#ഓർമ്മ
രവീന്ദ്രനാഥ് ടാഗോർ.
ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറിൻ്റെ (1861-1941) ജന്മവാർഷികദിനമാണ്
മെയ് 7.
ഇംഗ്ലീഷിലെ Polymath ( സർവകലാവല്ലഭൻ) എന്ന വാക്കിന് ഏറ്റവും അർഹനായ മഹാനാണ് ടാഗോർ. കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ചിത്രകാരൻ, സംഗീതജ്ഞൻ, വിദ്യാഭ്യാസ വിചിക്ഷണൻ, ചിന്തകൻ, സാമൂഹ്യ പരിഷ്കർത്താവ് ഇതെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വം വേറെയില്ല.
ബംഗാളിലെ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച ടാഗോർ 16 വയസിൽ തൻ്റെ ആദ്യത്തെ കവിതാസമാഹാരം പ്രകാശനം ചെയ്തു.
1913ൽ യൂറോപ്പിന് പുറത്ത് നോബൽ സമ്മാനം നേടുന്ന ആദ്യത്തെ എഴുത്തുകാരനായി.
ടാഗോറിൻ്റെ ഗീതാഞ്ജലി നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോര, ഘരെ ബൈരെ തുടങ്ങിയ നോവലുകളും നിരവധി ചെറുകഥകളും സത്യജിത് റായ് ഉൾപ്പെടെയുള്ളവർ ചലച്ചിത്രമാക്കിയിട്ടുണ്ട്. രവീന്ദ്രസംഗീതം എന്ന ഒരു സംഗീതശാഖ തന്നെ ടാഗോർ രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിൻ്റെ രണ്ടു വരിയെങ്കിലും ചുണ്ടിലില്ലാത്ത ബംഗാളിയില്ല.
താൻ വിഭാവനം ചെയ്ത വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കാനാണ് ടാഗോർ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത്. ഇന്ദിരാഗാന്ധി മുതൽ അമർത്യാ സെൻ വരെയുള്ള മഹത് വ്യക്തികൾ അവിടെ പഠിച്ചിറങ്ങിയവരാണ്.
അച്ഛനെപ്പോലെതന്നെ മഹാനായ ചിത്രകാരൻ കൂടിയായിരുന്നു ടാഗോർ. ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യം അഭിസംബോധന ചെയ്തത് ഗുരുദേവനാണ്.
ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ സർ പദവി വലിച്ചെറിഞ്ഞ ധീരദേശാഭിമാനിയാണ് ടാഗോർ.
കാബൂളിവാല എന്ന ഒറ്റ ചെറുകഥ മതി എനിക്ക് ടാഗോറിൻ്റെ രചനകളെ പുൽകാൻ.
– ജോയ് കള്ളിവയലിൽ







