#ഓർമ്മ
ജോൺ എബ്രഹാം.
ജോൺ എബ്രഹാമിൻ്റെ ( 1937-1987)
ചരമവാർഷികദിനമാണ്
മെയ് 30.
അതുല്യ പ്രതിഭാശാലിയായ ജോൺ വെറും നാലു ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തത്.
അഗ്രഹാരത്തിൽ കഴുതെയ് ( 1977) എന്ന ചിത്രം ലോക സിനിമയിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളിൽ ഒന്നായിട്ടാണ് 2013ൽ IBN Live നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത ആളുകൾ തെരഞ്ഞെടുത്തത്.
അമ്മ അറിയാൻ ( 1986) ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മികച്ച 10 ഇന്ത്യൻ സിനിമകളിൽ ഒന്നായി തെരഞ്ഞെടുത്തു.
കുട്ടനാട്ടുകാരനായ ജോൺ മുത്തച്ഛൻ്റെ കൂടെ നിന്ന് കോട്ടയത്താണ് വിദ്യാഭ്യാസം നടത്തിയത്.
പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണ്ണ മെഡൽ നേടിയാണ് പുറത്തുവന്നത്. ഋത്വിക് ഖട്ടക്ക്, മണി കൗൾ തുടങ്ങിയ പ്രതിഭകളുമായി അടുത്ത സമ്പർക്കം പുലർത്താൻ കഴിഞ്ഞു .
മണി കൗളിൻ്റെ ഉസ്കി റോട്ടി ( 1969) എന്ന ഹിന്ദി ചിത്രത്തിൻ്റെ സഹസംവിധായകനായിട്ടാണ് തുടക്കം.
കേരളത്തിൽ ആദ്യമായി ജനങ്ങളുടെ ഒരു കൂട്ടായ്മ – ഒഡെസ ഫിലിം കളക്ക്ടീവ് – നിർമ്മിച്ച ചിത്രം എന്ന സവിശേഷത കൂടി അമ്മ അറിയാൻ എന്ന സിനിമക്കുണ്ട്.
എല്ലാവരും സുഹൃത്തുക്കളും എല്ലാ വീടും സ്വന്തവും എന്ന് കരുതിയിരുന്ന ജോണിൻ്റെ ജീവിതം അരാജകമായിരുന്നു എന്ന അഭിപ്രായം പലർക്കുമുണ്ട്. കോഴിക്കോട്ടെ ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണാണ് അന്ത്യം. ഡോക്ടർമാരുടെ കൂടുതൽ ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ വിലപ്പെട്ട ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് പ്രമുഖ ന്യൂറോസർജൻ ഡോക്ടർ ഇക്ബാൽ പിന്നീട് എഴുതിയത് .
ജോണിൻ്റെ കഥകൾ 1993ൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.







