#ഓർമ്മ
പീയൂസ് V മാർപാപ്പ.
പീയൂസ് V മാർപാപ്പയുടെ (1504-1572) ചരമവാർഷികദിനമാണ്
മെയ് 1.
ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച തലവനാണ് ഈ ഡോമിനിക്കൻ സന്യാസി.
ചരിത്രത്തിൽ സഭയുടെ ഗതി നിർണ്ണയിച്ചത് പ്രധാനമായും മൂന്നു സൂനഹദോസുകളാണ്.
ക്രിസ്തുമതത്തിന്റെ ദൈവശാസ്ത്രത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ വിവിധ വിഭാഗങ്ങൾ പുലർത്തി വഴക്കിട്ടുവന്ന വേളയിൽ, ഇന്നും വിശ്വാസികൾ ഏറ്റുപറയുന്ന വിശ്വാസപ്രമാണം അംഗീകരിച്ചത് നിഖ്യ സൂനഹദോസിലാണ്.
അതുപോലെ രണ്ടാം വത്തിക്കാൻ സൂനഹദോസ് ഭേദഗതി ചെയ്യുന്നതുവരെ, പീയൂസ് V മാർപാപ്പ വിളിച്ചുകൂട്ടിയ ട്രെന്റ് സൂനഹദോസ് അംഗീകരിച്ച ഏകീകൃത പാഠമാണ് വിശുദ്ധ കുർബാനക്ക് ഉപയോഗിച്ചിരുന്നത്.
യൂറോപ്പിലാകെ വ്യാപിച്ചുകിടന്നിരുന്ന പേപ്പൽ രാജ്യങ്ങളുടെ ഭരണാധികാരിയും പാപ്പായായിരുന്നു. കർദിനാൾമാർക്ക് വൻപിച്ച അധികാരങ്ങൾ ഉണ്ടായിരുന്ന അക്കാലത്ത് വെറും 13 വയസ്സ് പ്രായമുള്ള തന്റെ അനന്തരവനെ കർദിനാളാക്കാനുള്ള മുൻഗാമി പീയൂസ് നാലാമന്റെ ശ്രമത്തെ എതിർത്ത് റോമിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം തിരിച്ചുവിളിച്ചു മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് പീയൂസ് അഞ്ചാമൻ.
യുറോപ്പ് മുഴുവൻ മാർട്ടിൻ ലൂഥറിന്റെ പ്രൊട്ടസ്റ്റന്റ് ഭാഗത്തേക്ക് ചാഞ്ഞപ്പോൾ കത്തോലിക്കാസഭയെ പിടിച്ചുനിർത്തിയത് ഈ പാപ്പായാണ്.
വൈദികർ പള്ളികളിൽ താമസിക്കണം എന്ന നിയമം കൊണ്ടുവന്നതും കർക്കശക്കാരനായ ഈ സഭാതലവനാണ്.
– ജോയ് കള്ളിവയലിൽ.
