നിധീരിക്കൽ മാണി കത്തനാർ

#ഓർമ്മ

നിധീരിക്കൽ മാണിക്കത്തനാർ.

നിധീരിക്കൽ മാണിക്കത്തനാരുടെ
(1842 – 1904) ജന്മവാർഷികദിനമാണ്
മെയ് 27.

ഭാഷാപോഷിണി 1920ൽ കേരളത്തിൻ്റെ മഹത്പുത്രന്മാരിൽ ഒരാളായി, ശങ്കരാചാര്യർ, മാർത്താണ്ഡവർമ്മ, രാജാ കേശവദാസൻ, തുടങ്ങിയ മഹാന്മാരോടോപ്പം , തെരഞ്ഞെടുത്ത ബഹുമുഖപ്രതിഭയാണ്
മാണിക്കത്തനാർ.
തിരുവിതാംകൂർ നാട്ടുരാജ്യത്ത്, കുറവിലങ്ങാട്ട്, അതിസമ്പന്നമായ നിധീരിക്കൽ കുടുംബത്തിൽ ജനിച്ച ഇമ്മാനുവൽ നിധീരി 19 ആം നൂറ്റാണ്ടിലെ സുറിയാനി കത്തോലിക്കാ സമുദായത്തിൻ്റെ അനിഷേധ്യനേതാവായിരുന്നു.
തൻ്റെ ബുദ്ധിയും കഴിവും സമ്പത്തുമെല്ലാം സമുദായത്തിൻ്റെ ഉന്നമനത്തിനായി അദ്ദേഹം ചെലവഴിച്ചു.
വിദേശ മിഷനറിമാരുടെ ഭരണത്തിൽ കീഴിലായിരുന്ന സഭക്ക് തദ്ദേശീയ നേതൃത്വം ലഭിക്കുന്നതിനായി അദ്ദേഹം നടത്തിയ ധീരയജ്ഞം സുറിയാനിസഭക്കു മാത്രമായി കോട്ടയം , തൃശൂർ വികാരിയത്തുകൾ സ്ഥാപിക്കാൻ റോമിനെ നിർബന്ധിതമാക്കി. പക്ഷേ മെത്രാന്മാരായ ലെവീഞ്ഞും മെഡ്‌ലിക്കൊട്ടും വിദേശികൾ തന്നെയായിരുന്നു. കോട്ടയത്ത് വികാരി ജനറാളായി മാണിക്കത്തനാരെ നിയമിച്ചത് ജനങ്ങളെ ആശ്വസിപ്പിച്ചു.
ഇതിനിടയിൽ സിറിയയിൽ നിന്നും വന്ന ചില മെത്രാന്മാർ റോമിൽ നിന്ന് അയച്ചവരാണ് എന്നു കരുതിയ ഒരു വിഭാഗം അവരുടെ അനുയായികളായി മാറിയിരുന്നു. തൃശൂർ പട്ടണത്തിലെ ഇന്നത്തെ ബസിലിക്ക പള്ളി വരെ പിന്നീട് സൂറായികൾ എന്ന് വിളിക്കപ്പെട്ട വിഭാഗത്തിൻ്റെ അധീനതയിലായി. മാണിക്കത്തനാരുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി അവരിൽ ബഹുഭൂരിപക്ഷവും മാതൃസഭയിൽ തിരിച്ചെത്തി.
തിരുവിതാംകൂറിൽ, കുപ്രസിദ്ധമായ മാനു ശങ്കു കേസിൽ പീഡനത്തിനിരയായ ഈഴവസമുദായത്തിൻ്റെ രക്ഷക്കെത്തി അനുകൂലവിധി സമ്പാദിച്ചത് മാണിക്കത്തനാരാണ് .
കൂനൻകുരിശു സത്യത്തിനുശേഷം ഭിന്നിച്ചുപോയ മാർതോമാ ക്രിസ്ത്യാനികളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക എന്നതായിരുന്നു ഈ സമുദായസ്നേഹിയുടെ ജീവിതലക്ഷ്യം . അതിനായി വട്ടശ്ശേരിൽ മാർ ദിവന്യാസിയോസ് തിരുമേനിയുമൊത്ത് നസ്രാണി ജാത്യക്യ സംഘം ഉണ്ടാക്കി സ്വന്തം കുടുംബസ്വത്ത് ഉപയോഗിച്ച് കോട്ടയത്തെ മനോരമക്കുന്ന് വാങ്ങി. സുറിയാനിക്കാർക്ക് സ്വന്തമായി ഒരു കോളെജ് എന്നതായിരുന്നു ലക്ഷ്യം.
പക്ഷേ യൂറോപ്പിൽ, പ്രൊട്ടസ്റ്റൻ്റ് വിരോധത്തിൽ വളർന്ന ലെവീഞ്ഞ് മെത്രാൻ അന്യസമുദായക്കാരുമായുള്ള എല്ലാ ബന്ധവും വിലക്കി. തൻ്റെ ആസ്ഥാനംതന്നെ അദ്ദേഹം കോട്ടയത്തുനിന്ന് ചങ്ങനാശേരിയിലേക്ക് മാറ്റി. അവിടെ സ്വന്തമായി സെൻ്റ് ബർക്മാൻസ് സ്കൂൾ ( പിന്നീട് കോളെജ്) സ്ഥാപിച്ചു.
നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന നിധീരിക്കൽ മാണിക്കത്തനാർ നാടിന് നൽകിയ ഏറ്റവും ഓർമ്മിക്കപ്പെടുന്ന സംഭാവന മലയാളത്തിലെ ഏറ്റവും പഴയ പത്രമായ ദീപികയുടെ ( അന്നു നസ്രാണി ദീപിക) സ്ഥാപകൻ എന്നനിലയിലായിരിക്കും.
വ്യക്തിപരമായി ഏറ്റവും അഭിമാനംകൊള്ളുന്ന കാര്യം എൻ്റെ കള്ളിവയലിൽ കുടുംബവും, ഭാര്യ ശശികലയുടെ കൊച്ചിക്കുന്നേൽ കുടുബവും, നിധീരിക്കൽ കുടുംബവുമായി തലമുറകളായി നിലനിൽക്കുന്ന ബന്ധമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *