#ഓർമ്മ
രാജാ റാംമോഹൻ റോയ്.
ഇന്ത്യൻ നവോഥാനത്തിന്റെ പിതാവായ രാജാ റാംമോഹൻ റോയിയുടെ (1772-1833) ജന്മവാർഷികദിനമാണ്
മെയ് 22.
ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ജനിച്ച റോയ്, ബംഗാളി, സംസ്കൃതം, പേർഷ്യൻ ഭാഷകളിൽ അവഗാഹം നേടി. ഹിന്ദു മുസ്ലിം മതനിയമങ്ങൾ ആഴത്തിൽ പഠിച്ചതാണ് അവയിൽ കടന്നുകൂടിയ അനാചാരങ്ങൾക്കെതിരെ പോരാടാൻ അദ്ദേഹത്തിനു പ്രചോദനമായത്.
സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി റോയ് നടത്തിയ പോരാട്ടമാണ്, 1929ൽ ഭർത്താവിന്റെ ചിതയിൽചാടി ജീവൻവെടിയുന്ന സതി എന്ന ക്രൂരമായ അനാചാരം നിരോധിക്കാൻ ഇടയാക്കിയത്.
വിഗ്രഹാരാധന, ജാതി ഉച്ചനീചത്തങ്ങൾ, ബഹുഭാര്യത്വം തുടങ്ങിയ അനാചാരങ്ങളെ എതിർത്ത റോയ്, സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം മുതലായവക്കായി അധ്വാനിച്ചു.
ശാസ്ത്രം, പാശ്ചാത്യവിദ്യാഭ്യാസം, ആധുനിക വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ അദ്ദേഹം നാട്ടുകാരെ പ്രോത്സാഹിപ്പിച്ചു, പുസ്തകങ്ങൾ എഴുതി.
നിരവധി സ്കൂളുകൾ സ്ഥാപിച്ച ആ മഹാൻ, ഡേവിഡ് ഹേറുമായി ചേർന്ന് 1817ൽ കൽക്കട്ടയിലെ ഹിന്ദു കോളേജ് സ്ഥാപിച്ചു.
ഹിന്ദുമതത്തിലെ അനാചാരങ്ങൾ ഒഴിവാക്കി 1828ൽ ബ്രഹ്മോ സമാജ് സ്ഥാപിച്ചതാണ് റാം മോഹൻ റോയിയുടെ അനശ്വരമായ സംഭാവന.
ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ തലസ്ഥാനത്ത് മുഗൾ രാജാവിന്റെ പ്രതിനിധിയായിരിക്കെ, 1833 സെപ്റ്റംബർ മാസത്തിൽ ഇംഗ്ലണ്ടിൽ വെച്ച് ആ ജീവിതം അസ്തമിച്ചു.
ഈ മഹാനായ ചരിത്രപുരുഷനെക്കുറിച്ച് കൂടുതൽ അറിയാൻ രാമചന്ദ്ര ഗുഹ എഴുതിയ ജീവചരിത്രം സഹായിക്കും.
– ജോയ് കള്ളിവയലിൽ.


