സരോജിനി ശിവലിംഗം

#history
#memory

സരോജിനി ശിവലിംഗം.

“നമസ്കാരം…
ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം…
ഇപ്പോൾ സമയം മൂന്നു മണി മുപ്പതു നിമിഷം.
ഇപ്പോൾ മുതൽ മലയാളം പരിപാടികൾ”…

1970കളിലും 1980ന്റ തുടക്കത്തിലും ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ പിടിച്ചിരുത്തിയ മലയാള പ്രക്ഷേപണം ആരംഭിക്കുന്നത് മനോഹരമായ ഒരു സ്ത്രീശബ്ദമാണ്.

മലയാളികളുടെ സ്വീകരണമുറിയിലേക്കും പിന്നീട് ഹൃദയത്തിലേക്കും ഒഴുകിയിറങ്ങിയ ഗൃഹാതുരത.
ലോകമെമ്പാടുമുള്ള മലയാളികളുടെ ഒരു തലമുറ എല്ലാ ദിവസവും ഒരു റേഡിയോ പ്രക്ഷേപണത്തിന് കാതോർത്തിരുന്ന ഒരു കാലം.
ആ ശബ്ദം വന്നത് സിലോണിൽ ( പിന്നീട് ശ്രീലങ്ക) നിന്നായിരുന്നു.
കടലുകൾ താണ്ടി, തിരമാലകൾ പോലെ, ഷോർട്ട് വേവിൽ എന്നും വൈകിട്ട് 3.30ന് ആ പ്രക്ഷേപണമെത്തി.

“ഇലങ്കെ ഒലിപ്പരപ്പ് കൂട്ടുത്താപനം ഏഷ്യാ സേവനം”
എന്ന തമിഴ് അനൗൺസ്മെന്റിനു പിന്നാലെ,
‘സമയം മൂന്ന് മണി മുപ്പത്തു നിമിഡം’
എന്ന് തമിഴ് ചുവയുള്ള മലയാളം .
അത് സരോജിനി ശിവലിംഗത്തിന്റേതായിരുന്നു..

1925ല്‍ കൊളംബോ റേഡിയോയായി തുടങ്ങിയ സ്ഥാപനം പിന്നീട് സിലോണ്‍ റേഡിയോയും ഒടുവില്‍ ശ്രീലങ്കാ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനായും മാറി.
ലോകമഹായുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ജര്‍മ്മന്‍ അന്തര്‍വാഹിനിയില്‍നിന്ന് കണ്ടുകിട്ടിയ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചായിരുന്നു ആദ്യ പ്രക്ഷേപണം –
1925 ഡിസംബര്‍ 16ന് സെന്‍ട്രല്‍ ടെലഗ്രാഫ് ഓഫിസിലെ ഒരു കൊച്ചുമുറിയില്‍ നിന്ന്.
1972ല്‍ ശ്രീലങ്ക റിപ്പബ്ലിക് ആയതോടെ റേഡിയോ സിലോണ്‍, ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (എസ്.എല്‍.ബി.സി) എന്ന് അറിയപ്പെട്ടു.

അമീന്‍ സയാനി അവതരിപ്പിച്ച ”ബിനാക്ക ഗീത് മാല” എന്ന പരിപാടിക്ക് തുടക്കം കുറിച്ചതോടെ റേഡിയോ സിലോണിന്റെ പെരുമ എങ്ങും പരന്നു. “ബിനാക്ക ഗീത് മാല”യുടെ മാധുര്യമേറിയ ഓര്‍മ്മകള്‍ ഒട്ടും മങ്ങലേല്‍ക്കാതെ ആസ്വാദക ഹൃദയങ്ങളില്‍ ഇന്നുമുണ്ട്.

ഈ റേഡിയോ നിലയത്തിന് ഇന്ത്യയിൽ ഇത്ര പ്രശസ്തി ലഭിക്കാൻ കാരണക്കാരനായത് ബി.വി. കേസ്കർ എന്ന ഇന്ത്യൻ മന്ത്രി ചലച്ചിത്രഗാനങ്ങൾക്ക് ഏർപ്പെടുത്തിയ കുപ്രസിദ്ധമായ ചില നിയന്ത്രണങ്ങളാണ്.
ബാലകൃഷ്ണ വിശ്വനാഥ് കേസ്കർ എന്ന ബി.വി. കേസ്കർ രാഷ്ട്രീയ നേതാവും, സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു.
കേന്ദ്ര വാർത്താവിനിമയ
പ്രക്ഷേപണ വകുപ്പു മന്ത്രിയായി 1952-1962 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച
അദ്ദേഹം,
സിനിമാ ഗാനങ്ങൾ, ക്രിക്കറ്റ്‌ കമന്ററി, ഹാർമോണിയം എന്നിവ ആകാശവാണിയിൽ നിരോധിച്ചു.
ആകാശവാണിയിലൂടെ ശാസ്ത്രീയസംഗീതത്തെ ശ്രോതാക്കൾക്കിടയിൽ പ്രചരിപ്പിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്.

ഇന്ത്യൻ ചലച്ചിത്രഗാനങ്ങൾ പാശ്ചാത്യസംഗീതവുമായി ഇഴചേർന്ന് ഇന്ത്യൻ സംഗീതപാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് ശൃംഗാരവും, അശ്ലീലതയും കുത്തിനിറച്ച് സംഗീതത്തിൻ്റെ നിലവാരത്തേയും ഇന്ത്യൻ സംസ്കാരത്തേയും തകർക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.
ഇന്ത്യൻ സംഗീതോപകരണങ്ങളുടെ പെരുമയും പാരമ്പര്യവും നിലനിർത്താനും അദ്ദേഹം ആഗ്രഹിച്ചു.
ആകെയുള്ള പ്രക്ഷേപണസമയത്തിന്റെ പത്തു ശതമാനം മാത്രമേ ചലച്ചിത്രഗാനങ്ങൾക്ക് അനുവദിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ
പ്രക്ഷേപണം ചെയ്യുന്ന എല്ലാ പാട്ടുകളും പരിശോധനക്ക് വിധേയമാക്കണമെന്നും, ഏതു സിനിമയിലേതാണ് പാട്ട് എന്നു പ്രഖ്യാപിക്കുന്നത് പരസ്യത്തിന്റെ പരിധിയിൽ വരുമെന്നും, അതിനാൽ പാട്ടു പാടിയ ഗായകന്റെ പേരു മാത്രമേ വിളിച്ചുപറയാവൂ എന്നും അദ്ദേഹം നിർദേശിച്ചു.

നിർമ്മാതാക്കൾ ആകാശവാണിക്ക് നൽകിയിരുന്ന എല്ലാ പ്രക്ഷേപണ അനുമതികളും റദ്ദാക്കി ഇതിൽ പ്രതിക്ഷേധിച്ചു.
മൂന്നു മാസത്തിനുള്ളിൽ ചലച്ചിത്രഗാനങ്ങൾ അഖിലേന്ത്യാ റേഡിയോയിൽ നിന്ന് അപ്രത്യക്ഷമായി.

ഹിന്ദി സിനിമാഗാന പ്രക്ഷേപണത്തിൽ പുറകിൽ നിന്നിരുന്ന സിലോൺ റേഡിയോ അവസരം മുതലെടുത്ത് “ബിനാക്കാ ഗീത് മാല” എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ ഹിന്ദി ശ്രോതാക്കളെ കയ്യിലെടുക്കയും ചെയ്തു. പിന്നീടെല്ലാം ചരിത്രം. ശ്രീലങ്കാ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ശക്തിയേറിയ പ്രസരണികളിലൂടെ ലോകത്തിന്റെ മുക്കിലും മൂലയിലും അവർ ചെന്നെത്തി.

റേഡിയോ സിലോണിന്റെ പ്രശസ്തി ഇന്ത്യയിൽ വാനോളം ഉയർന്നപ്പോൾ തന്റെ തുഗ്ളക് മോഡൽ ഭരണപരിഷ്കാരം തിരുത്താൻ മന്ത്രി കേസ്കർ നിർബന്ധിതനായി.
ഒരു മുഴുവൻസമയ ചലച്ചിത്രഗാന പ്രക്ഷേപണം 1957ൽ ആൾ ഇന്ത്യ റേഡിയോ “വിവിധഭാരതി” എന്ന പേരിൽ ആരംഭിച്ചു.
1967ൽ വാണിജ്യപ്രക്ഷേപണ പരിപാടിയായി ഇത് മാറുകയും ചലച്ചിത്രഗാനങ്ങളുടെ അകമ്പടിയോടെ പരസ്യങ്ങൾകൂടി ഉൾപ്പെടുത്തുകയും ചെയ്തു.
പാരമ്പര്യവും, ആധുനികതയും ഒരുപോലെ സമന്വയിപ്പിച്ച് അവതരിപ്പിച്ച ഈ പരിപാടി വൻവിജയമായി മാറി.

റേഡിയോ സിലോണിൽ (പിന്നീട് ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ) നിന്നുള്ള മലയാള പ്രക്ഷേപണത്തിന്റെ ചരിത്രം 1971ൽ തുടങ്ങുന്നു.
ഏഷ്യയിലെ ആദ്യത്തെ റേഡിയോ നിലയത്തിൽനിന്ന് മലയാള പ്രക്ഷേപണം ആരംഭിക്കുമ്പോൾ, പാലക്കാട് കൊടുവായൂർ സ്വദേശിനിയായ സരോജിനി ശിവലിംഗത്തോടൊപ്പം അവതാരകനായി തൃശൂർ കാക്കശ്ശേരി സ്വദേശിയായ കരുണാകരനുമുണ്ടായിരുന്നു.
1977ൽ മറ്റൊരു തൃശൂർക്കാരിയും അവർക്കൊപ്പം ചേർന്നു – വിശാലാക്ഷിയമ്മ എന്ന വിശാലാക്ഷി ഹമീദ്.
1980ൽ ലതിക വിവേകാനന്ദനും എത്തി.

ബി ബി സിയുടെ മാതൃകയിൽ ആരംഭിച്ച റേഡിയോ സിലോണിൽനിന്ന് ദിവസവും ആദ്യം 15 മിനിറ്റ് , പിന്നെ ഒരു മണിക്കൂർ, മലയാള പ്രക്ഷേപണം തുടർന്നു.
1971ൽ മലയാളത്തോടൊപ്പം തമിഴിലും സ്ഥിരം പ്രക്ഷേപണം ആരംഭിച്ചതോടെ ശ്രോതാക്കളുടെ എണ്ണം വൻതോതിൽ ഉയർന്നു.

ഏകമുഖ പ്രക്ഷേപണം മാത്രം ഉണ്ടായിരുന്ന അക്കാലത്ത്, ആകാശവാണിയുടെ പരമ്പരാഗതശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായി, തൊട്ടുമുന്നിലിരിക്കുന്ന ഒരു സുഹൃത്തിനാട് ലോഹ്യം പറയുന്ന രീതിയിൽ, പാട്ടുകളും വിശേഷങ്ങളും അവതരിപ്പിച്ചുകൊണ്ട് സരോജിനി ശിവലിംഗം മലയാളത്തിലെ ആദ്യത്തെ റേഡിയോ ജോക്കിയായി മാറി.
മലയാളം പരിപാടികളുടെ വിഷയവൈവിദ്ധ്യം അമ്പരപ്പിക്കുന്നതായിരുന്നു. ഒരേ ആശയമുള്ള 7 പാട്ടുകൾ ഉൾപ്പെടുത്തിയ ‘മാരിവില്ല്’..,
ഒരേ രാഗത്തിലുള്ള സിനിമാ പാട്ടുകളുമായി ‘രാഗസംഗമം’,
പല്ലവിയിൽ പൊതുവായി ഒരു പ്രത്യേക വാക്ക് വരുന്ന ‘ശബ്ദലഹരി..’,
ശ്രോതാക്കൾ ആവശ്യപ്പെടുന്ന ഇഷ്ടഗാനങ്ങൾ,’
സന്ദേശ ഗാനങ്ങൾ’,
പാചകക്കുറിപ്പുകളും മറ്റുമായി ‘വനിതാരംഗം’,
നാട്ടിലെ ദേവാലയങ്ങളുടേയും ആഘോഷങ്ങളുടേയും ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും മറ്റും വിവരിക്കുന്ന കത്തുകൾ വായിച്ച്, അവർക്ക് ഇഷ്ടഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്ന പരിപാടി തുടങ്ങിയവ ശ്രോതാക്കൾക്ക് ഇഷ്ടമായതിൽ അത്ഭുതമില്ല.

പിൽക്കാലത്ത്, പുതുതലമുറ എഫ് എം റേഡിയോനിലയങ്ങൾക്ക് ഈ പരിപാടികൾ വഴികാട്ടികളായി മാറി.

മൂന്നര ലക്ഷത്തോളം സംഗീത റെക്കോർഡുകളുള്ള റേഡിയോ സിലോണിൻ്റെ ലൈബ്രറി ലോകത്തെ ഏറ്റവും വലിയ സംഗീതശേഖരങ്ങളിൽ ഒന്നാണ് .

ആദ്യകാലങ്ങളിൽ എല്ലാ പാട്ടുകൾക്കും കൃത്യമായി റോയൽറ്റി കൊടുക്കുമായിരുന്നു. അതുകൊണ്ടാകാം, പുതിയ റെക്കോർഡുകൾ ഇറങ്ങുമ്പോൾതന്നെ നിർമ്മാതാക്കൾ കൊളംബോയിൽ അവ എത്തിച്ചുനൽകുവാൻ ശ്രദ്ധിച്ചിരുന്നു.

ഇഷ്ടഗാനം പരിപാടികളിലേക്കും മറ്റും ഓരോ ആഴ്ചയും ആയിരക്കണക്കിന് കത്തുകൾ ലഭിച്ചിരുന്നതായി സരോജിനി ശിവലിംഗം അനുസ്മരിക്കുകയുണ്ടായി.
പലരും ഓരോ ആഴ്ചയും ഒന്നിലധികം കാർഡുകളിൽ കത്തുകൾ അയക്കും.
ധാരാളം മലയാളികൾ ഉണ്ടായിരുന്ന സിലോണിൽ, കേരളത്തിൽനിന്നുള്ള ഗായകരും കലാകാരന്മാരും സന്ദർശനം നടത്തുകയും പതിവായിരുന്നു.

സ്വന്തം പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നത് കേൾക്കാനായി ആകാംക്ഷയോടെ റേഡിയോ സിലോൺ വെച്ച് കാത്തിരുന്ന ഭൂതകാലത്തെക്കുറിച്ച് യേശുദാസ് പറഞ്ഞിട്ടുണ്ട്.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ, ശ്രീലങ്കൻ വംശജനായ ആർ ആർ ശിവലിംഗത്തെ വിവാഹം കഴിച്ച് 1959ൽ ശ്രീലങ്കയിലെത്തിയ സരോജിനി, 1983ൽ നാട്ടിലേക്ക് മടങ്ങി.

വംശീയകലാപം രൂക്ഷമായ അക്കാലത്ത്, റേഡിയോ നിലയം പലതവണ ആക്രമിക്കപ്പെട്ടു.
സിംഹള സുഹൃത്തുക്കളാണ് അപ്പോൾ രക്ഷകരായത്. പക്ഷേ, ഭീതിദമായ ആ അന്തരീക്ഷത്തിൽ അവിടെ തുടരാനായില്ല .
തമിഴ് പുലികളുടെ ആക്രമണത്തിൽ സരോജിനി ശിവലിംഗം കൊല്ലപ്പെട്ടതായി വരെ വാർത്ത പരന്നിരുന്നു.
അതറിഞ്ഞ് ഒരു ശ്രോതാവ് ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിലേക്ക് ഒരു കത്തയച്ചു. തന്റെ പ്രിയപ്പെട്ട അവതാരകയുടെ വേർപാടിൽ അനുശോചിക്കുന്നതിന്
‘പുനർജന്മം’ എന്ന സിനിമയിലെ ദുഃഖഗാനം പ്രക്ഷേപണം ചെയ്യണമെന്നായിരുന്നു കത്ത് .

2005-ൽ റേഡിയോയിൽനിന്ന് വിരമിച്ച ലതിക, പ്രക്ഷുബ്ധമായ ആ കാലഘട്ടത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട് – “ശ്രീലങ്ക ഡയറി”. ” ജീവൻ പണയംവെച്ചായിരുന്നു അക്കാലം കഴിച്ചുകൂട്ടിയത് ” എന്നാണ് അവർ എഴുതിയത്.

(മലയാള പ്രക്ഷേപണം തുടങ്ങിയ കാലത്തുതന്നെ, 1971 ഡിസംബർ 4 മുതൽ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 3.45ന് ഇങ്ങനെയൊരു പരിപാടി കൂടി കേട്ടുതുടങ്ങി:
“മദ്രാസ് കിസ്ത്യൻ ആർട്ട് ആന്റ് കമ്മ്യൂണിക്കേഷൻസ് സർവീസസ് അവതരിപ്പിക്കുന്ന സംഗീതസായാഹ്നം – വാനമുദം”.
ക്രിസ്തീയമൂല്യങ്ങളിലധിഷ്ഠിതമായ ഒരു സ്പോൺസേഡ് പരിപാടി. അതിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയയാളാണ് ജെ.എം.രാജു.
സിനിമാ പിന്നണിഗായകനാകാൻ മദ്രാസിലെത്തിയ രാജു ‘വാനമുദം’ പരിപാടിയിലൂടെ തമിഴ്, മലയാളം ശ്രോതാക്കളുടെ ഇഷ്ടഗായകനും സംഗീതസംവിധായകനും അവതാരകനുമായി മാറി.
ടെലിവിഷന്റെ വരവിനെത്തുടർന്ന് ക്രമേണ ശ്രോതാക്കൾ കുറയുകയും സ്പോൺസർമാർ ഇല്ലാതാവുകയും ചെയ്തതോടെ ഈ പ്രക്ഷേപണം നിന്നുപോവുകയായിരുന്നു).

“ഇത് ശ്രീലങ്ക പ്രക്ഷേപണ നിലയം…. ഇവിടെ നിന്നുള്ള മലയാളം പ്രക്ഷേപണം ഇതോടെ അവസാനിക്കുന്നു”. എന്നത്തേയും പോലെ പരശ്ശതം മലയാളികളുടെ മനസ്സിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് 2012 ൽ ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ മലയാളം പ്രക്ഷേപണം അവസാനിപ്പിച്ചു.
(കടപ്പാട്)

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *