#കേരളചരിത്രം
ബിഷപ്പ് ബെർണാർഡിൻ ബച്ചിനെല്ലി.
അറിയപ്പെടാത്ത മഹാനാണ് 190 വർഷങ്ങൾക്ക് മുൻപ് കേരളക്കരയിലെത്തി 35 വര്ഷം സേവനം ചെയ്ത ശേഷം വരാപ്പുഴയിൽ മരണമടഞ്ഞ ബെർണാർഡിൻ ബച്ചിനെല്ലി എന്ന വിദേശ മിഷനറി.
പ്രൊട്ടസ്റ്റൻ്റ് മിഷനറിമാർ തദ്ദേശീയരുടെ ഇടയിൽ വിദ്യാഭ്യാസപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും
തികച്ചും മതേതരവും ജാതി, മത, വർണ്ണ , വർഗ്ഗ ഭേദമില്ലാതെ വിദ്യാഭ്യാസസൗകര്യങ്ങൾ മലയാളക്കരയിൽ ആരംഭിച്ചത് വരാപ്പുഴ വികാരി അപ്പോസ്തോലിക്ക എന്ന നിലയിൽ 1856ൽ ബച്ചിനെല്ലി പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ്.
എല്ലാ പള്ളികളോടും ചേർന്ന് സ്കൂളുകൾ തുടങ്ങാൻ അദ്ദേഹം നിർദേശം നൽകി. അതിനുള്ള പണം സമാഹരിക്കാനായി
“പിടിയരി” സമ്പ്രദായം ആരംഭിച്ചത് അദ്ദേഹമാണ്. എല്ലാ വീടുകളിലും ഭക്ഷണത്തിന് അരി എടുക്കുമ്പോൾ ഒരു പിടി മാറ്റിവെച്ച് പള്ളിയിൽ എത്തിക്കണം. ഞായറാഴ്ച അത് ലേലംചെയ്ത് സ്കൂൾ കെട്ടിടം നിർമ്മിക്കാനും അധ്യാപകർക്ക് ശമ്പളം കൊടുക്കാനും ഉപയോഗിക്കണം.
നിർദേശം നൽകുക മാത്രമല്ല അവ നടപ്പാക്കുന്നത് ഉറപ്പുവരുത്താനായി എല്ലാ ഇടവകകളിലും കുറഞ്ഞത് 20 ദിവസമെങ്കിലും താമസിച്ച് മേൽനോട്ടം വഹിക്കാനായി നിരവധി വൈദികരെയും അദ്ദേഹം നിയോഗിച്ചു.
1861ൽ വികാരി ജനറലായി നിയമിതനായ ഫാദർ കുര്യാക്കോസ് ഏലിയാസ് ചാവറ മേലധികാരിയുടെ നിർദേശങ്ങൾ അങ്ങേയറ്റം ആത്മാർത്ഥമായി നടപ്പാക്കിയതോടെ കേരളത്തിൽ ഒരു വിദ്യാഭ്യാസവിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു.
1833 നവംബർ 17ന് റോമിൽ നിന്ന് വെറും 26 വയസിൽ കേരളക്കരയിൽ കാലുകുത്തിയതു മുതൽ 61 വയസിൽ മരണമടയുന്നത് വരെ മലയാളക്കരയിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനാണ് ബെർണാർഡിൻ ബചിനെല്ലി OCD.
അധികം അറിയപ്പെടാത്ത ഒരു കാര്യമാണ് കത്തോലിക്കാ കുട്ടികളുടെ വിശ്വാസ പരിശീലനത്തിൻ്റെ ഭാഗമായി മലയാളത്തിൽ 1859ൽ അദ്ദേഹം തയാറാക്കിയ വേദപാഠ പുസ്തകം.
പഴയ മലയാളത്തിൽ നിന്ന് ആധുനിക ഭാഷയിലേക്ക് വരുത്തിയ മാറ്റം ഒഴിച്ചാൽ കഴിഞ്ഞ 165 വർഷങ്ങളായി ഇന്നും അവ ഉപയോഗത്തിൽ ഇരിക്കുന്നു എന്നത് ബച്ചിലെന്നി മെത്രാൻ്റെ മഹത്വം വെളിവാക്കുന്നു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
പണത്തിൻ്റെ കാര്യം വരുമ്പോൾ വിശ്വാസികൾ ചില നിർദേശങ്ങൾ മറക്കും. കടിഞ്ഞൂൽ ഫലവും പതകാരവും ( ദശാംശം – വരുമാനത്തിൻ്റെ പത്തിലൊന്ന്) പളളിക്ക് കൊടുക്കണം എന്നായിരുന്നു മെത്രാൻ്റെ കല്പന.
Posted inUncategorized