#ഓർമ്മ
വി എം നായർ.
മാതൃഭൂമിയുടെ പത്രാധിപരായിരുന്ന വി എം നായരുടെ ( 1896-1077) ഓർമ്മദിവസമാണ്
മെയ് 12.
വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാതെയാണ് പുന്നയൂർക്കുളത്തു നിന്ന് വടക്കേക്കര മാധവൻ നായർ ജോലിതേടി ബോംബേക്ക് വണ്ടി കയറിയത്.
1927ൽ കൽക്കത്തയിലെ വാത്ഫോർഡ് ട്രാൻസ്പോർട്ട് കമ്പനി എന്ന ബ്രിട്ടീഷ് കാർവിപണന കമ്പനിയിൽ ജോലി കിട്ടിയതാണ് ജീവിതം പച്ചപിടിപ്പിച്ചത്. സ്വന്തം പ്രയത്നംകൊണ്ട് പടിപടിയായി ഉയർന്ന് കമ്പനിയുടെ ആദ്യത്തെ ഇന്ത്യാക്കാരനായ ഡയരക്ടർ വരെയായി.
നാലപ്പാടൻ്റെ അനന്തരവൾ ബാലാമണിയമ്മയെ വിവാഹംചെയ്ത് കല്ക്കത്തക്ക് കൊണ്ടുവന്നു. കവിതയാണ് അവരുടെ ജീവിതം എന്ന് മനസിലാക്കിയ വി എം നായർ വീടിൻ്റെ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം മാറിനിന്ന് കവിതയുടെ ലോകത്ത് ജീവിക്കാൻ ഭാര്യയെ അനുവദിച്ചു.
1951ൽ വിരമിച്ച് നാട്ടിലെത്തിയപ്പോഴാണ് മാതൃഭൂമിയിൽ നിന്ന് അഭ്യർഥന വന്നത്. സിലോൺ അംബാസഡറായി പോകുന്ന പത്രാധിപർ കെ പി കേശവമേനോൻ്റെ ജോലി ഏറ്റെടുക്കണം.
ഒരുകൊല്ലം കഴിഞ്ഞ് കേശവമേനോൻ മടങ്ങിയെത്തിയപ്പോൾ പുന്നയൂർക്കളത്തിന് മടങ്ങുകയും ചെയ്തു.
1959ൽ കേശവമേനോൻ കണ്ണു ചികിത്സക്കായി ലണ്ടനിലേക്ക് പോയപ്പോൾ വീണ്ടും പത്രാധിപക്കസേരയിൽ . മേനോൻ തിരിച്ചുവന്നപ്പോഴേക്കും വി എം നായരുടെ മേന്മ എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. മാനേജിംഗ് എഡിറ്റർ എന്ന ഒരു പുതിയ തസ്തികയുണ്ടാക്കി വി എം നായരുടെ സേവനം തുടർന്നും ഉറപ്പാക്കി. 1956ൽ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായി.
മാതൃഭൂമിയുടെ ആധുനീകരണത്തിന് ചുക്കാൻപിടിച്ചത് വി എം നായരാണ്. ഇന്ത്യയിൽ ആദ്യമായി ഒരു പ്രാദേശികപത്രം വേറെ എഡീഷൻ തുടങ്ങിയതും വി എം നായരുടെ കഴിവാണ് – 1961ൽ മാതൃഭൂമിയുടെ എറണാകുളം എഡീഷൻ.
എം ടി വാസുദേവൻ നായർ എഴുതി.
എൻ്റെ മേശയുടെ അരികിൽ വന്ന് ഒരു സിഗരറ്റ് തരുമോ എന്ന് ചോദിക്കുന്ന പത്രാധിപർ. ഒരു വിദേശയാത്രക്ക് അവസരം വന്നു. ഒരു ഗാരൻ്റിപത്രം ഒപ്പിട്ടു കൊടുത്താലേ വിസ കിട്ടൂ. “ഇതൊക്കെ അൽപ്പം വിഷമമുള്ള കാര്യമാണ്” എന്നുപറഞ്ഞ് എൻ വി കൃഷ്ണവാര്യർ കൈമലർത്തി. ആവശ്യം പറഞ്ഞപ്പോൾ വി എം നായർ അപ്പൊൾതന്നെ പേനയെടുത്ത് വായിച്ചുനോക്കുക പോലും ചെയ്യാതെ ഒപ്പിട്ടു. “മരിച്ചാൽ മുഴുവൻ ചെലവും വഹിക്കാം എന്നാണ് ഒപ്പിടേണ്ടത്” – എം ടി ഓർമ്മിപ്പിച്ചു. “മരിച്ചാലല്ലേ, അപ്പോൾ നോക്കാം”. അതായിരുന്നു വി എം നായർ.
ഇംഗ്ലിഷിൽ ഒരു കവിത എഴുതിയാണ് മകൾ മാധവിക്കുട്ടി എന്ന കമലാ ദാസ് അച്ഛനോടുള്ള അളവറ്റ സ്നേഹം പ്രകടിപ്പിച്ചത്.
– ജോയ് കള്ളിവയലിൽ.



