#ഓർമ്മ
ഓർസൻ വെൽസ്.
അമേരിക്കൻ ചലച്ചിത്രകാരനായ ഓർസൻ വെൽസിൻ്റെ ( 1915-1985) ജന്മവാർഷികദിനമാണ്
മെയ് 6.
ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ചിത്രങ്ങളിൽ ഒന്നായ സിറ്റിസൺ കെയ്ൻ (1941) ആണ് വെൽസിന് നിതാന്ത യശസ്സ് നേടിക്കൊടുത്തത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിവ നിർവഹിക്കുക മാത്രമല്ല, പ്രധാന കഥാപാത്രമായി അഭിനയിച്ചതും വെൽസാണ്. ചാൾസ് ഫോസ്റ്റർ കെയ്ൻ എന്ന പത്രമുതലാളിയെ വില്യം റാൻഡോൽഫ് ഹർസ്റ്റ് എന്ന അമേരിക്കൻ പത്രമുടമയെ മാതൃകയാക്കിയാണ് അവതരിപ്പിച്ചത്.
9 വയസിൽ അമ്മയും 16 വയസിൽ പിതാവും നഷ്ടപെട്ട ഓർസനെ കുടുംബസുഹൃത്തായ ഒരു ഡോക്ടറാണ് വളർത്തിയത്. ബിരുദം നേടിയശേഷം ഡബ്ലിനിലെത്തി ഒരു നാടകക്കമ്പനിയിൽ അഭിനേതാവായി ജോലി നേടി.
1933 ൽ അമേരിക്കയിലെത്തിയ വെൽസ്, റേഡിയോയിലൂടെ പ്രശസ്തനായി. ഹോളിവുഡിലേക്ക് പ്രവേശനം കിട്ടിയത് 1939ലാണ്. പക്ഷേ ആദ്യ സിനിമയായ, ജോസഫ് കോൺറാഡിൻ്റെ ഹൗസ് ഓഫ് ഡാർക്നെസ്, വെളിച്ചം കണ്ടില്ല.
നിരവധി നാടകങ്ങളും സിനിമയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തെങ്കിലും ഹോളിവുഡിൽ നിന്ന് പുറത്ത് വന്ന ഏറ്റവും മഹനീയവും ലോകോത്തരവുമായ ചലച്ചിത്രം എന്ന് വിലയിരുത്തപ്പെടുന്ന സിറ്റിസൺ കെയ്ൻൻ്റെ പേരിലാണ് ഓർസൺ വെൽസ് എക്കാലവും ഓർമ്മിക്കപ്പെടുക.
– ജോയ് കള്ളിവയലിൽ.

