#കേരളചരിത്രം
#ഓർമ്മ
കെ എസ് യുവിന്റെ കുതിപ്പും കിതപ്പും.
കെ എസ് യുവിന്റെ സ്ഥാപകദിനമാണ് മെയ് 29.
സ്വതന്ത്രഭാരതത്തിൽ ഭരണം തങ്ങളുടെ കുത്തകയാണ് എന്ന് കൊണ്ഗ്രസ്സ് പാർട്ടി കരുതിയിരുന്ന കാലത്താണ് ജനാധിപത്യരീതിയിൽ കേരളത്തിൽ അധികാരം പിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുകാരെ ഞെട്ടിച്ചത്.
നിർജീവമായ സ്റ്റുഡന്റസ് കോൺഗ്രസിന് ഒരു ബദൽ എന്ന നിലയിലാണ് ചേർത്തലയിൽ എം കെ രവി ( വയലാർ രവി ), എറണാകുളത്ത് ജോർജ് സി പി തരകൻ, എം സി സമദ് തുടങ്ങിയവർ വിദ്യാർത്ഥികളെ സംഘടിപ്പിച്ചത്. അവർ 1957 മെയ് 29ന് ആലപ്പുഴയിൽ സമ്മേളിച്ചു കേരളാ സ്റ്റുഡന്റസ് യൂണിയൻ ( കെ എസ് യു ) എന്ന സംഘടനക്കു രൂപം നൽകി. തരകൻ പ്രസിഡന്റ്, രവി സെക്രട്ടറി, സമദ് ഖജാൻജി.
കുറവിലങ്ങാട്ടുനിന്ന് എം എ ജോൺ എറണാകുളത്ത് എത്തിയതോടെ ജോണിനായി നേതൃത്വം. എ സി ജോസ് തുടങ്ങിയവരും എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്ന വയലാർ രവിക്ക് ഒപ്പമുണ്ട്. രവിയാണ് കണക്കുകൾ സൂക്ഷിക്കാനായി തൻ്റെ നാട്ടുകാരനായ എ കെ ആന്റണിയെ സംഘടനയിൽ കൊണ്ടുവന്നത്.
ജോൺ സ്വന്തം ചിലവിൽ ജയപ്രകാശ് നാരായൺ ഉൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് കുറവിലങ്ങാട്ടു സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പ് സംഘടനക്ക് വലിയ വളർച്ചയാണ് നൽകിയത്. അതേസമയം
കോൺഗ്രസ് പാർട്ടിയിൽ ഭിന്നത വളർന്നു കൊണ്ടിരിക്കുകയായിരുന്നു. വിമത വിഭാഗം ശങ്കർ മന്ത്രിസഭയെ വലിച്ചു താഴെയിട്ട് മന്നത്ത് പദ്മനാഭന്റെ പിന്തുണയോടെ പാർട്ടി പിളർത്തി, കേരളാ കൊണ്ഗ്രസ്സ് എന്ന പുതിയ പാർട്ടിയുണ്ടാക്കി.
1965ലെ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിലെ കിഴവൻ നേതൃത്വം, പാർട്ടി കേരളാ കോൺഗ്രസുമായി സഖ്യമുണ്ടാക്കി സർക്കാർ ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെടുത്തി.
ബുദ്ധിശാലിയായ ഈ എം എസ്, അധികാരം തിരിയെ പിടിക്കുന്നതിനുള്ള അവസരം മണത്തു. കൊണ്ഗ്രസ്സ് അകറ്റിനിർത്തിയിരുന്ന പാർട്ടികളെയെല്ലാം കൂട്ടി സപ്തകക്ഷി മുന്നണിയുണ്ടാക്കി. കടുത്ത ശത്രുതയിലായിരുന്ന സി പി ഐ ക്കു പുറമെ 1957ൽ മാറ്റിനിർത്തിയ ആർ എസ് പി, എസ് എസ് പി, കെ എസ് പി, കെ ടി പി, തുടങ്ങിയ ചെറുതും വലുതുമായ പാർട്ടികൾ മാത്രമല്ല വർഗീയകക്ഷിയായി മുദ്രകുത്തപ്പെട്ടിരുന്ന മുസ്ലിംലീഗിനെ വരെ കൂടെ കൂട്ടി വൻഭൂരിപക്ഷം നേടി. ഈ എം എസ് മുഖ്യമന്ത്രിയായി.
കൊണ്ഗ്രസ്സ് തകർന്നടിഞ്ഞു. ശങ്കർ ഉൾപ്പെടെയുള്ള നേതാക്കൾ കളം വിടേണ്ടിവന്നു.
യൂത്ത് കൊണ്ഗ്രസ്സ്, കെ എസ് യു നേതാക്കൾക്കു വീണുകിട്ടിയ അവസരമായിരുന്നു ഇത്.
മതേതരത്തിൽ അടിയുറച്ച ആദർശവാദികൾ, എന്ന നിലയിൽ അവർ ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റിയിരുന്നു.
1970ലെ തെരഞ്ഞെടുപ്പോടെ അവർ എം എൽ എ, എം പി പദവികളും പാർട്ടിയിൽ ഉന്നതസ്ഥാനങ്ങളും പിടിച്ചുപറ്റി.
കരുത്തനായ ആർ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് കൊട്ടറ ഗോപാലകൃഷ്ണൻ അസംബ്ലിയിലെത്തിയപ്പോൾ സി പി എമ്മിൽ നിന്നാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളി പിടിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാസറഗോഡ് മണ്ഡലത്തിൽ സാക്ഷാൽ ഈ കെ നായനാരെ തറപറ്റിച്ചാണ് കെ എസ് യു നേതാവായ കടന്നപ്പള്ളി രാമചന്ദ്രൻ ജയന്റ് കില്ലർ എന്ന ഖ്യാതി നേടിയത്.
കെ കരുണാകരനും എ കെ ആന്റണിക്കും മുൻപേ വയലാർ രവി കൊണ്ഗ്രസ്സ് വർക്കിങ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
വെച്ചു നീട്ടിയ ജനറൽ സെക്രട്ടറി പദം വേണ്ടെന്ന് വെച്ച് കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൽസരിച്ച ജോണിനെ നിസാര കാരണം പറഞ്ഞ് സസ്പെൻഡ് ചെയ്തു.
എം എ ജോൺ പുറത്തായ സാഹചര്യം മുതലാക്കി എ കെ ആന്റണി കെ പി സി സി ജനറൽ സെക്രട്ടറിയായി.
ഇതോടൊപ്പമുള്ള 1968ലെ കൊല്ലം ക്യാമ്പിന്റെ ഫോട്ടോ കാണുക. ചുരുക്കം ചിലരൊഴിച്ചു ഭൂരിപക്ഷം പേരും അന്നുമുതൽ ഇന്നുവരെ 50 വര്ഷങ്ങളായി അധികാര സ്ഥാനങ്ങളിൽ തുടരുകയായിരുന്നു. കോൺഗ്രസിന്റെ അപചയത്തിന് കാരണം തേടി വേറെ എവിടെയെങ്കിലും പോകേണ്ട കാര്യമുണ്ടോ?.
കോൺഗ്രസിലെ പിളർപ്പ് ഏറ്റവും കൂടുതൽ ബാധിച്ചത് കെ എസ് യുവിനെയാണ്. നേതാക്കളുടെ പെട്ടി പിടിച്ച് നടന്നാലേ അധികാരസ്ഥാനങ്ങളിൽ എത്താൻ കഴിയൂ എന്ന നില വന്നു.
ഇടതുമുന്നണി തുടർഭരണം നേടാൻ സഹായിച്ച ഒരു ഘടകം കോൺഗ്രസ്സ് പാർട്ടിയുടെ അടിമുതൽ മുടിവരെയുള്ള സംഘടനാ ദൗർബല്യമാണ്.
വയലാർ രവി, ഉമ്മൻ ചാണ്ടി, സുധീരൻ തുടങ്ങി ഹസനും കെ സി ജോസഫും വരെയുള്ള നേതാക്കൾക്ക് പകരം വേണുഗോപാൽ, സുധാകരൻ, ചെന്നിത്തല, സതീശൻ എന്നിവരുടെ കയ്യിലായി കടിഞ്ഞാൺ. കളം ഒഴിയുന്ന നേതാക്കളുടെ സ്ഥാനത്തേക്ക് കടന്നുവരാൻ കഴിവുള്ള ധാരാളം നേതാക്കൾ ഉണ്ട്. പക്ഷേ ഇപ്പോഴും ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനങ്ങൾ പങ്കുവെക്കാനാണ് മിക്ക നേതാക്കൾക്കും താൽപര്യം.
ജനാധിപത്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത യുവാക്കളാണ് കെ എസ് യുവിൻ്റെ തലപ്പത്ത് എന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ.
ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് എന്ന് കോൺഗ്രസിലെ യുവനേതാക്കൾ ചിന്തിക്കണം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized