സമയമാം രഥത്തിൽ ഞാൻ…

#കേരളചരിത്രം

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു…

കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളികൾ ഏറ്റവുമധികം ആസ്വദിക്കുന്ന ഭക്തിഗാനങ്ങളിൽ ഒന്നാണ് സമയമാം രഥത്തിൽ ഞാൻ….

1970ൽ പുറത്തുവന്ന അരനാഴികനേരം എന്ന ചിത്രത്തിൽ ഈ പഴയ ക്രിസ്ത്യൻ ഭക്തിഗാനം ചില വാക്കുകൾ മാറ്റി വയലാർ എഴുതി ദേവരാജൻ സംഗീതം നൽകി യേശുദാസ് പാടിയതോടെയാണ് ഈ ഗാനം വൻപിച്ച
ജനപ്രീതി നേടിയത്.

പക്ഷെ ഈ ഗാനം രചിച്ചത് ഇന്ത്യയിൽ വന്നു മലയാളം പഠിച്ച ഒരു ജർമൻ മിഷനറിയാണ് എന്ന് പലർക്കും അറിഞ്ഞുകൂടാ. മലയാളത്തെ സ്നേഹിച്ച ആ വിദേശിയാണ് വോൾബ്രെക്ക്ട് നാഗെൽ ( 1867-1921).
19 വയസിൽ സ്വിറ്റ്സർലൻഡിലെ ബാസൽ മിഷനിൽ ചേർന്ന് പുരോഹിതനായി 1893 ഡിസംബറിൽ കണ്ണൂരിൽ എത്തി.
മിഷൻ പ്രവർത്തനത്തിൽ മുഴുവൻ സമയവും ഏർപ്പെടാൻ ആഗ്രഹിച്ച നാഗെലിന് വാണിയംകുളത്ത് ബാസൽ മിഷൻ വകയായ ഫാക്ടറികൾ നോക്കിനടത്താൻ കിട്ടിയ ചുമതല ഇഷ്ടമായില്ല. സംഘടന വിട്ട നാഗേലിന് സഹായത്തിന് എത്തിയത് കുന്നംകുളംകാരൻ പാറമേൽ ഇട്ടൂപ്പ് ആണ്. കുന്നംകുളത്ത് ടീച്ചർ ആയിരുന്ന ഹെൻറിയറ്റ് മിച്ചൽ എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയെ വിവാഹംചെയ്ത നാഗൽ, കുന്നംകുളം കേന്ദ്രമായി തൻ്റെ മിഷൻ പ്രവർത്തനം തുടർന്നു. തൻ്റെ കുട്ടികളെ പാടിയുറക്കാനായി ജർമനിയിൽ പ്രസിദ്ധമായിരുന്ന ഒരു താരാട്ടുപാട്ടിൻ്റെ ഈണത്തിൽ രചിച്ചതാണ് സമയമാം രഥത്തിൽ. ഇതുകൂടാതെ ഒട്ടനേകം ഭക്തിഗാനങ്ങൾ അദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്.
1914ൽ ജർമനിയിലേക്ക് പോയ നാഗലിന് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് കൊണ്ട് പിന്നീട് ഇന്ത്യയിലേക്ക് മടങ്ങാനായില്ല.

ആദ്യകാലത്ത് സന്ധ്യാപ്രാർഥനയുടെ ഭാഗമായി പാടിയിരുന്ന ഗാനം , സിനിമ 1971ൽ റിലീസ് ചെയ്തതിനു ശേഷം ചരമപ്രാർത്ഥനയുടെ ഭാഗമായി മാറി.
ഇത്രയും അർത്ഥപൂർണ്ണമായ ഒരു ഭക്തിഗാനം രചിച്ചത് ഒരു ജർമനകാരൻ ആണെന്നത് മലയാളത്തിന് എന്നും അഭിമാനിക്കാനുള്ള വകയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *