#ചരിത്രം
പൊക്രാൻ ആണവ പരീക്ഷണം.
ഇന്ത്യ ആണവശക്തിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടിയ ദിവസമാണ്
മെയ് 18.
1974 മെയ് 18ന് രാജസ്ഥാനിലെ പൊഖ്രാൻ മരുഭൂമിയിൽ അതീവ രഹസ്യമായി ഇന്ത്യ ഒരു ആണവ വിസ്ഫോടനം നടത്തി. സൈന്യത്തിൻ്റെ മേൽ നോട്ടത്തിൽ നടത്തിയ ബോംബ് സ്ഫോടനത്തിന് കൊടുത്തിരുന്ന രഹസ്യ നാമം പുഞ്ചിരിക്കുന്ന ബുദ്ധൻ ( smiling Buddha) എന്നായിരുന്നു.
ഐക്യരാഷ്ട്രസഭയിലെ 5 സ്ഥിരം അംഗ രാജ്യങ്ങൾ അല്ലാതെ ഒരു ആണവ വിസ്ഫോടനം നടത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, സോവ്യറ്റ് യൂണിയൻ, ബ്രിട്ടൺ, ഫ്രാൻസ്, ചൈന എന്നിവരുടെ കൂടെ ആറാമത്തെ ആണവ ശക്തിയായി ഇന്ത്യ മാറി.
1971ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം കഴിഞ്ഞത് മുതൽ ഇന്ത്യ രഹസ്യമായി അതിൻ്റെ ആണവ പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇനി ഒരു യുദ്ധത്തിനു മുതിരുന്നതിൽ നിന്ന് പാകിസ്ഥാനെ പിന്തിരിപ്പിക്കുക എന്ന തായിരുന്നു ഉദ്ദേശം. പക്ഷെ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അധികം നാളുകൾ കഴിയുന്നതിന് മുൻപ് പാകിസ്ഥാനും ആണവ വിസ്ഫോടനം നടത്തി. 1971ലെ യുദ്ധം തോറ്റ ശേഷം പുല്ലു തിന്നുകൊണ്ടാണെങ്കിലും ആണവ ബോംബ് ഉണ്ടാക്കും എന്ന് പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ ഭൂട്ടോ പ്രതിജ്ഞ ചെയ്തിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും രഹസ്യമായി കരുക്കൾ നീക്കിയിരുന്നു എന്ന് പൊഖ്രാൻ സ്ഫോടനത്തോടെ വ്യക്തമാവുകയും ചെയ്തു.
സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ആണവ പരീക്ഷണങ്ങൾ നടത്തുകയുള്ളു എന്ന് ആവർത്തിക്കുമ്പോഴും ഇന്ത്യയുടെയും ചൈനയുടെയും പാകിസ്താൻ്റെയും കയ്യിൽ വിനാശകരമായ ആണവ ബോംബുകൾ ഉണ്ട് എന്നതാണ് പേടിപ്പെടുത്തുന്ന യാഥാർഥ്യം. ചൈനയിൽ വരെ ബോംബുകൾ എത്തിക്കാൻ കഴിവുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ഇന്ത്യ വികസിപ്പിച്ചു കഴിഞ്ഞു.
സർവ്വനാശത്തിലേക്ക് നയിക്കുന്ന ആണവ ബോംബ് ആരെങ്കിലും പ്രയോഗിക്കുമോ എന്ന ഭീതിയിലാണ് ഇന്ന് ലോക ജനത.
– ജോയ് കള്ളിവയലിൽ.
Posted inUncategorized