#ഓർമ്മ
ജോൺ പോൾ II മാർപാപ്പ.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ (1920-2005) ജന്മവാർഷികദിനമാണ്
മെയ് 18.
ലോകചരിത്രത്തെതന്നെ സ്വാധീനിച്ച വ്യക്തി എന്നനിലയിലായിരിക്കും അദ്ദേഹം ഓർക്കപ്പെടുക.
“ദി ഷൂസ് ഓഫ് ദി ഫിഷർമാൻ” എന്ന നോവൽ എഴുതപ്പെടുമ്പോൾ ഇരുമ്പുമറക്കുള്ളിൽ നിന്നൊരു പാപ്പ ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു.
455 വർഷത്തെ ചരിത്രം തിരുത്തി ഇറ്റലിക്ക് പുറത്തുനിന്ന്, അതും ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ പോളണ്ടിൽനിന്നുള്ള കർദിനാൾ കാരൾ വോയ്‌റ്റിവ, ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
1978 മുതൽ 2005ൽ അന്തരിക്കുന്നതുവരെ പാപ്പായായി തുടർന്നു. ആധുനികയുഗത്തിൽ ഏറ്റവുമധികം കാലം ഭരിച്ചവരിൽ രണ്ടാമൻ. ഏറ്റവുമധികം രാജ്യങ്ങളിൽ (129) സന്ദർശനം നടത്തിയ പാപ്പാ.
കിഴക്കൻ യുറോപ്പിലും റഷ്യയിലും നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കാൻ കാരണഭൂതനായ ആൾ എന്നായിരിക്കും ചരിത്രം ജോൺ പോൾ രണ്ടാമനെ അടയാളപ്പെടുത്തുക.
മദർ തെരേസയുമായി ഉണ്ടായിരുന്ന പാപ്പായുടെ ആത്മബന്ധം പ്രശസ്‌തമാണ്.
അന്ത്യസംസ്കാരശുശ്രൂഷകൾക്കിടയിൽത്തന്നെ “സുബീതോ സാന്തോ ( വേഗം വിശുദ്ധനാക്കുക ) എന്ന മുറവിളി ഉയർന്ന പുണ്യവാനാണ് ജോൺ പോൾ രണ്ടാമൻ.
മഹാനായ പാപ്പ എന്ന അസുലഭമായ പദവിയും സഭ അദ്ദേഹത്തിനു നൽകി . 2000 കൊല്ലത്തെ ചരിത്രത്തിൽ വെറും നാലുപേർക്ക് മാത്രം കിട്ടിയ ബഹുമതി.
ഇന്ത്യ സന്ദർശനത്തിനിടയിൽ കോട്ടയത്തു വെച്ച് നേരിൽ കാണാൻ കിട്ടിയ ഭാഗ്യം ഒരു മധുരസ്മരണയായി മനസ്സിൽ നിറയുന്നു.
യൂറോപ്പ് സന്ദർശനവേളയിലാണ് ജോൺ പോൾ രണ്ടാമൻ്റെ ജനപ്രിയത മനസ്സിലായത്. വത്തിക്കാനിലെ പൊതുദർശന സമയത്ത് സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചു കൂടിയിരുന്ന വിശ്വാസികളുടെ എണ്ണം സർവകാല റെക്കോർഡ് ആണെന്നാണ് ഗൈഡ് മരിറ്റ ഞങ്ങളോട് പറഞ്ഞത്.
മിക്ക മാർപാപ്പമാരുടെയും ശവകുടീരങ്ങൾ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ അടിയിലത്തെ നിലയിലാണ്. ജോൺ പോൾ മാർപാപ്പക്കുമാത്രം വിശുദ്ധ പത്രോസിൻ്റെ സമീപത്തെ ഒരു അൾത്താരയുടെ അടിയിൽ സ്ഥാനം നൽകിയിരിക്കുന്നു.
ഇറ്റലിയിലും, ഫ്രാൻസിലും സ്പെയിനിലും തൊട്ട് മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ പോളണ്ട്, ക്രൊയേഷ്യ , ബോസ്നിയ ഹെർസെഗോവിന തുടങ്ങിയ രാജ്യങ്ങളിലെ തീർഥാടന കേന്ദ്രങ്ങളിൽ എല്ലാം മഹാനായ ഈ പാപ്പക്ക് സ്മാരകങ്ങൾ ഉയർന്നിരിക്കുന്നു.
അവയിൽ ഏറ്റവും ശ്രദ്ധേയം പോർച്ചുഗലിലെ ഫാത്തിമയിൽ പടുകൂറ്റൻ മൈതാനത്തിൻ്റെ അരികിൽ പടുത്തുയർത്തിയിരിക്കുന്ന ബ്രഹ്മാണ്ഡൻ
പ്രതിമയാണ്.
ഒരു അക്രമിയുടെ വെടിയേറ്റ് മരണത്തിൻ്റെ വക്കിലെത്തിയ പാപ്പയെ രക്ഷപ്പെടുത്തിയത് കന്യാമേരിയാണ് എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നന്ദിസൂചകമായി പാപ്പാ ഫാത്തിമ മാതാവിനെ സന്ദർശിച്ചു . ദേഹത്ത് നിന്ന് കിട്ടിയ വെടിയുണ്ട ഇന്ന് ഫാത്തിമയിലെ മാതാവിൻ്റെ കിരീടത്തിൽ പതിപ്പിച്ചിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.




