#ഓർമ്മ
പണ്ഡിറ്റ് കെ പി കറുപ്പൻ.
മെയ് 24
കവിതിലകൻ
കെ പി കറുപ്പൻ്റെ
ജന്മവാർഷിക ദിനമാണ്.
കവിയും, നാടകകൃത്തും,
സാമൂഹിക പരിഷ്കര്‍ത്താവും, ആയിരുന്ന പണ്ഡിറ്റ് കറുപ്പന്റെ ജീവിതം കേരളത്തിലെ ജാതി വ്യവസ്ഥിതിയോടുള്ള കലഹങ്ങളുടെ ചരിത്രം കൂടിയാണ്.
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിലാണു ജനിച്ചത്, അരയ-വാല സമുദായത്തിൽ. മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ (കെ.പി. കറുപ്പൻ).
കൊടുങ്ങല്ലൂര്‍ കോവിലകത്താണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തിയത്. കൊച്ചി രാജാവ് പ്രത്യേക താല്പര്യം എടുത്തതുകൊണ്ട് കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെയും കൊച്ചുണ്ണി തമ്പുരാന്റെയും ശിക്ഷണത്തില്‍ സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടി. അതിനുശേഷം കൊച്ചി മഹാരാജാസ് കോളേജില്‍ അധ്യാപകനായി ജോലി കിട്ടി. 1925-ല്‍ കൊച്ചിന്‍ ലെജിസ്ലേറ്റീവ്
കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം ഗേൾസ് ഹൈസ‌്കൂളിൽ ആയിരുന്നു നിയമനം കിട്ടിയത്. അവര്‍ണ്ണന്‍ അദ്ധ്യാപകനായത് സവര്‍ണ്ണര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കുട്ടികളെ പഠിപ്പിനു അയക്കാതെ വലിയ പ്രക്ഷോഭം സവര്‍ണ്ണര്‍ ആരംഭിച്ചു. എന്നാല്‍ കൊച്ചി രാജാവ് ഇത് അനുവദിക്കാന്‍ തയ്യാറായില്ല.
“വിദ്യാർഥികളോ അധ്യാപകർ തന്നെയോ സ‌്കൂൾ ബഹിഷ‌്കരിക്കുന്നതിലും വിട്ടുപോകുന്നതിലും വിരോധമില്ല. എന്നാൽ അധ്യാപകനായ കറുപ്പനെ പിൻവലിക്കുന്ന പ്രശ്നമില്ല” എന്നായിരുന്നു രാജാവിന്റെ തിരുവെഴുത്ത്.
പിന്നീട് മഹാരാജാസ് കോളേജിൽ മലയാളം വകുപ്പിലെ അധ്യാപകനായ അദ്ദേഹത്തെ വകുപ്പ് തലവനാക്കിയപ്പോഴും എതിർപ്പുകൾ ഉയർന്നു. എന്നാൽ എതിർപ്പുള്ളവർക്ക് പോകാം, ആ ക്ലാസ‌് കൂടി കറുപ്പൻ കൈകാര്യം ചെയ്യുമെന്നായിരുന്നു രാജശാസന.
പതിനാലാം വയസ്സില്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ കറുപ്പൻ ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് “ജാതിക്കുമ്മി”.
ആ കാലത്തു നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്തങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു പുസ്തകം. 1905ലാണ് “ജാതിക്കുമ്മി” രചിക്കപ്പെട്ടതെങ്കിലും അച്ചടിച്ചത് 1912ലാണ്. ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ആശാന്റെ “ദുരവസ്ഥ” പുറത്തുവരുന്നതിനു ഒരു ദശാബ്ദം മുൻപ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. കൊച്ചിയിലെ ജീവിതത്തിനിടയില്‍ പുലയ സമുദായങ്ങളുടെ ജീവിതദുരിതമാണ് കറുപ്പനെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഈ കവിത ഉടലെടുക്കാന്‍ ഉണ്ടായ പ്രധാന കാരണവും അതായിരുന്നു.
“കാളിയരയത്തി പെറ്റതല്ലേ
കേളിയേറും വ്യാസമാമുനിയേ
നാളിക നേത്രയേ ശന്തനു രാജാവും
വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
കോളാക്കിയോ തീണ്ടൽ ജ്ഞാനപ്പെണ്ണേ”
അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കൊച്ചിരാജ്യത്തിന്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂർ പ്രദേശങ്ങളിലും പാടിയും പകർത്തിയും ഒട്ടേറെപ്പേർ അത് ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങൾ പാടിക്കളിക്കയും ചെയ്തിരുന്നു. കീഴാളജനങ്ങൾക്കിടയിൽ പ്രചരിച്ച “ജാതിക്കുമ്മി” ഉണർത്തിയ യുക്തിബോധം കരുത്താർജിച്ചതിന്റെ ഫലമായിട്ടാണ് “കൊച്ചി പുലയമഹാജനസഭ” യുടെ ആദ്യസമ്മേളനം എറണാകുളം സെൻറ് ആൽബർട്ട് ഹൈസ്കൂളിൽ നടക്കാനിടയായത്.
പ്രമുഖ സാഹിത്യകാരനും, മുന്‍ രാജ്യസഭാ എം.പിയും, സ്വാതന്ത്ര്യസമര സേനാനിയും, കീഴാളരുടെ ശബ്ദം സാഹിത്യ തറവാടുകളുടെ അകത്തളങ്ങളില്‍ എത്തിച്ചതില്‍ പ്രധാനിയുമായ ടി.കെ.സി വടുതല പറയുന്നത് ഇപ്രകാരമാണ്: “നിരക്ഷര കുക്ഷികളായ കേരളത്തിലെ പുലയരും അവരെപ്പോലുള്ള മറ്റു നിർഭാഗ്യവാന്മാരും “ജാതിക്കുമ്മി” യിലെ പല ഭാഗങ്ങളും അക്കാലത്തിനിടക്ക് ഹൃദിസ്ഥമാക്കിയിരുന്നു. എന്നുമാത്രമല്ല, സനാതനികൾ ഹരിനാമകീർത്തനങ്ങളും സന്ധ്യാനാമാദികളും ചൊല്ലുംപോലെ എന്നും രാത്രികാലങ്ങളിൽ തങ്ങളുടെ കുടിലുകൾക്കകത്തിരുന്ന് അവരത് പാടി രസിക്കുകയും പതിവായിരുന്നു. “ജാതിക്കുമ്മി” അത്രയേറെ ജനസ്വാധീനം ആർജിച്ചശേഷമാണ് “ദുരവസ്ഥ” പ്രത്യക്ഷപ്പെട്ടതുതന്നെ.
“അമ്മാനക്കുമ്മി” എന്ന നാടൻശീലിൽ 141 പാട്ടുകളാണ് “ജാതിക്കുമ്മി”യിലുള്ളത്. അതീവലളിതമായ ഭാഷയിൽ കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന . ആദിശങ്കരന്റെ അനുഭവത്തെ പരാമർശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാൻ പോകുന്ന ശങ്കരാചാര്യർക്ക് പറയ സമുദായത്തിൽപ്പെട്ട രണ്ടുപേർ മാർഗതടസം ഉണ്ടാക്കുന്നു. തുടർന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കിൽ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നൽകിയാണ് കൃതി അവസാനിക്കുന്നത്. ആത്മാവാണോ ശരീരമാണോ വഴി മാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയൻ ചോദിക്കുന്നു. “ഗാത്രത്തിനോ തീണ്ടലാത്മാവിനോ?” എന്ന പറയന്റെ ചോദ്യത്തിനു മുന്നിൽ ആചാര്യസ്വാമിയുടെ ജാതിഗർവം അസ്തമിക്കുന്നു.
“ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!
-തീണ്ടൽ
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!”
“ജാതിക്കുമ്മി” പ്രസിദ്ധീകരിച്ചപ്പോള്‍ അവതാരിക എഴുതിയ മണ്ണത്താഴത്ത് നാരായണമേനോന്റെ വാക്കുകള്‍:
“തന്റെ സമുദായവും അതുപോലെയുള്ള മറ്റു സമുദായങ്ങളും ഒരുപോലെ അനുഭവിച്ചുവന്നിരുന്ന തീണ്ടൽപിശാചോപദ്രവങ്ങളെ ചൂണ്ടിക്കാണിക്കുകയും അവകൊണ്ടു് സമുദായാഭ്യുന്നതിക്കു് നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങളേയും ഹിന്ദുസമുദായത്തിനു് മൊത്തത്തിൽ ഇതുകൊണ്ടു സംഭവിച്ചിട്ടുള്ള മലിനതയെയും ഇതിൽ അദ്ദേഹം പ്രസ്പഷ്ടമാകുംവണ്ണം വിവരിച്ചിട്ടുണ്ടു്. പ്രസ്തുത കൃതി മി:കറുപ്പന്റെ കവിതോദ്യമങ്ങളിൽ ആദ്യത്തേതുകളിൽ ഉൾപ്പെട്ടിട്ടുള്ള ഒന്നാണു്. ഗൌരവമേറിയ വിഷയങ്ങളേയും ആശയങ്ങളേയും ലളിതവും മധുരവുമായ രീതിയിൽ സന്ദർഭോചിതമായ വാക്കുകളിൽ പറയുവാൻ മി: കറുപ്പന്നുള്ള സാമർത്ഥ്യം ഒന്നു വേറെതന്നെയാണു്. ഏകദേശം 35–38 കാലത്തോളം ഭാഷാദേവിയെ അതിഭക്തിയോടും വാത്സല്യത്തോടും കൂടി ഭജിച്ചു സാഹിത്യ നഭോമണ്ഡലത്തിൽ അതിപ്രകാശത്തോടുകൂടി തിളങ്ങിയിരുന്ന അദ്ദേഹത്തിന്റെ ഏതു കൃതികളും ഞാൻ ഈ മുൻപറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുമെന്നാണ് എന്റെ വിശ്വാസം.”
കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായല്‍സമ്മേളനത്തിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനാണ്. അധഃകൃതര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രില്‍ 21ആം തിയ്യതിയിലെ കായല്‍സമ്മേളനം. എറണാകുളം നഗരത്തിലെവിടെയെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നു സംഘാടകരുടെ തീരുമാനം. പക്ഷേ, സ്ഥലം നല്‍കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാര്‍ഭൂമിയില്‍ തൊട്ടുകൂടാത്തവരെ യോഗം ചേരാന്‍ മഹാരാജാവ് അനുവദിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വേദി കായലിലേക്കു മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ആലോചനകള്‍ക്കു ശേഷം അറബിക്കടലും കൊച്ചിക്കായലും ചേരുന്ന പ്രദേശം തിരഞ്ഞെടുത്തു. മീന്‍പിടിത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകെട്ടിയും, വള്ളങ്ങള്‍ കൂട്ടിക്കെട്ടിയും, നിരപ്പായ ഒരു പ്രതലം ഉണ്ടാക്കി. അതിനു മുകളില്‍ പലക വിരിച്ചതോടെ വേദി തയ്യാറായി. ചെറു വള്ളങ്ങളിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊണ്ടുവന്നത്. കൃഷ്ണാദി ആശാനെപ്പോലുള്ള നേതാക്കള്‍ കറുപ്പന്‍ മാഷോടൊപ്പം കൈമെയ് മറന്നു നിന്നപ്പോള്‍ സമ്മേളനം വന്‍വിജയമായി.
“ലോകചരിത്രത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു സംഭവം നടന്നതായി ഇന്നോളം കേള്‍ക്കാന്‍ ഇടയായിട്ടില്ല” എന്നാണ് ടി.കെ.സി വടുതല എഴുതിയത്. ഈ കായല്‍നടുവിലെ സമ്മേളനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിന്നീട് സമസ്ത കൊച്ചി പുലയമഹാസഭ രൂപം കൊണ്ടത്. എറണാകുളം നഗരത്തില്‍ താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാത്തതിനെതിരേ രണ്ടാമതൊരു ജലാശയസമരം കൂടി നടത്താന്‍ കറുപ്പന്‍ തീരുമാനിച്ചിരുന്നു. ഒരു കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മഹാരാജാവ് വരുമെന്ന വിവരം മനസ്സിലാക്കിയ പണ്ഡിറ്റ് കറുപ്പനും കൂട്ടാളികളും വള്ളങ്ങളുമായി കായലിലെത്തി. രാജാവ് വന്നതോടെ പോരാളികള്‍ ചെണ്ടകൊട്ടി മഹാരാജാവിന്റെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചു. സമരത്തിനു നേതൃത്വം കൊടുത്ത കറുപ്പനെ രാജാവ് ആളയച്ചു വരുത്തി. ആവശ്യങ്ങളും പരാതികളും വിശദാംശങ്ങളോടെ എഴുതിത്തയ്യാറാക്കി തന്നെ കാണാന്‍ രാജാവ് ആവശ്യപ്പെട്ടു. പരാതി വായിച്ച രാജാവ് താഴ്ന്ന ജാതിക്കാര്‍ക്ക് പട്ടണത്തില്‍ പ്രവേശിക്കാമെന്ന വിളംബരം പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭവും അവസാനിച്ചു.
മേല്‍പ്പറഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 1909 ല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളില്‍ പുലയരുടെ സമ്മേളനം നടന്നത്. പ്രസ്തുത സമ്മേളനത്തില്‍ 1500-ഓളം പുലയര്‍ സംബന്ധിച്ചിരുന്നു. സമ്മേളനത്തിന്റെ എല്ലാ ഏര്‍പ്പാടുകളും കറുപ്പന്‍ മാസ്റ്ററാണ് ചെയ്തത്. ആ സമ്മേളനത്തില്‍ വെച്ചാണ് “കൊച്ചി പുലയമഹാജനസഭ” രൂപീകരിച്ചത്. പിന്നീട് 5 മാസങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെവെച്ചുതന്നെ ദ്വിതീയ സമ്മേളനം ചേര്‍ന്നു. അത് അലങ്കോലപ്പെടുത്തുന്നതിനുവേണ്ടി സാമൂഹ്യദ്രോഹികള്‍ ആവതു പരിശ്രമിച്ചു. പക്ഷേ, മനുഷ്യാവകാശം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അതൊന്നും സാരമായി ബാധിച്ചില്ല.
അരയസമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. ഇടക്കൊച്ചിയില്‍ ആരംഭിച്ച ജ്ഞാനോദയം സഭ, ആനാപ്പുഴയില്‍ 1912ല്‍ ആരംഭിച്ച കളയാനദായിനി സഭ, കുമ്പളത്ത് ആരംഭിച്ച സന്മാര്‍ഗ്ഗപ്രദീപ സഭ, തേവരയില്‍ ആരംഭിച്ച സുധാര്‍മസൂര്യോദയസഭ, വൈക്കത്ത് ആരംഭിച്ച വാലസേവാ സമിതി, പറവൂര്‍ ആരംഭിച്ച സമുദായ സേവിനി, എന്നിവയാ യിരുന്നു അവ. 1907ല്‍ അരയസമാജവും, 1922ല്‍ അഖില കേരള അരയമഹാസഭയും അദ്ദേഹം സ്ഥാപിച്ചു. 1931ല്‍ പണ്ഡിറ്റ് കറുപ്പന് നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു.
‘കായല്‍ സമ്മേളന’ത്തിനു ശേഷം അധികം വൈകാതെ നടന്ന സംഭവമായിരുന്നു ഇന്നത്തെ സുഭാഷ് പാര്‍ക്കില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനം. ആ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ദിവാനായിരുന്ന ഡബ്ല്യു.ജെ.ഭോര്‍ എന്ന സായ്പും കറുപ്പന്‍ മാസ്റ്ററും സംബന്ധിച്ചിരുന്നു.
കറുപ്പന്‍ മാസ്റ്റര്‍ തന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: “പ്രദര്‍ശനത്തിന് വെച്ചിട്ടുള്ള വിളകള്‍ ഉണ്ടാക്കിയവര്‍ക്ക് പ്രദര്‍ശനം കാണുന്നതിനും സന്തോഷിക്കുന്നതിനും അവസരമില്ല.” ഇതുകേട്ട സായ്പ് കാര്യങ്ങള്‍ അന്വേഷിച്ചു. “അവര്‍ക്ക് ഈ കരയില്‍ കാലുകുത്തുന്നതിന് അവകാശമില്ല;” കറുപ്പന്‍ മാസ്റ്റര്‍ വിശദീകരിച്ചു. “ഇത് അനീതിയാണ്. അവരെങ്ങാനും ഇവിടെ ഉണ്ടെങ്കില്‍ പ്രദര്‍ശനസ്ഥലത്തേക്ക് വരട്ടെ;” സായ്പ് കല്‍പ്പിച്ചു. കറുപ്പന്‍ മാസ്റ്റര്‍ അവരോട് (പുലയരോട്) പ്രദര്‍ശനവേദിയിലേക്ക് കടന്നുവരാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ വന്നു. പ്രദര്‍ശനം കണ്ട് സന്തുഷ്ടരായി മടങ്ങിപ്പോയി. കൊച്ചി നഗരത്തിന്റെ സിരാകേന്ദ്രത്തില്‍ പുലയരുടെ കാല് ആദ്യമായി പതിഞ്ഞത് അന്നായിരുന്നു.
അന്ന് എറണാകുളത്തും പരിസരപ്രദേശത്തെ ദ്വീപുകളിലും മുളവുകാട്, വൈപ്പിന്‍കര, ചേരാനല്ലൂര്‍, വടക്കന്‍ പറവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും, അരയരും പുലയരുമല്ലാത്ത അയിത്തജാതിക്കാര്‍ കുറവായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മതപരമായും എല്ലാം അവര്‍ തുല്യ ദു:ഖിതരായിരുന്നു. അവരെ കറുപ്പന്‍ മാസ്റ്റര്‍ ഒന്നായിക്കണ്ടു. അവരുടെ ഇടയിലുള്ള ജാതിവ്യത്യാസം മാസ്റ്റര്‍ കണ്ടില്ല. അവരിലെ പിന്നോക്കാവസ്ഥയും അജ്ഞതയും ദാരിദ്ര്യവും മറ്റുമാണ് അദ്ദേഹം ശ്രദ്ധിച്ചത്. അന്ന് ആ പ്രദേശത്തുണ്ടായിരുന്ന ഈഴവരും ലത്തീന്‍ ക്രിസ്ത്യാനികളുമെല്ലാം സാമ്പത്തികമായും സാമൂഹികമായും മറ്റു വിധത്തിലും അരയ-പുലയസമുദായങ്ങളേക്കാള്‍ ഏറെ മെച്ചപ്പെട്ടവരായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ പുലയരുമായി പന്തിഭോജനം നടത്തിയതിന്റെ പേരില്‍ അയ്യപ്പനേയും സഹപ്രവര്‍ത്തകരേയും സമുദായത്തില്‍ നിന്നും പുറംതള്ളിയവരാണ് ഈഴവര്‍. ‘പുലയനയ്യപ്പന്‍’’എന്ന പേര് അദ്ദേഹത്തിന് നല്‍കിയത് അവര്‍ തന്നെയാണ്. മാസ്റ്റര്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത് അരയ-പുലയ സമുദായങ്ങളിലായിരുന്നു.
1919-ല്‍ കറുപ്പന്‍ ‘ബാലാകലേശം’ എന്ന നാടകം രചിച്ചു. കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകമല്‍സരത്തില്‍ അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. രാജ്യത്തെ പൊതുവഴികളില്‍ എല്ലാ മനുഷ്യര്‍ക്കും വഴിനടക്കാം എന്നായിരുന്നു നാടകത്തിൻ്റെ സന്ദേശം. പൊതുവഴിയിലൂടെ സഞ്ചരിച്ച പുലയനെ മര്‍ദ്ദിച്ച സവര്‍ണനെ തൂക്കിക്കൊല്ലാനും, മറ്റുള്ളവരെ നാടുകടത്താനും, അയിത്താചാരണം ശിക്ഷാര്‍ഹമാണെന്ന നവോത്ഥാന സന്ദേശം നല്‍കിയും നാടകം അവസാനിക്കുന്നു. മല്‍സരത്തില്‍ ഈ നാടകത്തിനായിരുന്നു പുരസ്‌കാരം. പണ്ഡിറ്റ് കറുപ്പന്‍ കൊച്ചിരാജാവിന്റെ കീഴിലുള്ള സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലിരിക്കെ എഴുതിയ “ബാലാകലേശം” വായിച്ചശേഷം ഡോ. പല്‍പ്പു ചോദിച്ചത് ‘’ഇതെഴുതിയതിനുശേഷവും നിങ്ങളെ സര്‍വീസില്‍ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ പുലയന്‍ അനുഭവിക്കുന്ന യാതനകളും രാജഭരണത്തിന്റെ നീതിന്യായ വ്യവസ്ഥിതികളെയും നാടകം ചോദ്യംചെയ്തിരുന്നു. സ്വന്തം സമുദായത്തേക്കാള്‍ മറ്റുള്ള സമുദായക്കാരുടെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് കറുപ്പന്‍ സാഹിത്യരചന നിര്‍വഹിച്ചത്.
പണ്ഡിറ്റ് കറുപ്പൻ രചിച്ച “ബാലകലേശം” എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിച്ച ഈ കൃതിയെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് ധീവര സമുദായത്തിൽ ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. “ബാലകലേശം” എന്ന നാടകം പുറത്തു വന്നപ്പോള്‍ “വാലകലേശം” എന്ന് പറഞ്ഞു പരിഹസിക്കുക ആയിരുന്നു രാമകൃഷ്ണപിള്ള ചെയ്തത്. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപിള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.
കറുപ്പന്റെ നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരിയാണ്. കഥയിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് ഒരു വലിയ സാമൂഹ്യതിന്മയായി രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. എന്തു തെറ്റു ചെയ്താലും ഒരു ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിച്ചുകൂടാ എന്നാണ് ‘മനുസ്മൃതി’ അനുശാസിക്കുന്നത്. ബ്രാഹ്മണന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ നാടുകടത്തലാണ്. ഒരു രാജാവിന്റെ രാജ്യത്ത് നിന്ന് മറ്റൊരു രാജാവിന്റെ രാജ്യത്തേക്ക് അയയ്ക്കുക എന്നതുമാത്രം.
ഒരു ബ്രാഹ്മണനെ സൽക്കരിക്കാനുള്ള അവസരം ലഭിക്കുക എന്നത് ഒരു രാജാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി കരുതിയിരുന്ന കാലത്ത് ഒരു ബ്രാഹ്മണൻ തെറ്റു ചെയ്താൽ അയാളെ ഒരു പുതിയ രാജാവിന്റെ സൽക്കാരത്തിന് പറഞ്ഞു വിടുക എന്നത് ഒരു ശിക്ഷയാണോ എന്നുകൂടി നമ്മളോർക്കണം.
ലോകത്തിൽ ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബ്രാഹ്മണനേയും പശുക്കളേയും പൂജിക്കണമെന്ന ധർമ്മം നിലനിന്ന കാലമാണത്. അതിന് വിപരീതമായി കറുപ്പൻ തെറ്റു ചെയ്തു; ബ്രാഹ്മണന് തന്റെ കഥയിൽ വധശിക്ഷ നൽകി അതാണ് ബാലാകലേശം എന്ന നാടകത്തിൽ രാമകൃഷ്ണപിള്ള കണ്ടു പിടിച്ച ഒരു വലിയ തെറ്റ്.”ബാലാ കലേശം” എന്ന അതിന്റെ പേര് രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ സമുദായത്തെ ചേർത്താക്ഷേപിച്ച് “വാലാകലേശം” എന്നാക്കിമാറ്റി.
1926-ല്‍ മദിരാശി ഗവര്‍ണറായിരുന്ന ഘോഷന്‍ പ്രഭുവിൻ്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് മഹാരാജാവ് ഒരു വിരുന്നു നടത്തി. നിയമസഭാ സാമാജികരടക്കമുള്ള പ്രമുഖരെയെല്ലാം ക്ഷണിച്ചിരുന്ന ആ വിരുന്നില്‍ നിയമസഭാ സാമാജികനായിരുന്നിട്ടും കറുപ്പനെ ജാതിയുടെ പേരില്‍ ക്ഷണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് “ഉദ്യാനവിരുന്ന് അഥവാ ഒരു ധീവരൻ്റെ ആവലാതി” എന്ന കൃതി രചിച്ച് രാജാവിനു സമര്‍പ്പിച്ചത്. ആത്മാഭിമാനിയായ കവി സ്വന്തം ജീവരക്തം കൊണ്ടെഴുതിയ ആ കാവ്യം പില്‍ക്കാലത്ത് ഏറെ ശ്രദ്ധേയമാവുകയുണ്ടായി.
“1928-ല്‍ ആണ് ‘ആചാരഭൂഷണം’ പണ്ഡിറ്റ് കറുപ്പന്‍ പ്രസിദ്ധീകരിക്കുന്നത്. അത് പി.സി.ചാഞ്ചന്‍, കെ.പി.വള്ളോന്‍ തുടങ്ങിയ മുഴുവന്‍ സമുദായപ്രവര്‍ത്തകരും കയ്യില്‍ കൊണ്ടുനടന്ന വേദപുസ്തകമായിരുന്നു. മരണം സംഭവിച്ച വീടുകളില്‍ അലമുറയിടുന്നതിനു പകരം ശാന്തിഗീതം ചൊല്ലണമെന്ന് ‘ആചാരഭൂഷണം’ നിര്‍ദ്ദേശിക്കുന്നു. “ എന്നാണ് പണ്ഡിറ്റ് കറുപ്പന്റെ ബന്ധുവും കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ ഫൗണ്ടേഷന്റെ ചെയർമാനും ആയ ഡോ.ഗോപിനാഥ് പാനങ്ങാട് പറയുന്നത്.
“മറ്റ് നവോത്ഥാനനായകന്മാരെല്ലാവരും അവരവരുടെ സമുദായത്തിന്റെ സംഘടനകള്‍ ഉണ്ടാക്കുകയും അതത് സമുദായങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌തെങ്കില്‍ തന്റെ സമുദായത്തിലും താഴ്ന്നവര്‍ എന്നു കരുതപ്പെട്ടിരുന്ന പുലയര്‍ മുതല്‍ നായാടി വരെയുള്ള സമുദായങ്ങള്‍ക്കു സംഘടന ഉണ്ടാക്കുകയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം നയിക്കുകയും ചെയ്ത ഏക നവോത്ഥാനനായകന്‍ പണ്ഡിറ്റ് കറുപ്പനാണ്” എന്നാണ് പണ്ഡിറ്റ് കറുപ്പന്റെ തിരഞ്ഞെടുക്കപ്പെട്ട കൃതികളുടെ പഠനത്തില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നിരീക്ഷിച്ചത്.
അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പന്‍ ഫിഷറീസ് വകുപ്പില്‍ ഗുമസ്തനായി, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കണ്‍വീനറായി, കൊച്ചി ഭാഷാപരിഷ്‌കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി, നാട്ടുഭാഷാ സൂപ്രണ്ടായി. അധഃകൃതരുടെ വിദ്യാഭ്യാസത്തിന്റെ ചുമതലയും മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ പൗരസ്ത്യ ഭാഷാപരീക്ഷാ ബോര്‍ഡ് മെംബറായും അതിന്റെ ചെയര്‍മാനായും അവസാനം എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം ലക്ചററായും സേവനമനുഷ്ഠിച്ചു. “കേരള ലിങ്കന്‍” എന്നാണ് പണ്ഡിറ്റ് കറുപ്പന്‍ അറിയപ്പെടുന്നത്.
തന്നെ രണ്ടാമതും കൊച്ചി നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ തയ്യാറായപ്പോള്‍ അദ്ദേഹം അതു നിരസിക്കുകയും ഇനി ഒരു പുലയനാണ് ആ സ്ഥാനത്ത് വരേണ്ടത് എന്നഭിപ്രായപ്പെടുകയും പി.സി. ചാഞ്ചന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. കറുപ്പന്‍ മാസ്റ്റര്‍ ചാഞ്ചനെ ശുപാര്‍ശചെയ്തത് 1928ലാണ്.
കറുപ്പന്‍ എം.എല്‍.സി. ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധപൂര്‍വ്വമായ ശ്രമഫലമായിട്ടാണ് കൊച്ചിയില്‍ അധ:കൃതോദ്ധാരണ വകുപ്പുതന്നെ രൂപീകരിക്കപ്പെട്ടത്. ആദ്യം അതിന്റെ ഉപാദ്ധ്യക്ഷനും കറുപ്പന്‍ മാസ്റ്റര്‍ തന്നെയായിരുന്നു. പിന്നീട് 1933നുശേഷം അത് ഹരിജനക്ഷേമ വകുപ്പായി. ഇപ്പോള്‍ ഹരിജന്‍ എന്ന വാക്കുതന്നെ സര്‍ക്കാര്‍ രേഖകളില്‍ നിഷിദ്ധമായി.
കറുപ്പന്‍ മാസ്റ്ററുടെ ശ്രമഫലമായിട്ടാണ് അക്കാലത്ത് എറണാകുളത്ത് ‘വാലാ ഹോസ്റ്റല്‍’ സ്ഥാപിക്കപ്പെട്ടത്. അത് സമുദായത്തില്‍പ്പെട്ട അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അനുഗ്രഹമായി. എറണാകുളത്തും സമീപപ്രദേശങ്ങളിലുമായി അനേകം അഭ്യസ്തവിദ്യരായ ധീവരര്‍ ഉണ്ടാകുവാന്‍ അത് കാരണമായി. ആദ്യം അധ:കൃതോദ്ധാരണ വകുപ്പ് വിദ്യാഭ്യാസവകുപ്പിന്റെ ഒരു ഉപവകുപ്പായിരുന്നു. അതുപോരാ എന്ന് കണ്ട് പിന്നീട് അതിനെ ഒരു സ്വതന്ത്ര വകുപ്പാക്കിയപ്പോള്‍ ഇംഗ്ലീഷ് കൂടുതല്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള മറ്റൊരാളെ അതിന്റെ അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുകയാണുണ്ടായത്. കറുപ്പന്‍ മാസ്റ്റര്‍ ഔദ്യോഗികമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളായിരുന്നില്ല. സ്വപ്രയത്‌നംകൊണ്ട് ഇംഗ്ലീഷ് കൈകാര്യം ചെയ്യുവാനുള്ള പ്രാഗത്ഭ്യം സമ്പാദിച്ചെടുത്തു എന്നുമാത്രം. അദ്ദേഹം ഒരു രംഗത്തും ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല. 1934ല്‍ അദ്ദേഹം സാമുദായിക ഗാനകലകള്‍ (Folk Songs of Malabar) എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടന്‍ പാട്ടുകള്‍ ശേഖരിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. അതിന്റെ ഒന്നാം ഭാഗത്തിന് അദ്ദേഹം എഴുതിയ ആമുഖം ഇംഗ്ലീഷിലായിരുന്നു.
ലങ്കാമര്‍ദ്ദനം, നൈഷകം (നാടകം), ഭൈമീപരിണയം, ചിത്രലേഖ, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപര്‍വ്വം, വിലാപഗീതം, ദീനസ്വരം, തിരുനാള്‍ക്കുമ്മി, ഒരു താരാട്ട്, എഡ്വേര്‍ഡ് വിജയം (സംഗീതനാടകം), കൈരളീകൌതുകം (മൂന്ന് ഭാഗം), ആചാരഭൂഷണം, ഉദ്യാനവിരുന്ന്, സമാധിസപ്തകം എന്നീ കൃതികളും പണ്ഡിറ്റ് കറുപ്പന്‍ രചിച്ചിട്ടുണ്ട്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ “വിദ്വാൻ” ബഹുമതിയും, കൊച്ചി മഹാരാജാവ് “കവിതിലക” ബിരുദവും, ”സാഹിത്യ നിപുണന്‍” പദവിയും നൽകി ആദരിച്ചിട്ടുണ്ട്.
(കടപ്പാട്)
– C S Murali Shankar .




