#വായന
അമാനുഷിക്.
ജെയിലിലെ ജീവിതത്തേക്കുറിച്ച് മലയാള വായനക്കാർക്കുള്ള അറിവ് കൂടുതലും സ്വാതന്ത്ര്യസമര
സേനാനികളുടെ ആത്മകഥ വായിച്ചുള്ളവയാണ്. രാഷ്ട്രീയ തടവുകാരായ അവരുടെ വിവരണങ്ങൾ ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട സാധാരണ തടവുകാരുടെ നരകജീവിതം നമ്മെ കാണിച്ചുതരുന്നില്ല.
അമാനുഷിക് എന്ന നോവലിലൂടെ മനോരഞ്ജൻ ബ്യാപാരി അറിയപ്പെടാത്ത ആ ലോകമാണ് നമ്മെ പരിചയപ്പെടുത്തുന്നത്. ബ്യാപാരി നേരിട്ട് അനുഭവിച്ചറിഞ്ഞ ലോകമാണത്. കൽക്കത്തയിലെ തെരുവുകളിൽ റിക്ഷാ ഓടിച്ചു നടന്നിരുന്ന മനോരഞ്ജനെ എഴുത്തുകാരനാക്കിയത് പ്രശസ്ത സാഹിത്യകാരിയായ മഹാശ്വേത ദേവിയാണ്. അതിനുമുൻപ് നക്സൽവാദി എന്ന നിലയിൽ തടവുശിക്ഷ അനുഭവിച്ച ഒരു ഭൂതകാലം അയാൾക്കുണ്ട്.
ഒരു ധനികകുടുംബത്തിലെ പെൺകുട്ടി കൊലചെയ്യപ്പെടുന്നു. അറസ്റ്റിലാവുന്നത് അവിടത്തെ കാവൽക്കാരനായ അർജുൻ ചാറ്റർജി എന്ന യുവാവാണ്. ദൃക്സാക്ഷികൾ ആരുമില്ലാത്ത കേസിൽ അയാൾ വധശിക്ഷക്ക് വിധിക്കപ്പെടുന്നു. നീണ്ട 18 വർഷങ്ങൾ ജെയിലിൽ കഴിഞ്ഞശേഷം അയാൾ തൂക്കിലേറ്റപ്പെടുന്നു.
അയാളുടെ മനോഗതത്തിലൂടെയും ആ പ്രേതം ആവേശിച്ച അനിർബൻ ചക്രവർത്തിയെന്ന പത്രപ്രവർത്തകനിലൂടെയും സംഭവപരമ്പരകളിലെ യഥാർത്ഥ കഥാപാത്രങ്ങളും അണിയറയിൽ നടന്ന കാര്യങ്ങളും വെളിവാകുന്നു.
ഇന്ത്യയിലെ കുറ്റാന്വേഷണ വ്യവസ്ഥയും വധശിക്ഷ തന്നെയും ഈ ചെറുനോവലിൽ വിചാരണ ചെയ്യപ്പെടുന്നു.
ഈ നോവൽ ബംഗാളിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ച ഏക ബുക്ക്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized