#ഓർമ്മ
ശോഭ.
നടി ശോഭ (1962-1980) ഈ ലോകത്തോട് വിടപറഞ്ഞ ദിവസമാണ്
മെയ് 1.
വെറും 17 വയസ്സിൽ അഭിനയത്തിൻ്റെ കൊടുമുടി കയറിയ ശോഭ എൻ്റെ തലമുറയുടെ നഷ്ടസ്വപ്നമാണ്.
അമ്മ പ്രേമയുടെ പ്രേരണയാണ് ബാല്യത്തിൽതന്നെ സിനിമയിൽ പ്രവേശിക്കാൻ കാരണമായത്. 1971ൽ തന്നെ മികച്ച ബാലനടിക്കുള്ള അവാർഡ് നേടി. 1977ൽ മികച്ച സഹനടിക്കുള്ള അവാർഡ്. ഉത്രാടരാത്രി എന്ന സിനിമയിലൂടെ 1978ൽ നായികയായി. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1978ൽ മികച്ച നടിക്കുളള അവാർഡ്. 1979ൽ തമിഴ് ചിത്രമായ പശിയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം.
ഉൾക്കടൽ, ശാലിനി എൻ്റെ കൂട്ടുകാരി, ബന്ധനം, എൻ്റെ നീലാകാശം തുടങ്ങി മറക്കാനാവാത്ത അനേകം ചിത്രങ്ങൾ. ഇന്നും കണ്ണുനിറയിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങൾ. തമിഴിലും, കന്നടയിലും അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ.
ഇത്ര ചെറുപ്പത്തിൽ ഇത്രയേറെ അംഗീകാരങ്ങൾ നേടിയ വേറൊരു നടി ഉണ്ടാവില്ല.
16 വയസ്സിൽ 45 വയസ്സുള്ള സംവിധായകൻ ബാലു മഹേന്ദ്രയെ വിവാഹം ചെയ്തതാവാം ഒരുവർഷം കഴിഞ്ഞ് സ്വയം ജീവൻ ഒടുക്കുന്നതിലേക്ക് നയിച്ചത് എന്നു വിശ്വസിക്കുന്നവരാണ് കൂടുതൽ. അമ്മ പ്രേമയും പിന്നീട് ആത്മഹത്യയിൽ അഭയം തേടി.
കെ ജി ജോർജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ ശോഭയുടെ കഥ മാത്രമല്ല സിനിമാ ലോകത്തെ ചതിക്കുഴികൾ കാണികളുടെ മുൻപിൽ അനാവരണം ചെയ്യുക കൂടി ചെയ്യുന്നു.
ഒരു വിങ്ങലായി ശോഭ ഇന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized