#കേരളചരിത്രം
മുണ്ടക്കയത്തിൻ്റെ ചരിത്രം.
– ഇ.പി. ഷാജുദീൻ (Shajudeen Ep) .
കേരളത്തിലെ പ്രധാന റോഡുകളിലൊന്നാണ് കോട്ടയം-കുമളി റോഡ് (കെ.കെ. റോഡ്). ഈ റോഡിൽ ഹൈറേഞ്ചിന്റെ കവാടമായി നിലകൊള്ളുന്നു മുണ്ടക്കയം. ബസ്സിൽ വരുന്നവർ ഇവിടെയൊന്ന് ഇറങ്ങി നടുവ് നീർത്താതിരിക്കില്ല. നിരവധി കടകളും വാഹനപ്പെരുപ്പവുമൊക്കെയുള്ള തിരക്കേറിയ സ്ഥലം ബ്രിട്ടീഷുകാരുടെ കാലത്ത് ചുറ്റും എസ്റ്റേറ്റ് ഉള്ളതിനാൽ അവരുടെ ഇഷ്ട കൂടിച്ചേരൽ കേന്ദ്രം കൂടിയായിരുന്നു. എന്നാൽ, ഈ എസ്റ്റേറ്റുകളൊക്കെ വരുന്നതിനും രണ്ടു പതിറ്റാണ്ടു മുൻപ് ഒരു യൂറോപ്യൻ ഇതിലെയെല്ലാം കറങ്ങിയിരുന്നു- തോമസ് ഫുൾടൊൺ ബൂർഡില്ലോൺ (ചിത്രത്തിൽ). ഇവിടുത്തെ വനത്തെക്കുറിച്ചു പഠിക്കാൻ വന്ന ബൂർഡില്ലോൺ വിവരിക്കുന്ന ഒരു മുണ്ടക്കയമുണ്ട്-ആകെ ഇരുപതോ മുപ്പതോ വിടുകൾ മാത്രമുള്ള മുണ്ടക്കയം. ആകെ ജനസംഖ്യ 100. തൊട്ടടുത്ത് കൊടും കാടായിരുന്ന കൂട്ടിക്കൽ താഴ്വാരത്തുണ്ടായിരുന്നതാകട്ടെ 500 പേരും!
തിരുവിതാംകൂറിലെ വനം വകുപ്പിനെക്കുറിച്ചും അതിന്റെ പോരായ്മകളെക്കുറിച്ചും പഠിക്കാൻ 1884 ഏപ്രിലിൽ ഒരു കമ്മീഷനെ വച്ചിരുന്നു. ആ കമ്മിഷന്റെ നിർദേശ പ്രകാരമാണ് 1886 ജൂണിൽ തിരുവിതാംകൂറിലെ ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ടി.എഫ്. ബൂർഡില്ലോണെ തിരുവിതാംകൂറിലെ വനങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ നിയോഗിച്ചത്. 1871-ൽ പ്ലാന്ററായി തിരുവിതാംകൂറിൽ എത്തിയ അദ്ദേഹത്തെ തിരുവിതാംകൂർ രാജാവ് വനം വകുപ്പിൽ നിയമിക്കുകയായിരുന്നു. ബൂർഡില്ലോൺ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം ആധാരമാക്കിയ മാപ്പുകൾ, 66 വർഷം മുൻപ് 1820-ൽ തയാറാക്കിയതായിരുന്നു, അവയാകട്ടെ വളരെ മികച്ചതും! ഈ മാപ്പിനായി സർവേ നടത്തിയതിനെക്കുറിച്ച് അതിനു നേതൃത്വം നൽകിയ ലഫ്റ്റനന്റ് ബെഞ്ചമിൻ സ്വൈൻ വാർഡ് സർവേ ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ എന്ന ഓർമ്മക്കുറിപ്പിൽ വിശദമായി പറയുന്നുണ്ട്. വളരെ ചെറിയ ചില തെറ്റുകളൊഴിച്ചാൽ മാപ്പിൽ എല്ലാം കൃത്യമായിരുന്നു. മാത്രമല്ല, അരനൂറ്റാണ്ടിലധികം കഴിഞ്ഞിട്ടും സ്ഥലങ്ങളിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടുമുണ്ടായിരുന്നില്ല.
1886-ന്റെ തുടക്കത്തിൽ തന്നെ ബൂർഡില്ലോൺ പീരുമേട്ടിൽ പഠനത്തിന് എത്തിയിരുന്നു. പക്ഷേ, അദ്ദേഹത്തെ കൊല്ലത്തേക്ക് തിരിച്ചു വിളിച്ചു. കൺസർവേറ്ററുടെ ഒഴിവു വന്നപ്പോൾ മൂന്നു മാസത്തേക്ക് താത്കാലിക ചുമതലയ്ക്കു പോയ അദ്ദേഹം അതേവർഷം തന്നെ അരത്തുള്ളിക്ക് ഒരുകുടം പെയ്യുന്ന കനത്തമഴക്കാലത്ത് മാടത്തുറ വഴി വീണ്ടും മുണ്ടക്കയത്ത് എത്തിച്ചേർന്നു. മുണ്ടക്കയത്ത് ക്യാമ്പ് ചെയ്ത് ബൂർഡില്ലോൺ സമീപ പ്രദേശങ്ങളിലേക്ക് ഒക്കെ പോയി. ഇവിടങ്ങളിലെ പലരും ആദ്യമായി കാണുന്ന പരദേശി ആയിരുന്നു അദ്ദേഹം. 21 മാസം കൊണ്ട് അദ്ദേഹം സഞ്ചരിച്ചത് ഏതാണ്ട് 7000 മൈൽ. വള്ളത്തിലും കുതിരപ്പുറത്തും പിന്നെ, ഏറെ സമയവും നടന്നും.
റിപ്പോർട്ടിലെ പല സ്ഥലപ്പേരും ഇന്നുവായിച്ചാൽ മനസ്സിലാവില്ല. അന്നത്തെ പേരുകൾ പലതും മാറിയിരിക്കുന്നു. ഉച്ചാരണരീതിയും വേറേ. സ്പെല്ലിങ്ങിലും വളരെ വ്യത്യാസമുണ്ട്, കോട്ടയത്തിന് റിപ്പോർട്ടിലെ സ്പെല്ലിങ്ങ് Cottayam എന്നാണ്!
തിരുവിതാംകൂറിലെ വനവിസ്തൃതി, വനങ്ങളിലുള്ള മരങ്ങൾ, അവയുടെ പ്രത്യേകതകൾ എന്നിവയായിരുന്നു പഠന വിഷയമെങ്കിലും ബൂർഡില്ലോണിന്റെ റിപ്പോർട്ടിൽ അദ്ദേഹം പോയ സ്ഥലങ്ങളിലെ ജനങ്ങളേക്കുറിച്ചും എഴുതിയിരിക്കുന്നു. ഭൂപ്രകൃതിയെക്കുറിച്ചും പുഴകളെ കുറിച്ചുമെല്ലാം അദ്ദേഹം വിശദമായി പരാമർശിച്ചിട്ടുണ്ട്. ഇതു നമുക്ക് മാത്രമല്ല, ഭാവി തലമുറയ്ക്കും മുതൽക്കൂട്ടായിരിക്കട്ടെ എന്നാണ് അദ്ദേഹം ആമുഖത്തിൽ പറയുന്നത്.
മുണ്ടക്കയത്ത് അന്നുണ്ടായിരുന്നതിൽ നാലു കുടുംബങ്ങൾ മുസ്ലിങ്ങളായിരുന്നു. (റിപ്പോർട്ടിൽ മുഹമ്മദൻ എന്നാണ് വിശേഷണം). നാലു കുടുംബങ്ങൾ ക്രൈസ്തവരും. ഇവർക്കായി ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയും. (റവ. ഹെൻറി ബേക്കർ 1850-ൽ സ്ഥാപിച്ച സി.എസ്.ഐ. പള്ളിയായിരിക്കും ഇത്). അന്നേ മുണ്ടക്കയം ഒരു ഇടത്താവളമായിരിക്കണം, അവിടെ ഒരു റസ്റ്റ് ഹൗസ് ഉണ്ടായിരുന്നു.
മണിമലയാറിനെ കുറിച്ചുള്ള വിവരണത്തിലാണ് സ്ഥലങ്ങളും ജനങ്ങളും കടന്നു വരുന്നത്. മണിമലയാറിന്റെ തീരങ്ങളിൽ വലിയ തോതിൽ ജനവാസമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം വിവരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട സ്ഥലമായിരുന്നു കാഞ്ഞിരപ്പള്ളി (Kānnyirappalli). കാഞ്ഞിരപ്പള്ളിയിലും ചുറ്റുവട്ടത്തുമായി ആയിരം പേരുണ്ടായിരുന്നു. മുസ്ലിംകൾ, റോമൻ കത്തോലിക്കർ, പുലയവിഭാഗക്കാർ എന്നിവരായിരുന്നു കൂടുതൽ. ഒരു റോമൻ കത്തോലിക്കാ പള്ളിയും മുസ്ലിം പള്ളിയും ഇവിടെ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒരു റസ്റ്റ് ഹൗസുമുണ്ടായിരുന്നു. 1816-നും 1820നുമിടയിൽ ലഫ്റ്റനന്റ് വാർഡ് ഇതിലേ സർവേക്കു വന്നപ്പോൾ ഈ വഴിക്ക് യാത്രക്കാർ കുറവായിരുന്നതിനാൽ കാഞ്ഞിരപ്പള്ളി ക്ഷീണാവസ്ഥയിലായിരുന്നു. പിന്നീട് പീരുമേട്ടിൽ കാപ്പിത്തോട്ടങ്ങൾ തുടങ്ങിയതോടെയാണ് കാഞ്ഞിരപ്പള്ളിക്ക് ജീവൻ വച്ചത്.
മുണ്ടക്കയത്ത് ജനസംഖ്യ നൂറു പേരായിരിക്കുമ്പോൾ ഉൾസ്ഥലമായ ഇടക്കുന്നത്ത് (Edakkōnam) 50-60 വീടുകളിലായി 200 പേരുണ്ടായിരുന്നു. നായർ, മുസ്ലിം, ഈഴവ (ചോഗൻ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്), അരയ സമുദായങ്ങളിൽ പെട്ടവരായിരുന്നു ഇവിടത്തെ താമസക്കാർ.
മണിമലയാറിന്റെ പ്രധാന ശാഖ ഉത്ഭവിക്കുന്നത് കാനടി മലയുടെ അടിയിൽ നിന്നാണ്. അത് അവിടെ നിന്ന് അമൃതമേടിന്റെ പടിഞ്ഞാറോട്ട് ഒഴുകുന്നു. അമൃതമേട് എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്തിന് അമൃത മേട (Amratha mēda) എന്നാണ് റിപ്പോർട്ടിലുള്ളത്. ഇതേ സ്ഥലത്തിന് Vembaulay mudi എന്നും പറയുന്നുണ്ട്. Vembaulay mudi എന്നതിൽ നിന്നാവാം വെമ്പാല എന്ന പേര് ഇവിടെ വന്നത്. കൂട്ടിക്കലിൽ ജീവിച്ചിട്ടുള്ളവരിൽ 95 ശതമാനവും കയറിച്ചെന്നിട്ടില്ലാത്ത അമൃതമേട്ടിൽ 134 വർഷം മുൻപ് ഒരു സായിപ്പ് കയറിച്ചെന്നിരുന്നെന്ന് റിപ്പോർട്ടിലെ വിശദാംശങ്ങൾ വായിച്ചാൽ മനസ്സിലാകും. അമൃതമേട്ടിൽ അന്ന് രണ്ട് ഏലത്തോട്ടങ്ങളുണ്ടായിരുന്നു. വനംവകുപ്പിന്റെ കീഴിലുള്ള ഈ സ്ഥലങ്ങളിലെ തോട്ടങ്ങളിൽ നിന്നുള്ള ഏലം ശേഖരിച്ചിരുന്നത് വരുക്കപ്പാറ വിജാരിപ്പുകാരന്റെ മേൽനോട്ടത്തിലായിരുന്നു.
ഇവിടെ തുടങ്ങുന്നു പാലയാർ (Palaya ār). കൂട്ടിക്കൽകാരുടെ പുല്ലകയാറിന് അന്ന് പേരിതായിരുന്നു. ആറു മൈൽ ഒഴുകി കഴിയുമ്പോൾ കൂട്ടിക്കലിൽ (Kūttukal) വച്ച് ന്യാരംപുള്ള ആറുമായി (Nyā rampulla ār) ചേരുന്നു. അന്നത്തെ ന്യാരംപുള്ള ഇന്ന് നാരകംപുഴയാണ്. ഈ ആറിന് Naranpulla എന്നും എഴുതിയിട്ടുണ്ട്. അമൃതമേടിന്റെ തെക്കു വശത്തുനിന്ന് ഒഴുകിവരുന്നതാണ് ഇത്. ഇവിടെ വച്ചു തന്നെയാണ് പെരിങ്കുളം തോടും (Perinkolam thōda) ചേരുന്നത്. താളുങ്കൽ തോടിന്റെ അന്നത്തെ പേരിതായിരുന്നു. ഈ റിപ്പോർട്ടിൽ കൂട്ടിക്കലിനെ കൂട്ടുകൽ എന്നാണ് പറയുന്നത്. കൂട്ടിക്കൽ ടൗണിനപ്പുറത്തുള്ള കൂട്ടുവാൽ ഇതിന്റെ പിന്തുടർച്ചയായേക്കാം.
കൂട്ടിക്കലിൽ രണ്ട് ആറും തോടും ചേർന്നൊഴുകി മുണ്ടക്കയത്ത് ഒരു ചെറിയ പുഴയിൽ ചേരുന്നു. ചെങ്ങന്നൂർ മാടമ്പിയുടെ അധീനതയിലുള്ള ഭൂപ്രദേശത്തിന്റെ അതിർത്തിയായിരുന്നു ഈ പുഴ. ഇവിടെ നിന്ന് ആറു മൈൽ താഴെ വച്ച് മണിമലയാറിലേക്ക് പേരാത്തോടും ഗോപുരത്തോടും ചേരുന്നു. ഇവിടെ വരെ വള്ളം വരൂം. കൂട്ടിക്കലിന്റെ മുകളിൽ നിന്ന് ഇവിടം വരെ മരങ്ങൾ വെള്ളത്തിലൂടെ ഒഴുക്കിക്കൊണ്ടുവരുമായിരുന്നു.
മണിമലയാറിന്റെ ചുറ്റുവട്ടത്തിൽ ഏതാണ്ട് കാഞ്ഞിരപ്പള്ളിക്കു താഴെ വരെ വനഭൂമിയായിരുന്നു. ബൂർഡില്ലോൺ ഇതിനെ നാലായി തരം തിരിച്ചു.1- ഈർപ്പം നിറഞ്ഞ കൊടും കാട് 16 ചതുരശ്ര മൈൽ-ഇതു പ്രധാനമായും കൂട്ടിക്കൽ താഴ്വരയും പെരുവന്താനത്തിനു തെക്കു വശവും.2- ഇടത്തരം വനവും കൃഷിഭൂമിയും 110 ചതുരശ്ര മൈൽ.3- വലിയ മരങ്ങളുള്ള പുൽമേടുകൾ 30 ചതുരശ്ര മൈൽ. 4- പാഴ്ഭൂമി 12 ചതുരശ്ര മൈൽ.
കൊടും കാടായിരുന്ന കൂട്ടിക്കൽ താഴ്വാരവും പെരുവന്താനത്തിന്റെ ഒരു ഭാഗവും ചെങ്ങന്നൂർ മാടമ്പിയുടെ കീഴിലായിരുന്നു. കൂട്ടിക്കൽ പ്രദേശത്താകട്ടെ അരയ വിഭാഗക്കാരായിരുന്നു കൂടുതലും. ഇവർ മുന്നൂറിലേറെ പേരുണ്ടെന്ന് ബൂർഡില്ലോൺ വിശദീകരിക്കുന്നു. ഈ മേഖലയിൽ ഈഴവ വിഭാഗക്കാരും മറ്റുള്ളവരുമായി 200 പേർ വേറെയുമുണ്ടായിരുന്നു. എല്ലാ ഗ്രാമങ്ങളിലുമായി അന്ന് ഏകദേശം 2500 പേരാണ് ഉണ്ടായിരുന്നത്. കൂട്ടിക്കലിൽ 1852-ൽ സ്ഥാപിക്കപ്പെട്ടിരുന്ന സി.എസ്.ഐ. പള്ളിയെക്കുറിച്ച് എന്തുകൊണ്ടോ ഈ റിപ്പോർട്ടിൽ സൂചനയില്ല.
പെരുവന്താനത്തേക്കുറിച്ച് ബൂർഡില്ലോണിന്റെ സന്ദർശനത്തിന് 66 വർഷം മുൻപ് ലഫ്റ്റനന്റ് വാർഡ് വിശദീകരിച്ചത് “ചെറുതെങ്കിലും ജനനിബിഢമായ” ഗ്രാമമെന്നായിരുന്നു. ബൂർഡില്ലോണിന്റെ സന്ദർശന സമയത്ത് അവിടെയുണ്ടായിരുന്നത് മുസ്ലിങ്ങളും നായർ വിഭാഗക്കാരുമായി 100 പേരും. ഒരു മുസ്ലിം പള്ളിയും അമ്പലവും അന്ന് പെരുവന്താനത്ത് ഉണ്ടായിരുന്നു. റിപ്പോർട്ടിൽ അമ്പലങ്ങളേക്കുറിച്ച് പറയുമ്പോഴെല്ലാം പഗോഡ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിലും ജനമുള്ള സ്ഥലമായിരുന്നു ചേനപ്പാടി (Chennāyippādi-Shenna paudy). 30-40 വീടുകളുണ്ടായിരുന്ന അവിടെ 150 പേരുണ്ടായിരുന്നു. കറിക്കാട്ടൂരിൽ ഉണ്ടായിരുന്നത് 20-30 വീടുകൾ.
ലഫ്റ്റനന്റ് വാർഡിന്റെ സർവേയുടെ സമയത്ത് എരുമേലി(Erumēl)യിൽ ഉണ്ടായിരുന്നത് ആറു കുടുംബങ്ങളാണ്. മൂന്ന് മുസ്ലിം കുടുംബങ്ങളും മൂന്ന് നായർ കുടുംബങ്ങളും. ബൂർഡില്ലോണിന്റെ സന്ദർശന വേളയിൽ അവിടെ 20-30 വീടുകളായി. ജനസംഖ്യ 150ഉം. ശബരിമലയിലേക്കുള്ള വഴിയിലുള്ള ഇവിടെ ഒരു മുസ്ലിം പള്ളിയും അമ്പലവുമുണ്ടെന്നും രണ്ടും ആകെ അലങ്കോലപ്പെട്ടു കിടക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. എരുമേലിയെ വച്ചു നോക്കുമ്പോൾ പാലപ്ര (Pālappura) ശുഷ്കമായിരുന്നു. ആകെ മൂന്നു വീടും 12 പേരും മാത്രം.
ഇന്ന് കാന്തല്ലൂരിലും മറ്റും കാണുന്ന തരത്തിലുള്ള, മലഞ്ചെരിവിൽ തട്ടുതട്ടായിട്ടുള്ള ടെറസ് കൃഷിരീതിയാണ് ബൂർഡില്ലോൺ ആലപ്രയിലെ മലകളിൽ കണ്ടത്. അതു പക്ഷേ, കുറഞ്ഞു വരികയായിരുന്നു. മണിമലയ്ക്ക് കീഴക്കായി 200 അടി ഉയരത്തിലുള്ള ഇവിടം വളരെ പ്രാചീനമായ സ്ഥലമാണെന്ന് അദ്ദേഹം വിവരിക്കുന്നു. 20 വീടുകളിലായി നൂറു പേരാണ് അവിടെ ഉണ്ടായിരുന്നത്. നായർ, മുസ്ലിം കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഒരു അമ്പലവും ഇവിടെയുള്ളതായി അദ്ദേഹം കുറിച്ചു.
ഈ മേഖലയിലെല്ലാം ഏറ്റവും കൂടുതലായുണ്ടായിരുന്നത് തേക്ക് മരങ്ങളായിരുന്നു. പ്രത്യേകിച്ച് എരുമേലിയിലും ആലപ്രയിലും. മണിമലയാറിന്റെ വടക്കും പടിഞ്ഞാറും തേക്ക് അധികം കണ്ടിരുന്നില്ല. തെക്കുഭാഗത്ത് പാറകൾ നിറഞ്ഞ, തുറന്ന സ്ഥലങ്ങളായിരുന്നതിനാൽ തേക്ക് നല്ലരീതിയിൽ വളർന്നിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
കൂട്ടിക്കൽ പ്രദേശത്തെ നിബിഢ വനം ഒഴികെ ബാക്കിയെല്ലായിടത്തും ഇടത്തരം വനമായിരുന്നു. കൃഷിക്കായി ഇവിടെയെല്ലാം വലിയതോതിൽ അന്നേ വനം നശിപ്പിക്കപ്പെട്ടിരുന്നു. പീരുമേടിനുള്ള വഴി അടുത്തുണ്ടായിരുന്നതാണ് ഇതിനു കാരണം. അതിലേ കാർഷികവിളകൾ കൊണ്ടുപോയി വിൽക്കാമെന്നത് നാട്ടുകാർക്ക് ഒരു പ്രലോഭനമായിരുന്നു. റോഡിന് ഒരു വശത്തെ വനം കാഞ്ഞിരപ്പള്ളി അമിനദാറിന്റെയും മറുവശത്തെ വനം തൊടുപുഴ (Thodupura) അമിനദാറിന്റെയും കീഴിലായിരുന്നു. ഇതിനാൽ രണ്ട് അധികാരികളും ഇവിടെ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതിനാലാണ് വ്യാപകമായി തടിവെട്ടിക്കടത്തിയത്. തടി വിറ്റിരുന്നത് കോട്ടയത്തും. കാഞ്ഞിരപ്പള്ളി, വാഴൂർ (Vārūr) എന്നിവിടങ്ങളിലെ ചേരിക്കൽ പ്രദേശങ്ങളിൽ നിന്ന് ആഞ്ഞിലിയും മറ്റു മരങ്ങളും വലിയതോതിൽ മുറിച്ചിരുന്നു. വീട് നിർമാണത്തിനാണ് ഇതുപയോഗിച്ചിരുന്നത്. ആഞ്ഞിലി, ഈട്ടി, കമ്പഗം, വേങ്ങ, വെന്തേക്ക് തുടങ്ങിയവയായിരുന്നു ഇവിടുത്തെ മരങ്ങൾ. ഇവിടെ കൂടുതലും സ്വകാര്യഭൂമിയാണെങ്കിലും മരങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം റിപ്പോർട്ടിൽ നിർദേശിക്കുന്നു.
നാരകംപുഴയാറിനു തെക്ക് വശത്തായി പീരുമേട് മേഖലയിലാകെ മൂന്നടി ഉയരത്തിലുള്ള കല്ലുകൾ നിരനിരയായി നാട്ടിയിരിക്കുന്നത് പലയിടത്തും ബൂർഡില്ലോൺ നിരീക്ഷിക്കുന്നുണ്ട്. അതിർത്തിക്കല്ലുകളാണ് ഇവയെന്ന് അദ്ദേഹം കരുതുന്നു. ഈ മേഖലയിലെ ഉയരം കൂടിയ മലകളിലൊന്നായ ചെമ്മാനിക്കോട്ട മലയുടെ ഒരരികിൽ മുഴുവൻ ഇത്തരം കല്ലുകൾ കണ്ടു. പലതും വീണുകിടക്കുകയായിരുന്നു.
ഇതിനടുത്തായി അസാധാരണമായ ഒരു കാഴ്ച അദ്ദേഹം വിവരിക്കുന്നു. വെട്ടിമുറിച്ച കല്ലുകൾ കൂനകൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലം. എടുത്തുവച്ചാങ്കൽ എന്നാണ് ഇവിടത്തിനു പേര്. പെരുവന്താനത്ത് ഒരു അമ്പലം പണിയാനായി മധുരയിൽ നിന്ന് ഭീമാകാരന്മാരായ ഒരുസംഘം ആൾക്കാർ കൊണ്ടുവന്നതാണത്രേ ആ കല്ലുകൾ. ഇവിടെ എത്തിയപ്പോഴേക്കും നേരം വെളുത്തു. ഭീമന്മാർക്ക് രാത്രി മാത്രമേ ജോലി ചെയ്യാനാവൂ. അവർ അതെല്ലാം അവിടെയിട്ടിട്ട് മടങ്ങി എന്നാണ് ഈ സ്ഥലത്തിന്റെ ഐതീഹ്യം. പെരുവന്താനത്ത് നിന്നും മധുരയ്ക്കു പോകുന്ന വഴിയുടെ ഓരത്തു തന്നെയാണ് ഈ കല്ലുകൾ കിടന്നതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.
എടുത്തുവച്ചാങ്കലിൽ നിന്ന് വടക്കോട്ട് മല കുത്തനേ കയറുകയാണ്. 4500 അടി ഉയരത്തിൽ അമൃതമേട്ടിലാണ് അത് എത്തിച്ചേരുന്നത്. അവിടെ നിന്ന് നോക്കുമ്പോൾ പാറകളും പുൽമേടുകളും നിറഞ്ഞ വിശാലമായ പ്രദേശം കാണാം. വാഗമണും പരിസരവും ആകാം അത്.
പ്രദേശമാകെ കൃഷിക്ക് അനുയോജ്യമായിരുന്നെങ്കിലും മണിമലയാറിന്റെ തെക്ക് ഭാഗങ്ങൾ അത്ര ഫലഭൂയിഷ്ടമല്ലായിരുന്നു. എന്നാൽ, വടക്ക് വശത്ത്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിലെ മണ്ണിൽ പൊന്നുവിളഞ്ഞു. മണിമലയാറിനും മീനച്ചിലാറിനും (Pālāyi river) ഇടയിലുള്ള സ്ഥലങ്ങൾ തിരുവിതാംകൂറിന്റെ താഴ്ന്ന പ്രദേശങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ടമായ സ്ഥലങ്ങളായിരുന്നത്രേ. ഒരുകാലത്ത് ഈ മേഖലയെ ഉണർത്തിയത് പീരുമേട്ടിലെ കാപ്പിത്തോട്ടങ്ങളായിരുന്നെങ്കിലും ബൂർഡില്ലോണിന്റെ സന്ദർശന വേളയിൽ അവയെല്ലാം ഉപേക്ഷിക്കപ്പെട്ടിരുന്നു. പീരുമേട്ടിനുള്ള ചുരത്തിന്റെ വശങ്ങളിലും മതമ്പയിലും (Mothambāyi) ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങൾ അദ്ദേഹം കണ്ടു. മുണ്ടക്കയത്തിനു കിഴക്ക് വലിയ മലനിരകളായിരുന്നതിനാൽ തുലാവർഷക്കാലത്ത് തെക്കൻ തിരുവിതംകൂറിനേക്കാൾ മഴ കുറവായിരിക്കുമെന്നും ഇവിടങ്ങളിൽ വരൾച്ചയ്ക്ക് ഇതു കാരണമാകുന്നുണ്ടെന്നും ബൂർഡില്ലോൺ കുറിച്ചു.
മണിമലയാറിന്റെ ചുറ്റുവട്ടം വഴി സൗകര്യം നല്ലതുപോലെ ഉണ്ടായിരുന്നെന്നാണ് ബൂർഡില്ലോണിന്റെ വിലയിരുത്തൽ. ഇവിടെയുള്ള ഇടത്തരം വനത്തിന്റെ പറ്റിഞ്ഞാറേ അതിർത്തിയായി മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി വഴി ഈരാറ്റുപേട്ടയ്ക്ക് കാളവണ്ടിക്ക് പറ്റിയ വഴിയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മുണ്ടക്കയത്തേക്കും അവിടെനിന്ന് മലകയറി പെരുവന്താനം, പീരുമേട് വഴി കമ്പം താഴ്വര കടന്ന് മധുരയ്ക്കും കാളവണ്ടിക്കുള്ള വഴിയുണ്ട്. മുണ്ടക്കയത്തു നിന്ന് കൂട്ടിക്കലിലേക്ക് കുതിരയ്ക്കു പോകാൻ പറ്റിയ വഴിയായിരുന്നു. കൂട്ടിക്കലിൽ നിന്ന് പല സ്ഥലത്തേക്കായി ഒറ്റയടിപ്പാതകളും. വഴികാട്ടിയുണ്ടായിരുന്നിട്ടും ഇതിലേ നടപ്പ് വലിയ ബുദ്ധിമുട്ടായിരുന്നെന്നാണ് അദ്ദേഹം വിവരിക്കുന്നത്.
ഈ മേഖലയിലുണ്ടായിരുന്ന ഏറ്റവും നീളം കൂടിയ പാതകളിലൊന്ന് മണിമലയിൽ നിന്ന് ശബരിമലയ്ക്കുള്ളതായിരുന്നു. കുറച്ചു ദൂരം നടപ്പാത, പിന്നെ കാട്ടിലൂടെ ആനത്താര. അങ്ങനെ എരുമേലിയിലെത്തും അവിടെനിന്ന് അഴുതയാർ (Arutha river) മുറിച്ചു കടന്ന് കൊടും കാട്ടിലൂടെ ശബരിമലയ്ക്കും.
മുണ്ടക്കയത്തിനും ഗോപുരമലയ്ക്കും ഇടയിൽ ധാരാളം പേർ താമസിച്ചിരുന്ന ഒരു വലിയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും അദ്ദേഹം കണ്ടെത്തി. പച്ചിലക്കാനം എന്നു പേരായ ഈ സ്ഥലത്ത് ഒരു ക്ഷേത്രത്തിന്റെയും കുളത്തിന്റെയും അവശേഷിപ്പുകളും കണ്ടെത്തിയിരുന്നു.
Posted inUncategorized