#ഓർമ്മ
#കേരളചരിത്രം
സാഹിത്യ വാരഫലം.
സാഹിത്യ വാരഫലം ആദ്യമായി വെളിച്ചംകണ്ട ദിവസമാണ്
മെയ് 18.
ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണമായിരുന്ന മലയാളനാട് വാരികയുടെ ആദ്യലക്കം പുറത്തുവന്നത്
1969 മേയ് 18നാണ്.
മുപ്പത് പൈസയായിരുന്നു വില.
കോളെജ് അധ്യാപകനായ എസ് കെ നായർ വിവാഹംചെയ്തത് കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായികളായ വേണ്ടർ കുടുംബത്തിൽ നിന്നാണ്. തുടർന്ന് അദ്ദേഹവും കശുവണ്ടി വ്യവസായത്തിൽ ഏർപ്പെട്ട് ധാരാളം പണമുണ്ടാക്കി. പ മലയാളനാട് വാരിക തുടങ്ങാനും നല്ല കുറെ സിനിമകൾ നിർമ്മിക്കാനുമാണ് എസ് കെ നായർ തൻ്റെ സ്വത്ത് വിനിയോഗിച്ചത്. വി ബി സി നായർ എന്ന പത്രപ്രവർത്തകനാണ് എസ് കെ നായരുടെ വലം കൈയായി പ്രവർത്തിച്ചത്.
മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരെയും പുതിയ വാരികയ്ക്ക് വേണ്ടി എഴുതിക്കാൻ
പത്രാധിപർ
വി ബി സി നായർക്കു കഴിഞ്ഞു.
മാധവിക്കുട്ടിയുടെ എന്റെ കഥയും ഒ.വി.വിജയന്റെ ധർമ്മപുരാണവും പത്മരാജന്റ ഉദകപ്പോളയും മലയാളനാടിലൂടെയാണ് വായനക്കാരിൽ എത്തിയത്.
എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം വായനക്കാർ കാത്തിരിക്കുന്ന പംക്തിയായി മാറി.
പരന്ന വായനയും നിർഭയമായ വിമർശനവും വാരഫലത്തിന് ഒരു കൾട്ട് സ്റ്റാറ്റസ് തന്നെ നൽകി. വിദേശ സാഹിത്യകൃതികൾ പലതും വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് വാരഫലമാണ്. വിലയേറിയ പുസ്തകങ്ങൾ വാങ്ങാൻ പണം നൽകയാണ് എസ് കെ നായർ സഹായിച്ചത്.
വ്യവസ്ഥാപിതരീതിയിലുള്ള സാഹിത്യവിമർശനം ആയിരുന്നില്ല കൃഷ്ണൻ നായർ സാറിൻ്റെ പംക്തി.
ലിറ്റററി ജേർണലിസമാണ് തൻ്റെ എഴുത്ത് എന്നു പറഞ്ഞാണ് കൃഷ്ണൻ നായർ തൻ്റെ വിമർശകരുടെ നാവ് അടപ്പിച്ചത്.
എസ്.കെ.നായർ നാൽപ്പത്തിയെട്ടാമത്തെ വയസ്സിൽ 1983 ജൂലൈ 16ന് അന്തരിച്ചു.
എസ് ജയചന്ദ്രൻ നായർ പത്രാധിപരായി 1970 കളുടെ അവസാനം കലാകൗമുദി വാരിക വന്നതോടെ വാരഫലവും അക്കൂടെ പോയി. ജയചന്ദ്രൻ നായരുടെ തന്നെ പത്രാധിപത്യത്തിൽ ഇന്ത്യൻ എക്സ്പ്രസ് പത്രം, സമകാലിക മലയാളം വാരിക തുടങ്ങിയതോടെ കൃഷ്ണൻ നായരും , ഒ വി വിജയനും, നമ്പൂതിരിയും, തങ്ങളുടെ തട്ടകം അങ്ങോട്ട് മാറ്റി. പിന്നീട് കൃഷ്ണൻനായർ സാറിൻ്റെ മരണം വരെ വാരഫലം മലയാളം വാരികയുടെ അഭിമാനമായിരുന്നു.
കോഫീ ഹൗസിൽ നിന്ന് ഒരു കാപ്പിയും കുടിച്ച്, കൈനിറയെ പുസ്തകങ്ങളുമായി കാലൻകുടയും ചൂടി ദിവസവും വൈകുന്നേരം നടന്നുപോകുന്ന സാറാണ് 1980കളിലെ എൻ്റെ തിരുവനന്തപുരം ജീവിതകാലത്തെ പുഷ്കലമായ ഒരു ഓർമ്മ.
സാഹിത്യ വാരഫലം മാതൃഭൂമി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് ഭാഷക്ക് വലിയ മുതൽക്കൂട്ടാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized