#ഓർമ്മ
ഇബ്സൻ.
ഹെൻറിക് ഇബ്സൻ്റെ (1829-1908) ചരമവാർഷികദിനമാണ്
മെയ് 23.
ആധുനിക നാടകത്തിൻ്റെ പിതാവ് എന്നാണ് ഈ നോർവീജിയൻ നാടകകൃത്ത് വിശേഷിപ്പിക്കപ്പെടുന്നത്. ഷെയ്ക്സ്പിയർ കഴിഞ്ഞാൽ 19ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നാടകൃത്തായി ഇബ്സൻ വിലയിരുത്തപ്പെടുന്നു.
റിയലിസമാണ് ഇബ്സൻ്റെ നാടകങ്ങളുടെ മുഖമുദ്ര. എന്നാൽ അക്കാലത്തെ പതിവിനു വിപരീതമായി നാടകങ്ങൾ ശുഭപര്യവസായി ആയിരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമില്ലായിരുന്നു.
Doll’s House പോലുള്ള നാടകങ്ങൾ പ്രേക്ഷകരെ ഞെട്ടിപ്പിക്കുകതന്നെ ചെയ്തു.
നോർവെയിലെ സ്കിയനിൽ ജനിച്ച ഇബ്സൻ്റെ ജീവിതത്തിൽ വഴിത്തിരിവായത് 8 വയസുള്ളപ്പോൾ പിതാവ് പാപ്പരായതാണ്.
13 വയസ് മുതൽ ഒരു വൈദ്യശാലയിൽ ജോലിചെയ്ത് രാത്രി പഠിക്കാനുള്ള ശ്രമമായി .
ഒഴിവുസമയത്ത് വിരസത ഒഴിവാക്കാനായി ആദ്യത്തെ നാടകം എഴുതി.
ഉപരിപഠനത്തിന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും 23 വയസ്സിൽ ക്രിസ്ത്യാനയിലെ ഒരു നാടകക്കമ്പനിയുടെ ഡയറക്ടറും നാടകരചയിതാവുമായി ജോലി സ്വീകരിക്കേണ്ടതായി വന്നു.
വർഷം ഒരു നാടകം വീതം എഴുതണം.
1863ൽ നാടകക്കമ്പനി പൂട്ടിയതോടെ ജീവിതം വഴിമുട്ടി. അടുത്ത വർഷം ഇറ്റലിയിലേക്ക് പോയ ഇബ്സൻ നീണ്ട 27 വര്ഷം അവിടെ ചിലവഴിച്ചു.
72 വയസ്സ് വരെ നാടകരചന തുടർന്ന ഇബ്സൻ, പക്ഷാഘാതം മൂലം ഓസ്ലോയിൽ വെച്ച് നിര്യാതനായി.
ഇബ്സൻ്റെ നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രൊഫസർ എൻ കൃഷ്ണപിള്ള മലയാളത്തിൻ്റെ ഇബ്സൻ എന്ന ഖ്യാതി നേടി.
– ജോയ് കള്ളിവയലിൽ.





