#books
Manik & I,
by Bijoya Ray.
സത്യജിത് റായ് ആത്മകഥ എഴുതാതെയാണ് വിടവാങ്ങിയത്.
മേരി സീറ്റന്റേത് ഉൾപ്പെടെ പ്രശസ്‌തമായ പല ജീവചരിത്രങ്ങളും ഉണ്ടായെങ്കിലും റായ് എന്ന വ്യക്തി ഏറെക്കുറെ വായനക്കാർക്ക് അജ്ഞാതമായിരുന്നു.
ആ കുറവ് പരിഹരിക്കപ്പെട്ടത് റേയുടെ പത്നി ബിജോയ, അവരുടെ 84ആം വയസ്സിൽ( 2012ൽ), ബംഗാളിയിൽ എഴുതിയ Manik and I എന്ന പുസ്തകത്തിലൂടെയാണ്. ( മനീക് എന്നത് റായിയുടെ വിളിപ്പേരാണ് ).
ബിജോയ റായ് എഴുതുന്നു:
“1938ൽ കോളേജ് വിട്ട ഞാൻ ഡയറി അല്ലാതെ ഒന്നും ഇതിനു മുൻപ് എഴുതിയിട്ടില്ല”.
ആളുകളുടെ നിർബന്ധത്തിനു വഴങ്ങി ബംഗാളി മാസികയായ “അമദേർ കൊഥ”യിൽ 2003 മുതൽ 2004 വരെ 37 തവണകളായിട്ടാണ് ബിജോയ റേയുമൊത്തുള്ള തൻ്റെ ജീവിതം ഓർമ്മിച്ചത്.
സിനിമക്കഥകളെപ്പോലും വെല്ലുന്ന ഒന്നായിരുന്നു അവരുടെ പ്രേമവും വിവാഹവും ജീവിതവും. റേയുടെ അടുത്ത ബന്ധു. അച്ഛൻ സുകുമാർ റേയുടെ സഹോദരീപുത്രി. പ്രമുഖ ബാരിസ്റ്റർ ചാരുചന്ദ്രദാസിന്റെ മകൾ . റേയെക്കാൾ മൂത്തവൾ.
റേയാകട്ടെ ശാഠ്യക്കാരിയായ അമ്മയുടെ ഏകസന്താനവും.
ഭദ്രലോക് എന്നു വിളിക്കപ്പെടുന്ന ബംഗാളി വരേണ്യകുടുംബങ്ങളിൽ അത്തരമൊരു വിവാഹം അക്കാലത്ത് അസാധ്യമായിരുന്നു.
സുകുമാർ റേ മരിച്ചപ്പോൾ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, 12 വയസ്സ് മുതൽ റേയും അമ്മയും ബിജോയയുടെ വീട്ടിൽ താമസിക്കാൻ നിർബന്ധിതരായി.
രണ്ടാം ലോകമഹായുദ്ധകാലം. ബി ബി സി യിൽ വെസ്റ്റേൺ ക്ലാസിക്കൽ സംഗീതം കേൾക്കാൻ എന്നും രാത്രി ബിജോയ, റേയുടെ മുറിയിൽ എത്തും.
എപ്പോഴോ അവർ രാഗബദ്ധരായി.
വിവാഹം അസാധ്യമാണ് എന്ന് അവർ തിരിച്ചറിഞ്ഞു. പിഷിമാ ( അമ്മായി ) ഒരിക്കലും സമ്മതിക്കില്ല. അതിഥിയാണെങ്കിൽക്കൂടി ആ വീട്ടിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് റേയുടെ അമ്മയാണ് എന്ന് ബിജോയ എഴുതുന്നു.
1942ൽ, പഠനം കഴിഞ്ഞു ബിജോയ ഒരു സ്കൂളിൽ ജോലിക്കു ചേർന്നു. റേ ഒരു പരസ്യ ഏജൻസിയിലും. കല്യാണം കഴിക്കാൻ സാധിച്ചില്ലെങ്കിലും തങ്ങളുടെ ജീവിതത്തിൽ ഇനി മറ്റൊരാൾക്കു സ്ഥാനമില്ല എന്നവർ തീരുമാനിച്ചിരുന്നു.
ആഴ്ചയിൽ മൂന്നുദിവസം അവർ ഒത്തുകൂടും, സിനിമ കാണാനും കാപ്പികുടിച്ചു സൊറപറയാനും.
അത്തരമൊരു ദിവസമാണ്, പിന്നീട് റേയുടെ ഉറ്റസുഹൃത്തും സിനിമകളുടെ അവിഭാജ്യഘടകവുമായി മാറിയ ബാൻസിചന്ദ്ര ഗുപ്തയെ പരിചയപ്പെടുന്നത്.
1983ൽ ബാൻസിയുടെ മരണം വരെ ആ ബന്ധം അഭംഗുരം തുടർന്നു. റേയുടെ ആദ്യചിത്രമായ പഥേർ പാഞ്ചാലി മുതൽ ആർട്ട് ഡയറക്ടർ ബാൻസി ആയിരുന്നു. പഞ്ചാബി ആയിരുന്നെങ്കിലും കശ്മീരിൽ വളർന്ന ബാൻസി സ്വയം ഒരു കാശ്മീരിയായാണ് കരുതിയിരുന്നത്.
സമൂഹത്തിലെ ഉന്നതശ്രേണിയിൽ ആയിരുന്നു റേയും ബിജോയയും. ടാഗോറും സി ആർ ദാസും മുതൽ പി സി മഹാനോബിലിസ് വരെയുള്ള അടുത്ത ബന്ധുക്കൾ. പിന്നീട് മുഖ്യമന്ത്രിമാരായ ഡോക്ടർ ബി സി റേയും സിദ്ധാർത്ഥ ശങ്കർ റേയും ഉറ്റ ബന്ധുക്കൾ. മുഖ്യമന്ത്രിയായ ഡോക്ടർ ബി സി റേയാണ് ആദ്യചിത്രമായ പഥേർ പാഞ്ചാലി നിർമ്മിക്കാൻ ധനസഹായം ഏർപ്പാട് ചെയ്തത്.
ഒന്നാന്തരം ഗായികയായിരുന്നു ബിജോയ. ടാഗോറിന്റെ കഥയെ ആസ്പദമാക്കി നിർമ്മിച്ച, സെസ് രക്ഷ എന്ന ബംഗാളി ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു.
മേയ്ദി ( മൂത്ത ചേച്ചി ) ഇതിനകം ബോംബെയിൽ പ്രിത്വിരാജ് കപൂറിന്റെ കമ്പനിയിൽ ചേർന്നിരുന്നു. അവരുടെ നിർബന്ധംകൊണ്ട് ബിജോയയും ബോംബെയിലെത്തി. രജനി, മാഷാൽ എന്ന രണ്ടു ഹിന്ദി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു .
പക്ഷേ റായ്ക്ക് അവരെ അധികകാലം പിരിഞ്ഞിരിക്കാൻ കഴിയില്ലായിരുന്നു. ബോംബെയിൽ എത്തിയ റായ് 1948 ഒക്ടോബർ 20ന് അവരുടെ വിവാഹം രജിസ്റ്റർ ചെയ്തു. പ്രിത്വിരാജ് കപൂർ ഭാര്യാസമേതം വന്ന് അനുഗ്രഹിച്ച കാര്യം ബിജോയ ഓർക്കുന്നു.
വിവരം രഹസ്യമാക്കി വെക്കുകയെ നിർവാഹമുണ്ടായിരുന്നുള്ളു.
അമ്മയെ പറഞ്ഞു സമ്മതിപ്പിക്കുന്ന ജോലി അവസാനം കുടുംബഡോക്ടറായ നോഷു ബാബു ഏറ്റു.
റായ് കൽക്കട്ടയിലേക്കു മടങ്ങി. ലെയ്ക്ക് അവന്യുവിൽ രണ്ടു മുറികളുള്ള ഒരു ഫ്ലാറ്റ് സംഘടിപ്പിച്ചു.
അമ്മ സമ്മതിക്കാൻ 1949 ഫെബ്രുവരി വരെ കാക്കേണ്ടി വന്നു. വിവാഹം രജിസ്റ്റർചെയ്ത വിവരം അവരിൽ നിന്നു മറച്ചുപിടിക്കുകയെ നിർവാഹമുള്ളായിരുന്നു .
1949 മാർച്ച് 3ന് ബ്രഹ്‌മോ വിധിപ്രകാരം റായ് യും ബിജോയയും വിവാഹിതരായി. 30 വയസ്സായിരുന്നു ബിജോയയുടെ പ്രായം.
പിന്നീട് റായ് യുടെ മരണം വരെ ബിജോയ നിഴൽപോലെ കൂടെയുണ്ടായിരുന്നു – ഭാര്യയും സുഹൃത്തും സഹപ്രവർത്തകയുമായി.
റായ് യുടെ എല്ലാ ചിത്രങ്ങളുടെയും പിന്നിൽ ബിജോയയുടെ കരങ്ങൾ ഉണ്ടായിരുന്നു.
പഥേർ പാഞ്ചാലിയിലെ നായകനായ ബാലനെ കണ്ടെത്താൻ റായ് കണ്ടമാനം അലഞ്ഞു. അവസാനം ബിജോയയാണ് അവനെ കണ്ടെത്തിയത്, അതും അയൽവക്കത്തു നിന്നു തന്നെ.
റായ് യുടെ തിരക്കഥകൾ ആദ്യം വായിച്ച് അഭിപ്രായം പറയുന്നത് ബിജോയ ആയിരിക്കും. റായ് ഒരുക്കുന്ന സംഗീതം ബിജോയ അംഗീകരിച്ചശേഷം മാത്രമേ സിനിമയിൽ ഉൾപ്പെടുത്തു.
അഭിനേതാക്കളെ കണ്ടെത്തുന്നതു മുതൽ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പു വരെ ബിജോയ കൂടെയുണ്ടാവും.
ചാരുലതയിൽ മാധവി മുഖർജിയെ പരമ്പരാഗത രീതിയിൽ സാരി ഉടുപ്പിച്ചതും ദേവിയിൽ ഷർമിള ടാഗോറിന്റെ മുടി കെട്ടിയതുമൊക്കെ ബിജോയയാണ്.
അവരുടെ ദാമ്പത്യജീവിതത്തിലെ ദുഖകരമായ അദ്ധ്യായമാണ് റായ് യും ചാരുലതയിലെ നായികയായ മാധവി മുക്കർജി എന്ന അതിസുന്ദരിയായ യുവതിയും തമ്മിലുണ്ടായ ബന്ധം. അതേക്കുറിച്ചോർക്കാൻ പോലും ബിജോയ ഇഷ്ടപ്പെട്ടില്ല. അക്കാലത്തെ ഡയറികൾ വീടുകൾ മാറുന്നതിനിടയിൽ നഷ്ടപ്പെട്ടു എന്നാണവർ പറഞ്ഞത്.
“എന്റെ ഭർത്താവ് ഒരു പുണ്യവാളൻ ഒന്നുമല്ല. പക്ഷേ പിന്നീട് ഒരിക്കലും മനീക്കിനു അത്തരം ഒരു ബന്ധം ഉണ്ടായിട്ടില്ല” എന്നുമാത്രം അവർ എഴുതി.
ഒരു ഘട്ടത്തിൽ റായ് യെ എന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് കരുതിയത്. പക്ഷേ തന്റെ ജീവിതത്തിലും സിനിമയിലും, ബിജോയ പിരിയാനാവാത്ത ഘടകമാണെന്ന് തിരിച്ചറിഞ്ഞ സത്യജിത് റായ്, മടങ്ങിവരിക തന്നെ ചെയ്തു.
ബംഗാളിയിൽ “ഞങ്ങളുടെ കഥ ” എന്ന പേരിൽ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ, കല്യാണി മുക്കർജിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. നിരവധി അപൂർവ ചിത്രങ്ങൾ പുസ്തകത്തിന്റെ പ്രത്യേകതയാണ്.
കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങൾ, ബംഗാളി വിശേഷണങ്ങളുടെ അർഥങ്ങൾ, റായ് യുടെ ചിത്രങ്ങളുടെയും പുരസ്‌കാരങ്ങളുടെയും പൂർണമായ ലിസ്റ്റ്, കൃത്യമായ ഇൻഡക്സ്, തുടങ്ങിയവ ഈ ബ്രിഹത് ഗ്രന്ഥത്തെ ഒരു അമൂല്യകൃതിയായി മാറ്റുന്നു.
– ജോയ് കള്ളിവയലിൽ.


