#ഓർമ്മ
മുട്ടത്തു വർക്കി.
മുട്ടത്തു വർക്കിയുടെ (1913-1989) ചരമവാർഷികദിനമാണ്
മെയ് 28.
പൈങ്കിളി സാഹിത്യകാരൻ എന്ന് വരേണ്യസാഹിത്യകാരൻമാർ പുശ്ചിച്ചുതള്ളിയ വർക്കി മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലിസ്റ്റാണ്.
സൂകരപ്രസവം പോലെ നോവലുകൾ എഴുതിക്കൂട്ടിയ വർക്കിയുടെ തുടർക്കഥകളാണ് ഒരു തലമുറയിലെ സാധാരണക്കാരെ വായനക്കാരാക്കി മാറ്റിയത്. തങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തങ്ങളുടെ ഭാഷയിൽ എഴുതിയ മുട്ടത്തു വർക്കിയെ അവർ നെഞ്ചിലേറ്റി. 26 നോവലുകൾ സിനിമയാക്കിയപ്പോൾ ജനങ്ങൾ അവ സൂപ്പർഹിറ്റുകളാക്കി.
ഇണപ്രാവുകൾ, കാരകാണാക്കടൽ, പാടാത്ത പൈങ്കിളി, മൈലാടുംകുന്ന്, വെളുത്ത കത്രീന, ലോറാ നീ എവിടെ, അഴകുള്ള സെലീന – മലയാളസിനിമയുടെ സുവർണകാലഘട്ടമായിരുന്നു വർക്കിയുടെ സിനിമകൾ.
ഒരു കുടയും കുഞ്ഞുപെങ്ങളും പോലെ ഹൃദയഹാരിയായ മറ്റൊരു ബാലസാഹിത്യകൃതി മലയാളത്തിൽ ഉണ്ടായിട്ടില്ല.
എം പി പോളിന്റെ ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായിട്ടാണ് ചങ്ങനാശ്ശേരി ചെത്തിപ്പുഴക്കാരൻ കെ എം വർക്കി കോട്ടയത്ത് എത്തിയത്. പിന്നീട് 1950 മുതൽ 1976 വരെ ദീപിക പത്രാധിപസമിതിയിൽ.
സദാ മുറുക്കിചുവപ്പിച്ചിരിക്കുന്ന, മുണ്ടും ജുബ്ബയും ധരിച്ച, വർക്കിസാറിന്റെ മുഖം മറക്കാനാവില്ല.
സഹപ്രവർത്തകനായ പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയുമൊത്ത് ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തിരുന്ന വർക്കിസാർ ആണ് എൻ്റെ ഓർമ്മയിൽ. ദീപികയിൽ നേരും നേരം പോക്കും എന്ന ജനപ്രീതി നേടിയ ഒരു പങ്ക്തിയും എഴുതിയിരുന്നു. ഇന്ന് പ്രസിദ്ധ സാഹിത്യകാരന്മാർ ആദരവോടെ മുട്ടത്തു വർക്കി അവാർഡ് ഏറ്റുവാങ്ങുന്നു.
മുട്ടത്തു വർക്കി എന്ന പ്രതിഭയുടെ മധുരമായ പ്രതികാരം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized