#ഓർമ്മ
മോട്ടിലാൽ നെഹ്‌റു.
മോട്ടീലാൽ നെഹ്രുവിന്റെ (1861-1931) ജന്മവാർഷികദിനമാണ്
മെയ് 6.
കാശ്മീരി പണ്ഡിറ്റുകളായ നെഹ്‌റു കുടുംബം ദില്ലിയിലേക്ക് കുടിയേറിയവരാണ്. പിതാവ് ഗംഗാധർ നെഹ്‌റു പിന്നീട് ആഗ്രയിലേക്ക് താമസം മാറ്റി. മോട്ടീലാൽ ജനിക്കുന്നതിനു നാലുമാസം മുൻപ് അച്ഛൻ മരിച്ചു.
നിയമം പഠിച്ചു വക്കീലായ അമ്മാവൻ നന്ദലാലിന്റെ തണലിൽ അലഹബാദിലാണ് മോട്ടീലാൽ വളർന്നത്.
1883ൽ വക്കീലായ മോട്ടീലാൽ, വളരെ വേഗം പ്രശസ്‌തനും പണക്കാരനുമായി മാറി. 1900ൽ കൊട്ടാരതുല്യമായ സ്വരാജ് ഭവൻ പണിയിച്ചു. പിന്നീട് അത് കൊണ്ഗ്രസ്സ് പാർട്ടിക്ക് സംഭാവന ചെയ്തു.
1909 ആയപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും ധനവാനായ വക്കീലായി മോട്ടീലാൽ നെഹ്‌റു വളർന്നു.
ബ്രിട്ടീഷ് പ്രഭുക്കന്മാരെപ്പോലെ ജീവിച്ചിരുന്ന അദ്ദേഹം ഗാന്ധിജിയുടെ പ്രഭാവത്തിൽ ആകൃഷ്ടനായി സ്വത്തുക്കളും വക്കീലുദ്യോഗവും ആഡംബര ശൈലിയും ഉപേക്ഷിച്ചു കോൺഗ്രസ് അംഗമായി.
1919-20, 1928- 29 വർഷങ്ങളിൽ കൊണ്ഗ്രസ്സ് പ്രസിഡ ൻ്റായ മോട്ടീലാൽ, പിന്നീട് പാർട്ടി വിട്ട് സ്വരാജ് പാർട്ടി രൂപീകരിച്ചു.
സ്വതന്ത്ര്യ ഇന്ത്യയുടെ ഭരണഘടനക്ക് ആധാരമായ 1928ലെ നെഹ്‌റു റിപ്പോർട്ട് തയാറാക്കിയത് മോട്ടീലാൽ നെഹ്‌റുവാണ്.
ഗാന്ധിജി കഴിഞ്ഞാൽ ഏറ്റവും പ്രമുഖനായ നേതാവായി മകൻ ജവഹർലാൽ ഉയരുന്നത് കണ്ടിട്ടാണ് ലക്‌നോവിൽ വെച്ച് മോട്ടീലാൽ മരണമടഞ്ഞത്.
അലഹബാദിലെ (ഇപ്പോൾ പ്രയാഗരാജ് ) എൻ ഐ ടി മോട്ടീലാൽ നെഹ്‌റു സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.



