വൈദ്യുതി കേരളത്തിൽ

#കേരളചരിത്രം

വൈദ്യുതി കേരളത്തിൽ.

കേരളത്തിൽ ആദ്യമായി വൈദ്യുതി ഉത്പാദനം ആരംഭിച്ചത് 1910ൽ മൂന്നാറിൽ ബ്രിട്ടീഷുകാരുടെ കണ്ണൻ ദേവൻ തേയില കമ്പനിയാണ്.
1914 ആയപ്പോൾ റോപ്പ് വേക്കായി 30 കിലോവാട്ടും, 9 തേയില ഫാക്ടറികൾക്കായി 375 കിലോവാട്ടും വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. 1924ലെ പ്രളയത്തിൽ ജലവൈദ്യുതപദ്ധതിയുടെ ഉപകരണങ്ങൾ അപ്പാടെ ഒലിച്ചുപോയി.

1929ൽ തിരുവിതാംകൂർ സർക്കാർ തിരുവനന്തപുരത്ത് സ്ഥാപിച്ച 250 കിലോവാട്ടിന്റെ പദ്ധതിയാണ് കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതിനിലയം.
അതോടെ തിരുവനന്തപുരം പട്ടണത്തിൽ ആദ്യമായി വൈദ്യുതി വിതരണം ആരംഭിച്ചു.
1935ൽ കൊച്ചി രാജ്യത്ത് തൃശൂരിലും മട്ടാഞ്ചേരിയിലും വൈദ്യുതിനിലയത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചില പ്രമുഖർ ചേർന്ന് 15 ഡയറക്ടർമാരുള്ള കൊച്ചി ഇലക്ട്രിക് കമ്പനി രൂപവൽക്കരിച്ചായിരുന്നു തുടക്കം.

ബ്രിട്ടീഷ് മലബാറിൽ ആദ്യമായി കോഴിക്കോട്, തലശേരി കണ്ണൂർ ടൗണുകളിൽ വൈദ്യുതി എത്തിച്ചത് വെസ്റ്റ് കോസ്റ്റ് ഇലക്ട്രിസിറ്റി സപ്ലൈ യൂണിയൻ എന്ന കമ്പനിയാണ്.

1936ൽ ദിവാൻ സർ സി പി രാമസ്വാമി അയ്യർ നിർമ്മിച്ച പള്ളിവാസൽ ജലവൈദ്യുതപദ്ധതി ആയിരുന്നു തിരുവിതാംകൂറിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതി.
1976ൽ ഉത്പാദനമാരംഭിച്ച കൂറ്റൻ ഇടുക്കി ജലവൈദ്യുതി പദ്ധതി വന്നതോടെ കേരളം ഒരു വൈദുതിമിച്ച സംസ്ഥാനമായി മാറിയെങ്കിലും പിൽക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വിലയ്ക്ക് വാങ്ങിക്കേണ്ട നിലയിലേക്ക് ഉപഭോഗം വർദ്ധിച്ചു.
കായംകുളത്ത് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ഒരു പ്ലാൻ്റ് സ്ഥാപിച്ചെങ്കിലും വിലകൂടിയ നാഫ്ത അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്നത് മൂലം പദ്ധതി സാമ്പത്തികമായി താങ്ങാൻ കഴിയാത്ത അവസ്ഥയിലായി. പ്രകൃതി വാതകം ഉപയോഗിച്ച് പദ്ധതി ലാഭകരമായി പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ വിജയിക്കും എന്ന് കരുതാം.

1997 ജൂണിൽ സ്ഥാപിച്ച ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതിനിലയമാണ്.
ഹൈ റേഞ്ചിലെ വാഗമൺ തുടങ്ങിയ ചില സ്ഥലങ്ങളിൽ കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് പരിമിതമായ തോതിൽ വൈദ്യുതി ഉല്പാദനം നടക്കുന്നുണ്ട്.
കേരളത്തിൽ ഇനിയുള്ള കാലം സോളാർ വൈദ്യുതി ഉല്പാദനം വലിയ തോതിൽ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമായി വരും.

ഫോട്ടോ:
തൃശ്ശൂർ മുനിസിപ്പാലറ്റിയിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചു നൽകിയിരുന്നത് സീതാറാം മില്ലിൽ സ്ഥാപിച്ച കൂറ്റൻ ജനറേറ്റർ വഴിയാണ്.
1977ൽ ഉത്പാദനം നിർത്തി ടർബൈൻ അഴിച്ചുവിറ്റു. അതിന്റെ ഫ്ളൈ വീൽ മാത്രം ഓർമ്മക്കായി മില്ലിനു മുന്നിൽ സ്ഥാപിച്ചു.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *