റസ്‌ക്കിൻ ബോണ്ട് @ 90.
ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികളോട് ഞാൻ പറയുന്ന ഒരു കാര്യമുണ്ട്.
ഹിന്ദു പത്രം ദിവസവും വായിക്കുക, Advanced Learners Dictionary വാങ്ങി വാക്കുകളുടെ അർത്ഥവും പ്രയോഗവും പഠിക്കുക, റസ്‌ക്കിൻ ബോണ്ടിൻ്റെ പുസ്തകങ്ങൾ വായിക്കുക.
കഴിഞ്ഞ 50 വർഷങ്ങളായി നിരന്തരം എഴുതുന്ന ബോണ്ടിൻ്റെ പുസ്തകങ്ങൾ കുട്ടികൾക്ക് മാത്രമല്ല ഏല്ലാ പ്രായത്തിലുള്ള വായനക്കാർക്കും ഇഷ്ടവായനയാണ്.
മാതാപിതാക്കൾ ബ്രിട്ടിഷുകാർ ആയിരുന്നു. 1934 മെയ് 19ന് ബ്രിട്ടിഷ് പഞ്ചാബിലെ ( ഇപ്പൊൾ ഹിമാചൽ പ്രദേശ് )കസൂലിയിലാണ് ജനനം. പിതാവ് വ്യോമസേനയിൽ ചേർന്നതുകൊണ്ട് ഡെറാഡൂണിൽ ആയിരുന്നു കുട്ടിക്കാലം. പഠിച്ചത് ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്കൂളിൽ.
പഠനശേഷം ബ്രിട്ടനിലേക്ക് പോയ റസ്‌ക്കിൻ ബോണ്ട് 17 വയസിൽ ആദ്യത്തെ നോവലായ The Room on the Roof പ്രസിദ്ധപ്പെടുത്തി.
തിരിച്ചെത്തിയശേഷം 1963 മുതൽ മസ്സൂറിയിലാണ് അവിവാഹിതനായ റസ്‌ക്കിൻ ബോണ്ട് ജീവിക്കുന്നത്.
Aging River എന്ന കുട്ടികൾക്കായുള്ള പുസ്തകം എഴുതിയത് 1970 കളിലാണ്.
നിരന്തരം എഴുതുന്ന ബോണ്ട് നോവലുകൾ, ചെറുകഥകൾ, ആത്മകഥാപരമായ കഥകൾ, ലേഖനങ്ങൾ എല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1887 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ ജൂനൂൺ എന്ന നോവൽ 1978ൽ ചലചിത്രമാക്കപ്പെട്ടിട്ടുണ്ട്. The Blue Umbrella എന്ന നോവലിനെ ആസ്പദമാക്കി വിശാൽ ഭരദ്വാജ് ചെയ്ത സിനിമ മികച്ച ബാല ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.
സാഹിത്യ അക്കാദമി (1992), പദ്മ ഭൂഷൺ (2014) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized