#ഓർമ്മ
ഐ സി ചാക്കോ.
ഐ സി ചാക്കോയുടെ (1875-1966) ചരമവാർഷികദിനമാണ്
മെയ് 27.
ഉന്നതവിദ്യാഭ്യാസം നേടുന്നതിൽ സുറിയാനി കത്തോലിക്കർ വിമുഖരായിരുന്ന ഒരു കാലത്ത് ഇംഗ്ലണ്ടിൽപ്പോയി പഠിച്ച് ഉന്നത ഉദ്യോഗം വഹിക്കുമ്പോൾതന്നെ, കവിയും, വ്യാകരണപണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, കാർഷികവിദഗ്ധനും, വ്യവസായ വിദഗ്ധനുമായിരുന്ന, ബഹുമുഖപ്രതിഭയാണ് ഐ സി ചാക്കോ.
കുട്ടനാട്ടിലെ പുളിങ്കുന്നിൽ ഇല്ലിപ്പറമ്പിൽ തറവാട്ടിൽ ജനിച്ച ഐ സി, തിരുവിതാംകൂർ സർക്കാരിന്റെ സ്കോളര്ഷിപ്പോടെ ലണ്ടൻ സർവകലാശാലയിൽ നിന്ന് ഫിസിക്സിലും മൈനിങ്ങിലും ഉന്നതബിരുദം നേടി തിരിച്ചെത്തി സർക്കാർ സർവീസിൽ വ്യവസായ ഡയറക്ടർ വരെ ഉയർന്നു. സർക്കാർ സർവീസിൽ എല്ലാ സമുദായങ്ങൾക്കും അർഹമായ പ്രാതിനിധ്യം കിട്ടുന്നതിനുവേണ്ടി നടത്തിയ
ജനാധിപത്യസമരങ്ങൾക്ക് പിന്നിൽനിന്നു പിന്തുണ നൽകിയ ഐ സിയുടെ സംഭാവനയാണ് നിവർത്തനം ( നിസ്സഹകരണം ) എന്ന വാക്ക്.
ഐ സി ചാക്കോക്ക് നിതാന്തയശസ്സ് നേടിക്കൊടുത്തത് പാണിനീയ പ്രദ്യോദയം എന്ന വ്യാകരണകൃതിയാണ് – സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ മഹദ്ഗ്രന്ഥം.
കവി എന്ന നിലയിൽ പ്രശസ്തം, ക്രിസ്തു സഹസ്രനാമം എന്ന സംസ്‌കൃതകാവ്യമാണ്.
കേരളത്തെ പിടിച്ചുകുലുക്കിയ ഒന്നാണ് സഭാതർക്കങ്ങൾക്കൊടുവിൽ ഐ സി ചാക്കോക്ക് എതിരെ കെ എം ഡാനിയൽ നൽകിയ മാനനഷ്ടക്കേസ്. ചാക്കോക്ക് അനുകൂലമായിരുന്നു വിധി.
ഇന്ത്യയിലെ മിനറൽ വ്യവസായത്തിനു തുടക്കമിട്ടത് കേരളതീരത്തെ ഇൽമനൈറ്റിന്റെ സാധ്യത കണ്ടെത്തിയ ഐ സി ചാക്കോയാണ്. റബറിന്റെ ഭാവി മുന്നിൽക്കണ്ട ഐ സി തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാൻ സ്വന്തം കുടുംബത്തെതന്നെ മുന്നിൽ നിർത്തി.
കേരള കത്തോലിക്കാസഭയുടെ മിന്നുന്ന നക്ഷത്രമായിരുന്ന നിധീരിക്കൽ മാണി കത്തനാരുടെ അനുജൻ സിറിയക്ക് നിധീരി വക്കീലിന്റെ മകളായിരുന്നു ഭാര്യ. സ്വന്തം സഹോദരൻ മക്കളില്ലാതെ മരിച്ചതോടെ, കണക്കറ്റ ഭൂസ്വത്തിന് ഭാര്യ ഉടമയായിത്തീർന്നു. അതു കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായ അഭിപ്രായഭിന്നത അദ്ദേഹവും ഭാര്യയുമായി അകലുന്നതിൽ കലാശിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയ മകൻ ഒരു മദാമ്മയെ വിവാഹംചെയ്തു വിദേശത്തു താമസമാക്കിയതോടെ മകളുടെ സംരക്ഷണയിലായിരുന്നു ആലപ്പുഴയിൽ 91 വയസ്സുവരെ ജീവിച്ച ഐ സിയുടെ അവസാനകാലം.
– ജോയ് കള്ളിവയലിൽ.
https://youtu.be/0Gr9Y9dBals
Posted inUncategorized