#ഓർമ്മ
ജാംഷെഡ്ജി ടാറ്റ.
ജാംഷെഡ്ജി ടാറ്റയുടെ
(1839-1904) ചരമവാർഷികദിനമാണ്
മെയ് 19.
ഇന്ത്യയിലെ വ്യവസായത്തിൻ്റെ പിതാവാണ് ടാറ്റാ വ്യവസായ സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ജാംഷെഡ്ജി ടാറ്റ.
ഗുജറാത്തിലെ നവസാരിയിലാണ് ജനനം. കുടുംബം പാർസി പുരോഹിതർ ആയിരുന്നെങ്കിലും അച്ഛൻ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
വായനയിലും പഠനത്തിലും അതീവ ശ്രദ്ധാലുവായിരുന്ന മകനെ അച്ഛൻ പുതുതായി ബോംബെയിൽ ആരംഭിച്ച എൽഫിൻ ഇൻസ്റിറ്റ്യൂട്ടിൽ അയച്ച് പഠിപ്പിച്ചു. ബിരുദം നൽകുന്ന പതിവ് അന്ന് ഇല്ല. ഏറ്റവും ഉയർന്ന ഗ്രീൻ സ്കോളർ ആയിട്ടാണ് 17 വയസിൽ 1858ൽ ജാംഷെഡ്ജി പാസായത്. ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി,സംസ്കൃതം എന്നീ ഭാഷകളിൽ വൈദഗ്ധ്യം നേടി.
തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപാരം തുടങ്ങാനായി അച്ഛൻ മകനെ അയച്ചു. ഹോങ് കോങ് നഗരത്തിൽ ഒരു സ്ഥാപനം ആരംഭിച്ചതാണ് തുടക്കം.
അച്ഛൻ അക്കൊല്ലം തന്നെ മരണപ്പെട്ടെങ്കിലും ജാംഷെഡ്ജി വ്യാപാരരംഗത്ത് തുടർന്നു.
ഇംഗ്ലണ്ടിലേക്ക് പോയ യുവാവ് 4 വര്ഷം അവിടെ കഴിഞ്ഞു . ദാദാഭായ് നവരോജിയുമായുള്ള സൗഹൃദം ദേശസ്നേഹത്തിൻ്റെ വിത്തുകൾ മനസിൽ പാകി. മാഞ്ചസ്റ്റർ സന്ദര്ശിച്ചത് ഭാവിയിൽ ഒരു തുണിമിൽ തുടങ്ങണം എന്ന ആശയം മനസിൽ സൃഷ്ടിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തി നഷ്ടത്തിലോടിയിരുന്ന ഒരു ഓയിൽ മിൽ വാങ്ങി അലക്സാണ്ട്ര മിൽ എന്ന തുണിമില്ലാക്കി മാറ്റി. രണ്ടുകൊല്ലം കഴിഞ്ഞു ലാഭത്തിൽ വിറ്റു.
1873ൽ വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയി.
തിരിച്ചെത്തിയശേഷം 1877 ൽ തുടങ്ങിയ എംപ്രസ് മിൽ ലാഭത്തിലായശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
1905ൽ ഇന്ത്യയിൽ ആദ്യത്തെ ലക്ഷ്വറി ഹോട്ടലായ താജ്മഹൽ ഹോട്ടൽ ബോംബെയിൽ പണിതു. ഇലക്ട്രിസിറ്റിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോട്ടൽ.
സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിന് മുൻപ് 1905ൽ മരണശേഷം പ്രവർത്തനം ആരംഭിച്ച മില്ലിന് സ്വദേശി മിൽ എന്ന് പേരിട്ടാണ് ജാംഷെഡ്ജി തൻ്റെ ദേശസ്നേഹം പ്രകടിപ്പിച്ചത്.
തൻ്റെ മൂന്ന് വൻകിട പദ്ധതികളും മരണശേഷം പുത്രന്മാരായ ഡോറാബ് ടാറ്റയും രത്തൻ ടാറ്റയുമാണ് പൂർത്തീകരിച്ചത് . ടാറ്റാ സ്റ്റീൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, റ്റാറ്റാ ഹൈഡ്രോ ഇലക്ട്രിക് കമ്പനി എന്നിവയാണ് അവ. ഇന്ന് റ്റാറ്റാ സ്റ്റീൽ കമ്പനി തുടങ്ങിയ സാക്‌ചി എന്ന ഗ്രാമം ജാംഷെഡ്പൂർ നഗരമാണ്. നഗരത്തിൻ്റെ നിർമ്മാണം എങ്ങനെ വേണമെന്ന് വരെ അച്ഛൻ മക്കൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. അന്നുമുതൽ ജാംഷെഡ്പൂർ റ്റാറ്റാ ഭരണനിർവ്വഹണം നടത്തുന്ന മാതൃകാ നഗരമാണ്.
ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ പ്രധാന കെട്ടിടത്തിന് മുകളിൽ ജാംഷെഡ്ജി റ്റാറ്റാ എന്ന മഹാൻ്റെ പ്രതിമ എല്ലാം നോക്കിക്കാണുന്നു.
സമ്പത്തിൻ്റെ ഭൂരിഭാഗവും ജനനന്മക്കായി സംഭാവന ചെയ്യുന്ന ജാംഷെഡ്ജിയുടെ പാരമ്പര്യം ഭാവി തലമുറകളും പിന്തുടരുന്നു എന്നതാണ് റ്റാറ്റയുടെ മഹത്വം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized