#ഓർമ്മ
എം പി വീരേന്ദ്രകുമാർ.
വീരേന്ദ്രകുമാറിന്റെ (1937-2020) ഓർമ്മദിവസമാണ് മെയ് 28.
വയനാട്ടിലെ കല്പറ്റയിൽ ജന്മികളായ ജൈന കുടുംബത്തിൽ ജനിച്ച വീരേന്ദ്രകുമാർ അച്ഛന്റെ സോഷ്യലിസ്റ്റ് പാരമ്പര്യം പിന്തുടർന്ന് 1953ൽ കോഴിക്കോട് സാമൂതിരി കോളേജ് വിദ്യാർത്ഥിയായിരി ക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
15 കൊല്ലം കൊണ്ട് 1968ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ നേത്രത്വത്തിലെത്തി. പിന്നീട് എസ് പി, എസ് എസ് പി, ജനതാ പാർട്ടി, ജനതാ ദൾ, ജനതാ ദൾ സെക്കുലർ, ലോക താന്ത്രിക്ക് ജനതാ ദൾ പാർട്ടികളിൽ നേതാവ്.
1987 മുതൽ 1991 വരെ എം എൽ എ, ഒറ്റദിവസം മന്ത്രി, 1996 മുതൽ 98 വരെ ലോക്സഭ എം പി, തൊഴിൽ മന്ത്രി, 2004-2009 വീണ്ടും എം പി, 2016 -17, 2018 – മരണം വരെ രാജ്യസഭ എം പി, എന്നിങ്ങനെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. 1975ലെ അടിയന്തിരാവസ്ക്കാലത്ത് ജയിൽവാസവും വരിച്ചു.
1979 മുതൽ മരണം വരെ മാതൃഭൂമി മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പത്രത്തെ പ്രതിസന്ധിഘട്ടത്തിൽ നിന്നു കരകയറ്റുക മാത്രമല്ല, ആധുനികവൽക്കരണം നടപ്പാക്കി 2ൽ നിന്ന് 15 എഡീഷനുകളിലേക്ക് വളർത്തി.
ഉജ്വലവാഗ്മിയായിരുന്ന വീരന്റെ പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ അറിവിന്റെ പാരാവാരം കാണിച്ചു തരുന്നവയായിരുന്നു. അതിന്റെ ബഹുസ്പുരണങ്ങളായിരുന്നു സാഹിത്യവും യാത്രാവിവരണവുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ രചിച്ച 24 പുസ്തകങ്ങൾ. യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന വീരേന്ദ്രകുമാർ 53 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ അപൂർവമായ ബഹുമുഖ പ്രതിഭയായിരുന്നു എം പി വീരേന്ദ്രകുമാർ.
– ജോയ് കള്ളിവയലിൽ.








