#ഓർമ്മ
നഴ്സസ് ദിനം.
മെയ് 12 നഴ്സ്മാരുടെ ദിനമാണ്.
ഭൂമിയിലെ മാലാഖാമാരെ നന്ദിയോടെ ഓർക്കാനുള്ള ദിവസം.
ആതുരശുശ്രൂഷാ രംഗത്ത് സ്ത്രീകൾ കടന്നുചെല്ലാൻ മടിച്ചിരുന്ന ഒരു കാലത്ത്, രോഗികളെ പരിചരിക്കാനായി ജീവിതമർപ്പിച്ച ഫ്ലോറെൻസ് നൈറ്റിങ്ഗേൽ എന്ന “വിളക്കേന്തിയ വനിത”യുടെ ജന്മവാർഷികദിനമാണ് ലോകം നഴ്സസ് ദിനമായി ആഘോഷിക്കുന്നത്.
നഴ്സിംഗ് ജോലിക്ക് പതിത്വം കല്പിച്ചിരുന്ന അതിവിദൂരമല്ലാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. സമൂഹത്തിന്റെ ദൂഷണങ്ങൾക്കു വിലകല്പിക്കാതെ, അമേരിക്കയിലും യൂറോപ്പിലും പോയി ജോലിചെയ്ത് നൂറുകണക്കിന് കുടുംബങ്ങളെ ഐശ്വര്യത്തിന്റെ പാതയിൽ വഴിനടത്തിയ മധ്യതിരുവിതാംകൂറിലെ സുറിയാനിക്രിസ്ത്യാനി വനിതകളാണ് നഴ്സിംഗ് എന്ന ജീവിതവൃത്തിക്ക് ഇന്നുള്ള നിലയും വിലയും നേടിക്കൊടുത്തത്.
ഇന്ന് ഗൾഫ്നാടുകൾ ഉൾപ്പെടെ ലോകത്തെങ്ങും ജനങ്ങൾ ഉറ്റുനോക്കുന്നത് മലയാളി നഴ്സുമാരെയാണ്. ബി എസ് സി നഴ്സിങ് പാടായവർക്ക് ഇന്ന് ഡോക്ടര്മാരുടെ ഒപ്പം
സ്ഥാനമാണ് ലോകത്തെങ്ങും ലഭിക്കുന്നത്.
സംസ്ഥാനത്ത് പഠനം പൂർത്തിയാകുന്ന 4500 ഓളം നഴ്സുമാരിൽ 85 ശതമാനവും ഇന്ന് വിദേശത്ത് ജോലി നേടുന്നു. ആഫ്രിക്കയുൾപ്പെടെ പല വിദേശരാജ്യങ്ങളിലും നേഴ്സ്മാർക്ക് വലിയ ജോലി സാദ്ധ്യതയാണുള്ളത്. വിദേശരാജ്യങ്ങളിൽ ഡോക്ടർമാരുടെ ഒപ്പം നഴ്സുമാർക്ക് കൊടുക്കുന്ന സ്ഥാനം നിർഭാഗ്യവശാൽ നമ്മുടെ സമൂഹം നൽകാൻ മടിക്കുന്നു.
നിപ്പയും കോവിദും ഉയർത്തിയ പ്രതിസന്ധിയിലും സ്വന്തം ജീവൻ പണയപ്പെടുത്തി, ഊണും ഉറക്കവുമില്ലാതെ, രോഗികളെ പരിചരിച്ച പ്രിയ സഹോദരിമാർക്ക് സ്നേഹാശംസകൾ.
– ജോയ് കള്ളിവയലിൽ.


