#ചരിത്രം
#ഓർമ്മ
നക്സൽബാരി ദിനം.
മെയ് 25 നക്സൽബാരി ദിനമാണ്.
“അമർ ബാരി, തുമാർ ബാരി, നക്‌സൽബാരി, നക്‌സൽബാരി”.
കിഴക്കൻ ചക്രവാളത്തിൽ വസന്തത്തിൻ്റെ ഇടിമുഴക്കം എന്ന് മാവോ വിശേഷിപ്പിച്ച പ്രസ്ഥാനത്തിൻ്റെ തുടക്കം 1967 മെയ് 25ന് ബംഗാളിലെ നക്സൽബാരി ബ്ലോക്കിൽപ്പെട്ട പ്രസാദുജോട് ഗ്രാമത്തിലായിരുന്നു.
നിയമപരമായി തങ്ങൾക്ക് അവകാശപ്പെട്ട കൃഷിഭൂമി ഭൂപ്രഭുക്കളുടെ കയ്യിൽനിന്ന് തിരിയെപിടിക്കാൻ ഒരു പറ്റം കൃഷിക്കാരും, ആദിവാസികളും മുതിർന്നു. അവരെ മർദിച്ചൊതുക്കാൻ ശ്രമിച്ച പോലീസുകാർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ നരനായാട്ടിൽ 9 ഗ്രാമവാസികൾ രക്തസാക്ഷികളായി.
സമരത്തിന് നേതൃത്വം കൊടുത്ത കനു സന്യാൽ, ജങ്ങൾ സന്താൾ തുടങ്ങിയവർ ഒളിവിൽപോയി.
കർഷകരുടെ വിമോചനത്തിന് റഷ്യൻ മാതൃകയേക്കാൾ ചൈനീസ് മാതൃകയാണ് നല്ലത് എന്ന് വിശ്വസിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ചാരു മജുംദാർ ആയിരുന്നു പ്രസ്ഥാനത്തിന് നേതൃത്വംകൊടുത്തത്.
ഇന്ത്യയിലാകെ നക്‌സൽബാരി പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായി. 1967 മുതൽ 69 വരെ കർഷകരും ആദിവാസികളുമായിരുന്നു അണികളെങ്കിൽ, 1969 മുതൽ 72 വരെ നീണ്ട രണ്ടാം ഘട്ടത്തിൽ നഗരവാസികളായ വിദ്യാർത്ഥികളും യുവാക്കളും പ്രസ്ഥാനത്തിന് ശക്തിപകർന്നു. തെലുഗു കവി ഗദർ തുടങ്ങിയവർ നക്സൽബാരിയുടെ സംഭാവനയാണ്.
അതിക്രൂരമായ രീതിയിലാണു ഭരണകൂടം പ്രസ്ഥാനത്തെ അടിച്ചമർത്തിയത്. ആയിരങ്ങൾ കൊലചെയ്യപ്പെട്ടു. ചാരു മജുംദാർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു.
കേരളത്തിലും നക്സലൈറ്റ് പ്രസ്ഥാനം സജീവമായിരുന്നു.
നക്സലൈറ്റ് പ്രസ്ഥാനം നൽകിയ മുന്നറിയിപ്പ് ഭൂപരിക്ഷ്കരണ നടപടികൾ കൈക്കൊള്ളാൻ വിവിധ സംസ്ഥാന സർക്കാരുകളെ നിർബന്ധിതരാക്കി.
അരനൂറ്റാണ്ടിനു ശേഷവും സർക്കാരുകൾ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് നക്സലൈറ്റ്കളെയാണ്.
അക്രമരാഷ്ട്രീയത്തിനു നേതൃത്വം നൽകുന്നവർക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾക്ക് അർഹതയില്ല എന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന കേരളസര്ക്കാർ പോലും സ്വീകരിച്ചിരിക്കുന്നത്. ഏറ്റുമുട്ടൽ കൊലപാതകത്തിനും, UAPA ചുമത്തി അനുഭാവികളെ വരെ ജെയിലിലടക്കാനും ഒരു മടിയുമില്ല. എന്നിട്ടും നക്സലൈറ്റ് പ്രസ്ഥാനത്തെ തീരെ ഇല്ലാതാക്കാൻ അരനൂറ്റാണ്ടിനു ശേഷവും കഴിഞ്ഞിട്ടില്ല എന്നത് സമൂഹത്തിലെ ഉച്ചനീചത്തങ്ങൾ ഇല്ലാതായിട്ടില്ല എന്നതിൻ്റെ പ്രതിഫലനമാണ്.
– ജോയ് കള്ളിവയലിൽ.





