#ഓർമ്മ
ലോക ഫുട്ബോൾ ദിനം.
മെയ് 25 ലോക ഫുട്ബോൾ ദിനമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ഇഷ്ട കായികവിനോദമാണ് ഫുട്ബോൾ.
കാൽപന്തു കളി ചരിത്രാതീതകാലം മുതലെയുണ്ടെങ്കിലും ആധുനിക ഫുട്ബോളിൻ്റെ ചരിത്രം ആരംഭിക്കുന്നത് 19 ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്നാണ്. താമസിയാതെ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം മുഴുവൻ ഫുട്ബോൾ കളി വ്യാപിച്ചു.
അമേരിക്കക്കാർ റഗ്ബി എന്ന സ്വന്തം ഫുട്ബോൾ കളിയിലാണ് താൽപര്യം കാണിച്ചിരുന്നത്. ഫുട്ബോളിനെ അവർ സോക്കർ എന്ന് വിളിച്ച് അവഗണിച്ചിരുന്ന കാലം കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സി ഇപ്പൊൾ കളിക്കുന്നത് അമേരിക്കയിലെ മിയാമിയിലാണ്.
60 കൊല്ലം മുൻപ് എൻ്റെ സ്കൂൾ പഠനകാലത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളികളിൽ ഒന്നായിരുന്നു ഫുട്ബോൾ. പ്രമുഖ പട്ടണങ്ങളിൽ നടന്നിരുന്ന ടൂർണമെൻ്റുകൾ ഇന്ത്യയിലെ പ്രമുഖ താരങ്ങളെ കാണാനും കളി ആസ്വദിക്കാനുള്ള അവസരങ്ങൾ നൽകി. കോഴിക്കോട്ടെ വെർഗോട്ടിനി ട്രോഫി, ത്രിശൂരെ ചാക്കോള ട്രോഫി, കോട്ടയത്തെ മാമ്മൻ മാപ്പിള ട്രോഫി, ഒക്കെ ഓർമ്മ വരുന്നു.
കുണ്ടറ അലിൻഡും കളമശ്ശേരി പ്രിമിയർ ടയേഴ്‌സും മറ്റും പ്രശസ്തമായ ടീമുകൾ ആയിരുന്നു. കാലം മാറിയപ്പോൾ ക്രിക്കറ്റ് ആയി യുവതലമുറയുടെ ഇഷ്ടപ്പെട്ട കളി.
ടെലിവിഷൻ്റെ വരവോടെയാണ് ലോക ഫുട്ബോളിൻ്റെ വിസ്മയങ്ങൾ മലയാളിയുടെ മുന്നിലെത്തിയത്. മെക്സിക്കോ ലോക കപ്പ് ഉറക്കമിളച്ച് കണ്ടത് ഇന്നും ഓർമ്മയിലുണ്ട്. മറഡോണ അങ്ങനെ ഇന്ത്യാക്കാരുടെ ഹൃദയത്തിലും കയറിപ്പറ്റി.
ഇൻ്റർനെറ്റ് വിപ്ലവം വന്നതോടെ യൂറോപ്പിലെ എല്ലാ മത്സരങ്ങളും തൽസമയം കാണികളുടെ മുന്നിൽ എത്തുന്നു. മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ്റെ കളികൾ കാണാൻ കഴിയുന്നത് എൻ്റെ തലമുറയുടെ സൗഭാഗ്യമാണ്. കളിക്കാർ മാത്രമല്ല കോച്ചുകളും ഇന്ന് കാണികൾക്ക് സുപരിചിതരും ആരാധ്യരുമാണ് .
വിദേശ കളിക്കാരുടെ വരവോടെ ഇന്ത്യൻ ഫുട്ബോൾ ലീഗിനും കാണികൾ ഉണ്ട്. ഫുട്ബോളിൽ
ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടട്ടെ എന്ന് ആശംസിക്കാം.
– ജോയ് കള്ളിവയലിൽ.


