#ചരിത്രം
#കേരളചരിത്രം
അടിമ വ്യാപാരം കേരളത്തിൽ.
ലോകചരിത്രത്തിലെ ഒരു കറുത്ത ഏടാണ് അടിമസമ്പ്രദായം.
നമ്മുടെ കേരളത്തിൽപോലും നൂറ്റാണ്ടുകൾ നിലനിന്ന നികൃഷ്ടമായ അടിമപ്പണി സമൂഹത്തിൽ സൃഷ്ടിച്ച അസമത്തങ്ങൾ ഇന്നും നിലനിൽക്കുന്നു.
തിരുവിതാംകൂറിൽ അടിമപ്പണി നിരോധിച്ചിട്ട് 150 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതും ജനങ്ങൾക്ക് മനപരിവർത്തനം വന്നതുകൊണ്ടല്ല, ബ്രിട്ടീഷ് അധികാരികളുടെ നിർബന്ധംകൊണ്ട് വിളംബരം പുറപ്പെടുവിക്കാൻ രാജഭരണം നിർബന്ധിതമായതാണ്.
1879ലെ കെരളോപകാരി മാസികയിൽ വന്ന ഒരു ലേഖനം കാണുക. നിഷ്കളങ്കരും നിരായുരുമായ ആഫ്രിക്കൻ ജനതയെ നിർബന്ധിതമായി കപ്പൽ കയറ്റി അമേരിക്കയിൽ എത്തിച്ച് അടിമകളാക്കി മാറ്റിയ കാലം. ഇന്നും കറുത്ത ജനത അവിടെ കടുത്ത വിവേചനം അനുഭവിക്കുന്നു എന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
കേരളത്തിലെ അടിമ വ്യാപാരം സംബന്ധിച്ച് വിനിൽ പോള് ഏഴുതിയ പുസ്തകം വായിക്കുന്ന എല്ലാവർക്കും നമ്മുടെ നാടിൻ്റെ പൂർവകാലം അത്ര ശോഭനമായിരുന്നില്ല എന്ന് ബോധ്യമാകും.
അടിമച്ചന്തകളും ആളുകളെ നിർബന്ധമായി പിടിച്ചു കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായവും കേരളത്തിലും വ്യാപക മായിരുന്നു.
– ജോയ് കള്ളിവയലിൽ.
https://shijualex.in/my-experience-with-the-gundert-legacy-project/
കാപ്പിരികളുടെ വരവു.
“ബലഹീനമുള്ള ഇന്ത്യാനൎക്കു പകരം ശക്തിയുള്ള കാപ്പിരികളെ ആഫ്രിക്കാഖണ്ഡത്തിൽ നിന്നു കൊണ്ടുവരേണം എന്നുറെച്ചപ്പോൾ പലരും കപ്പലേറി ആഫ്രിക്കയുടെ തുറമുഖങ്ങളിൽ കാപ്പിരികളെ കയറ്റേണ്ടതിന്നു കരെക്കണഞ്ഞു. ചെമ്പിച്ച ഇന്ത്യാനർ മനുഷ്യരോ മറ്റോ എന്നും അവൎക്കു വെള്ളക്കാരോടു സമാവകാശം ഉണ്ടോ എന്നും സംശയിച്ചവർ കരിക്കട്ട പോലേത്ത കാപ്പിരികളെ ആദരിച്ചു നോക്കാതെ മറ്റവരിൽ ഹീനമായി വിചാരിച്ചു എന്നു പറയേണ്ടല്ലോ. ഭാരതത്തിൽനിന്നു സിംഹളം ബുൎബ്ബൊൻ മൊരിഷസ് മുതലായ ദീപുകളിലേക്കു കൂലിപ്പണി എടുപ്പാൻ യാത്രയാകുന്ന ഭരതീയർ (ഹിന്തുക്കൾ) തന്റേടക്കാരായി പോയിവരുന്നതിന്നു അംഗ്ലക്കോയ്മ വൈരാഗ്യത്തോടെ നോക്കിയിരിക്കേ ഹിസ്പാന്യരാദി വിലാത്തിക്കാർ അക്കാലത്തു കാപ്പിരികളെ പണിക്കു വിളിച്ചിട്ടില്ല;
കാപ്പിരികൾ ജനിച്ച ഊരും നാടും വളരേ സ്നേഹിക്കുന്നതുകൊണ്ടു അറിയാനാട്ടിൽ ചെല്ലേണ്ടതിന്നു മടിക്കയുമായിരുന്നു. ആകയാൽ ഉപായം വേണ്ടിവന്നു. ഉരുക്കാർ കടപ്പുറക്കാരെ കപ്പലോളം വരേണ്ടതിന്നു ക്ഷണിച്ചു അവിടേ എത്തിയശേഷം പിടിച്ചു വെക്കുകയോ അല്ല കൂട്ടമായി ഇറങ്ങി കണ്ടവരെ പിടിച്ചു കപ്പലിലേക്കു കൊണ്ടു പോകയോ അല്ല ഓരോ ചില്ലറ ചരക്കിന്നു അടിമകൾ കൊള്ളുകയോ ചെയ്തതു. ആഫ്രിക്കായിലുള്ളേടത്തോളം മാനുഷജീവന്നു മറ്റെങ്ങും വിലകുറയായ്കയാലും അടിമപ്പാടവിടേ വളരെ പരന്നിരിക്കയാലും അടിമകളെ കിട്ടേണ്ടതിന്നു ഏറ പ്രയാസമില്ല. ഇങ്ങനെ ബോത്സ്വേൻ* എന്ന രാജാവു ഒരിക്കൽ ഒരു പരന്ത്രീസ്സ് അടിമക്കപ്പക്കാരനോടു ചരക്കു വാങ്ങി അതിന്നു കാപ്പിരിബാല്യക്കാരെ മാറ്റമായി കൊടുപ്പാൻ ഏറ്റാറെ ഇവരേ
ഏല്പിക്കേണ്ട സമയമടുത്തു വേണ്ടുന്ന ആളുകളെ ശേഖരിപ്പാൻ കഴിവു വരാഞ്ഞപ്പോൾ താൻ അയല്വക്കത്തു പാൎത്ത ക്വിൿ എന്ന ഗോത്രക്കാരോടു പടവെട്ടുവാൻ നിശ്ചയിച്ചു രാക്കാലത്തിൽ തന്റെ പടയാളികളെ അവരുടെ ഊരുകളിൽ അയച്ചു. അവരോ ഒരു മണിക്കൂറിന്നകം പുരുഷന്മാർ സ്ത്രീകൾ ശിശുക്കൾ എന്നീ തരക്കാരെ കൊല്ലുകയും കുടിലുകളെ എരിക്കയും ബാല്യക്കാരെയും പൈതങ്ങളെയും പിടിച്ചു പരന്ത്രീസ്സ് കപ്പത്തലവന്നു ഏല്പിക്കയും ചെയ്തു. ഈ മന്നൻ അടിമകളെ കൈയിൽ ആക്കിയതു പോലേ ഏറിയ രാജാക്കന്മാർ അടിമകൾ കിട്ടേണ്ടതിന്നു കൃഷിയും കച്ചവടം ചെയ്തു സ്വസ്ഥതയോടെ പാൎക്കുന്നവരെ നായാടുന്നതു മുമ്പേ സമ്പ്രദായം എങ്കിലും, വിലാത്തിക്കാർ അടിമക്കച്ചവടം തുടങ്ങിയ ശേഷം അതിന്നു പുതിയ വീൎയ്യം പിടിച്ചപ്പോൾ പണലാഭം വിചാരിച്ചു രാജാക്കന്മാരും അടിമക്കച്ചവടക്കാരും അടിമനായാട്ടിനെ വലുങ്ങനെ നടത്തും. തുറമുഖങ്ങളിലേ പാണ്ടിശാലകളെ നിറെക്കേണ്ടതിനു ഏറിയ രാജ്യങ്ങൾ ശൂന്യമായി പോകയും ഈ ബാധ തീരപ്രദേശങ്ങളിൽനിന്നു ഉൾനാടോളം പരക്കയും ചെയ്യു. കൊടുമയും കോഴയും കൊണ്ടുപിടിച്ചവരെ ഓരോ ഇരിമ്പു കാരയിലും അവർ ഓടിപ്പോകായ്വാൻ അതിനെ നീണ്ട ചങ്ങലയിലും പൂട്ടിവെച്ചു വെയിലും ചുടരും കൂട്ടാക്കാതെ ബദ്ധന്മാരെ കൊണ്ടു പോകയിൽ
തളൎന്നവരെ ചമ്മട്ടികൊണ്ടു ഉണൎത്തി നടത്തും. അവർ അധികം തിന്നാതെയിരിപ്പാൻ നാവിന്റെ അടി കീറി മരുന്നിട്ടു പൊറുപ്പിക്കും. അതിനാൽ വഴിയിൽ വെച്ചു പലരും മരിക്കും.
വരുത്തവും ചൂടും പൈദാഹവും സഹിച്ചു അൎദ്ധപ്രാണന്മാരായി എത്തിയ കൂട്ടരെ മഴയും വെയിലും കൊള്ളുന്ന ഒരു വിധം കരക്കയിൽ പാൎപ്പിക്കും. ഇതു ഉയൎന്ന മതിലോ കിളയോ കൊണ്ടു ഉറപ്പിച്ച ചതുരമായ ഒരു സ്ഥലം. അതിൽ തിങ്ങിവിങ്ങി പാൎത്തു ഉഗ്രവെയിൽ പൊറുത്തു ജിവനോടു ശേഷിച്ചവരെ അടിമക്കപ്പലുകളിൽ കയറ്റും. ചരക്കല്ല മനുഷ്യരെ മാത്രം കൊണ്ടുപോകുന്ന ആ വിധം കപ്പലുകൾക്കു ഏകദേശം ഒരു കോൽ തമ്മിൽ അകന്ന ഓരോ തട്ടുകൾ ഉണ്ടു. അതിൽ ദുഃഖേന കുത്തിരിപ്പാനേ പാടുള്ളു. പ്രയാസത്തോടു കിടപ്പാൻ സ്ഥലം കിട്ടുന്ന ആ എളിയവർ കാറ്റിന്റെ അനുകൂലത പോലേ പത്തറുപതു നാൾ ആ സ്ഥിതിയിൽ ഇരിക്കേണ്ടി വരുന്നു. സ്ഥലം പോരായ്കയാൽ ചിലരുടെ ഉടൽ തിരിച്ചു പോകയോ പലരും ക്രൂരരായി തീരുകയോ ചെയ്യും. വെളിച്ചവും പ്രത്യേകമായി നല്ല വായുവും കുറയുന്നതുകൊണ്ടു അനേകൎക്കും ഓരോ ദീനം ഉണ്ടായാലും ആരും ദീനപ്പൊറുതിക്കു മരുന്നു കൊടുക്കുന്നില്ല. മസൂരിയോ മറ്റു വല്ല രോഗമോ അത്യുഷ്ണത്താൽ ഉളവായാൽ ചിലപ്പോൾ നാനൂറു അറുനൂറു പേരിൽനിന്നു പാതിയിൽ അധികം ഒടുങ്ങും. മരിച്ചവരെ കുപ്പപോലെ കടലിൽ ചാടുകേയുള്ളൂ. ഇപ്പോൾ ഔസ്ത്രാല്യയിൽനിന്നു കപ്പൽവഴിയായി കൊണ്ടുവരുന്ന കുതിരകൾക്കും ഓരോ കപ്പലുകളിൽ ഭക്ഷണത്തിന്നായി കയറ്റിയ ആടു വാത്തു കോഴി മുതലായവാറ്റിന്നും ആ അടിമകളിൽ ഏറ രക്ഷ ചെല്ലുന്നു എന്നു നാണത്തോടേ സ്വീകരിക്കുകേ വേണ്ടു. ഒടുവിൽ അടിമക്കൽ അമേരിക്കാവിലേ തുറമുഖങ്ങൾ ഒന്നിൽ എത്തി ചരക്കു കിഴിച്ചു. ആ എളിയ അടിമകളെ വില്ക്കേണ്ടതിന്നു ഒരു ചന്തയിൽ നിൎത്തും. അവരവൎക്കു എത്ര നോവും ആധിയും ഉണ്ടായാലും വിഷാദഭാവം കാണിക്കായ്വാൻ ചമ്മട്ടികൊണ്ടുള്ള അടികൾ കൂടക്കൂടെ അവരുടെ പുറത്തു താണു അവരെ ഉണൎത്തും. പിന്നേ പൊന്നും പത്താക്കും നിറഞ്ഞ മേഖലത്തോടേ തോട്ടക്കാരും മറ്റും വന്നു ഉലാവി നോക്കി നടക്കും. മൂരികളുടെ മുന്നരും വയരും കൈയും കാലും പല്ലും മറ്റും നോക്കും പോലേ ദൈവസദൃശരായ കൂട്ടുകാരെ മാനുഷഭാവവും നാണവും വിട്ടു തൊട്ടും പിടിച്ചും ഞെക്കി വലിച്ചും പരിശോധിച്ചു ബോധിച്ചവ വാങ്ങും. ഈ ഇളിഭ്യമായ പ്രവൃത്തിയെ കൊണ്ടു വായിച്ചാൽ വെകളിയും വേകരവും പിടിക്കുന്നു. അതിന്റെ ശേഷം ആ അടിമകൾ പുതിയ യജമാനന്റെ വഴിയെ പുറപ്പെട്ടു മറുനാട്ടിൽ തോട്ടപ്പണിയെ എടുപ്പാൻ പോകുന്നു. പല സ്ഥലത്തു വല്ലിയേക്കാൾ അടിയും കുത്തും കിട്ടും ഓടിപ്പോയാൽ മുരന്നായ്കളും വേട്ടക്കാരും തന്നെ പിടിച്ചു മുമ്പേത്തതിൽ കടുപ്പത്തോടെ നടത്തും. വേളികഴിച്ചാലും ഭൎത്താവോ ഭാൎയ്യയോ കുട്ടികളോ വെറും അടിമകൾ ആകയാൽ മുതലാളിക്കു ഇഷ്ടം പോലേ വിവാഹബാന്ധവത്തെയും ജനകസംബന്ധത്തെയും കൂട്ടാക്കാതെ തോന്നിയവരെ വില്ക്കാം. അതിൽ അന്യായക്കാരനും പ്രതിയും ഇല്ല. ആ സാധുക്കളുടെ ക്ലേശാഗാധത്തെ വേണ്ടുംപോലേ വൎണ്ണിപ്പാൻ ഒരു കൊല്ലത്തേ കേരളോപകരിക്കുള്ള ഏടുകൾ പോരയത്രേ….
അടിമക്കച്ചവടക്കാർ മുന്നൂറു വഷങ്ങൾക്കുള്ളിൽ മുന്നൂറു ലക്ഷം കാപ്പിരികളെ തങ്ങളുടെ പിതൃഭൂമിയിൽനിന്നു കവൎന്നു അടിമകളാക്കിയിരിക്കുന്നു എന്നു പറയാം. ഇവരേ സമ്പാദിക്കേണ്ടതിനു നടത്തിയ യുദ്ധങ്ങളിൽ പട്ടവരും പിടികിട്ടിയവരിൽനിന്നു ഓരോ യാത്രകളിൽ മരിച്ചവരും എത്ര ആയിരം ലക്ഷം മതിയാകം എന്നറിയുന്നില്ല”.
![](https://joykallivayalil.com/wp-content/uploads/2024/05/FB_IMG_1716965215020.jpg)
![](https://joykallivayalil.com/wp-content/uploads/2024/05/FB_IMG_1716965209134.jpg)