#കേരളചരിത്രം
ഹൗസ് ബോട്ട്.
ഹൗസ് ബോട്ടുകൾ ഇന്ന് കേരളത്തിലെ ടൂറിസം വ്യവസായത്തിൻ്റെ അവിഭാജ്യ ഘടകമാണ് . കായൽ ടൂറിസത്തിൻ്റെ ഭംഗി വിദേശികളുടെ മാത്രമല്ല ഇതര സംസ്ഥാനക്കാരെയും നാട്ടുകാരെയും ഒരു പോലെ ആകർഷിക്കുന്നു. 200 പേർക്ക് യാത്ര ചെയ്യാവുന്ന കൂറ്റൻ യാനങ്ങൾ വരെ വേമ്പനാട്ട് കായലിൽ പ്രവർത്തിക്കുന്നുണ്ട്. എയർ കണ്ടീഷൻ ചെയ്ത ഹൗസ് ബോട്ടുകളും ധാരാളം.
ചെറിയ ഒരു ഹോട്ടലിലെ സൗകര്യങ്ങൾ എല്ലാം അവയിൽ ഉണ്ട്. ഹൗസ് ബോട്ടിൽ തന്നെ പാചകം ചെയ്യുന്ന കപ്പയും മീനും യാത്ര പോലെ തന്നെ യാത്രക്കാർക്ക് ആകർഷണങ്ങളാണ്.
കേരളത്തിലെ കായലുകളിൽ ഹൗസ് ബോട്ടുകൾ പ്രത്യക്ഷപ്പെട്ടിട്ട് മൂന്നു പതിറ്റാണ്ടുകൾ ആയിട്ടെയുള്ളൂ.
പക്ഷേ നൂറ്റാണ്ടുകൾ മുൻപുതന്നെ കെട്ടുവള്ളങ്ങൾ നമ്മുടെ കായലുകളിലും നദികളിലും സാധാരണയായിരുന്നു . മേൽക്കൂരയുള്ള അത്തരം വലിയ വള്ളങ്ങളിൽ അരി വെച്ച് ഉണ്ടും കിടന്നുറങ്ങിയും ആയിരുന്നു യാത്ര.
അരനൂറ്റാണ്ട് മുൻപ് ഇറങ്ങിയ, എ വിൻസൻ്റ് സംവിധാനം ചെയ്ത, നദി എന്ന ചിത്രം കെട്ടുവള്ളങ്ങളിൽ ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ കഥ മനോഹരമായി അവതരിപ്പിച്ചു.
റോഡുവഴിയുള്ള ഗതാഗതം, വാഹനങ്ങൾ ഇല്ലാത്ത നടപ്പുവഴികൾ മാത്രമുള്ള പണ്ട്കാലത്ത്, വളരെ കുറവായിരുന്നു. ചരക്ക് ഗതാഗതം ഏതാണ്ട് മുഴുവനായും നദികളും കായലുകളും വഴിയായിരുന്നു. ചന്തകളും, മിക്കവയും പുഴകളുടെ തീരത്തായിരുന്നു. നദികളും കായലുകളും വഴി ചരക്കുകൾ തുറമുഖങ്ങളിൽ എത്തിക്കും. കൊല്ലവും, ആലപ്പുഴയും, കോഴിക്കോടും ഒക്കെയായിരുന്നു തുറമുഖങ്ങൾ. പിന്നീട് കൊച്ചിയായി ഏറ്റവും വലിയ തുറമുഖം.
ഒരുനൂറ്റാണ്ട് മുൻപ് ഇന്നത്തെ ഹൗസ് ബോട്ടുകളുടെ ഒരു മുൻഗാമി കൊച്ചിയിൽ ടാറ്റാ കമ്പനി നിർമ്മിച്ചു എന്ന വാർത്ത കൗതുകകരമാണ്. ബംഗ്ലാവ് എന്നാണ് പത്രം അതിനെ വിശേഷിപ്പിച്ചത്. ഒഴുകി നടക്കുന്ന ബംഗ്ലാവ്. പിന്നീട് അതിന് എന്തു സംഭവിച്ചു എന്ന് അറിഞ്ഞുകൂടാ. എന്തായാലും അതിൻ്റെ ഉപഞ്ജാതാവ് കാലത്തിനു മുൻപേ നടന്നയാളാണ് എന്നതിൽ തർക്കമില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized