി 1957ൽ ഇറ്റലിയിലാണ് വെളിച്ചം കണ്ടത്. 1958ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം പാസ്റ്റർനാക്കിന് ലഭിച്ചു.
1905ലെ റഷ്യൻ വിപ്ലവം മുതൽ രണ്ടാം ലോകമഹായുദ്ധകാലം വരെയുള്ള സംഭവങ്ങളാണ് നോവലിൽ.
റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ രാജ്യം വിടാൻ വിസമ്മതിച്ച പാസ്റ്റർനാക്ക് സ്റ്റാലിൻ്റെ പീഡനങ്ങളിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അധികാരികളുടെ സമ്മർദം മൂലം നോബൽ സമ്മാനം നിരസിക്കാൻ അദ്ദേഹം നിർബന്ധിതനായി. മരണത്തിന് വർഷങ്ങൾക്ക് ശേഷം 1989ൽ മകൻ പുരസ്കാരം ഏറ്റുവാങ്ങി.
2003ൽ നോവൽ റഷ്യയിൽ പാഠ്യപദ്ധതിയുടെ ഭാഗമായി എന്നതാണ് കാവ്യനീതി.
1922ൽ ആദ്യത്തെ കവിതാസമാഹാരമായ My Sister, Life പ്രസിദ്ധീകരിച്ച സമയത്ത് തന്നെ റഷ്യയിലെ സാഹിത്യരംഗത്തെ താരമായി പാസ്റ്റർനാക്ക് മാറിയിരുന്നു.
ഡോക്ടർ ഷിവാഗോ ചലചിത്രമായപ്പോഴും ലോകം മുഴുവൻ വലിയ ജനപ്രീതി നേടാനായി. ഒമാർ ഷരീഫ് എന്ന ഈജിപ്തുകാരൻ നടൻ ഹോളിവുഡ് താരമായി മാറിയ സിനിമ എന്ന നിലയിലും ചിത്രം ഓർമ്മിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized