#കേരളചരിത്രം
സമാന്തര വിദ്യാഭ്യാസം.
തിരുവനന്തപുരം വെ എം സി എ യുടെ കെട്ടിടത്തിൽ 1930ൽ തുടങ്ങിയ ട്യൂട്ടോറിയൽ കോളേജാണ് കേരളത്തിലെ ആദ്യത്തെ സമാന്തര പഠനകേന്ദ്രം. ദി ന്യൂ ട്യൂട്ടോറിയൽ കോളേജ് എന്നായിരുന്നു പേര്. പ്രസിദ്ധ ഗാന്ധിയനും സ്റ്റേറ്റ് കോൺഗ്രസിൻ്റെ നേതാവുമായിരുന്ന കെ.സി.പിള്ളയായിരുന്നു കോളേജിന്റെ സ്ഥാപകൻ. മുൻരാഷ്ട്രപതി കെ.ആർ.നാരായണൻ അവിടെ കുറച്ചുകാലം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഇരുപതു വർഷത്തോളം പ്രവർത്തിച്ച കോളേജിൽ ദൂരദേശങ്ങളിൽ നിന്നു പോലും പഠിക്കാൻ വിദ്യാർത്ഥികളെത്തി. ഉന്നതവിദ്യാഭ്യാസ ത്തിനുള്ള കോളേജുകൾ അക്കാലത്ത് കേരളത്തിൽ വളരെ വിരളമായിരുന്നു എന്ന് ഓർക്കണം. ട്യൂട്ടോറിയൽ കോളേജുകൾക്ക് അന്ന് കോളേജുകളുടെ അത്രതന്നെ പ്രശസ്തി ഉണ്ടായിരുന്നു. ഒരു പക്ഷെ ഏറ്റവും പ്രശസ്തം കോട്ടയത്ത് എം പി പോള് നടത്തിയിരുന്ന പോൾസ് ട്യൂട്ടോറിയൽ കോളെജ് ആയിരിക്കും.
ന്യൂ ട്യൂട്ടോറിയൽ കോളേജിൽ
ഇൻ്റർമീഡിയറ്റിന് ( പിന്നീട് പ്രീ യൂണിവേർസിറ്റിയും പ്രീ ഡിഗ്രിയുമായി മാറി) പുറമെ ബി എക്കും ക്ലാസുകളുണ്ടായിരുന്നു.
എസ് എസ് എൽ സി തോറ്റവർക്ക് 8 മാസത്തെ പഠനത്തിന് ശേഷം സെപ്തംബറിലാണ് പരീക്ഷ. ഫീസ് 40 രൂപ. വളരെ കുറഞ്ഞ നിരക്കാണ് എന്ന് പരസ്യത്തിൽ എടുത്തുപറയുന്നുണ്ട്. എങ്കിലും 1930കളിൽ 40 രൂപ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഫീസ് ആയിരുന്നു. പക്ഷേ സ്കൂൾഫൈനൽ പാസായാൽ അന്ന് ഒരു ജോലി ഉറപ്പാണ്.
ദൂരെ നിന്നു വരുന്നവർക്കു താമസസൗകര്യമൊരുക്കാനാണ് വൈ.എം.സി .എ യുടെ അടുത്ത് പുത്തൻ കച്ചേരിയുടെ ( ഇന്നത്തെ സെക്രട്ടേറിയറ്റ്) ഒരു വശത്ത് അതേവർഷംതന്നെ കെ സി പിള്ള ട്രിവാൻഡ്രം ഹോട്ടൽ തുടങ്ങിയത്.
പിന്നീട് അരനൂറ്റാണ്ട് കാലം സ്റ്റേറ്റ് കോൺഗ്രസിൻ്റെയും, സ്വാതന്ത്ര്യപ്രാപതിക്ക് ശേഷം രാഷ്ട്രീയ, സാംസ്കാരിക, യോഗങ്ങളുടെയും കേന്ദ്രമായിരുന്നു ട്രിവാൻഡ്രം ഹോട്ടൽ. അക്കാലത്ത് അവിടെ താമസിക്കാത്ത രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും ചുരുക്കമാണ്.
പിൻതലമുറക്കാർ പുതുക്കിപ്പണിത് തിരുവനന്തപുരത്തിൻ്റെ ഈ ആദ്യകാല ഹോട്ടലിൻ്റെ പ്രൗഢി നിലനിർത്തിയിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
1980കളിൽ ട്രിവാൻഡ്രം ഹോട്ടലിൽ പങ്കെടുത്ത യോഗങ്ങളിൽ മനസ്സിൽ നിറയുന്നത്, രാഷ്ട്രീയനേതാക്കളിൽ പി വിശ്വംഭരനും സാഹിത്യകാരന്മാരിൽ സുകുമാർ അഴീക്കോടുമാണ്. പോരാത്തതിന് രുചികരമായ സസ്യഭക്ഷണവും.
