ആർ ശങ്കർ

#ഓർമ്മ

ആർ ശങ്കർ.

ആർ ശങ്കറിൻ്റെ ( 1909-1972)
ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 30.
കൊല്ലം ജില്ലയിലെ പുത്തൂരിൽ ഒരു ഈഴവ കുടുംബത്തിലാണ് ജനനം. പുത്തൂർ പ്രൈമറി സ്‌കൂൾ, കോട്ടാരക്കര ഇംഗ്ലീഷ് സ്‌കൂൾ, എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ (ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി കോളേജ് ) നിന്ന് രസതന്ത്രത്തിൽ ബിരുദം. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. 1933ൽ തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ചേർന്ന് നിയമ ബിരുദവും നേടി.

ശിവഗിരി ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായി നിയമനം ലഭിച്ചത് ശ്രീ നാരായണ ധർമ്മ പരിപാലന (എസ്.എൻ.ഡി.പി.) യോഗവുമായി ബന്ധപ്പെടാൻ അവസരം നൽകി. സാമൂഹ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ തുടങ്ങിയത് അക്കാലത്താണ്.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സജീവ അംഗമായി.

പിന്നീട് കോൺഗ്രസിൽ നിന്ന് മാറി എസ്എൻഡിപി യോഗത്തിൻ്റെ നേതാവായി. 10 വർഷത്തോളം ജനറൽ സെക്രട്ടറിയായും എസ്എൻ ട്രസ്റ്റിന്റെ പ്രസിഡന്റായും ചീഫായും സേവനമനുഷ്ഠിച്ചു. ശങ്കറിൻ്റെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം സ്കൂളുകളും കോളജുകളും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. എസ്എൻഡിപി യോഗം സുവർണ്ണ ജൂബിലി വർഷം ആഘോഷിച്ച 1953 ൽ ശങ്കർ ആയിരുന്നു ജനറൽ സെക്രട്ടറി. ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹം കൊല്ലത്ത് സംഘടിപ്പിച്ച എക്‌സിബിഷൻ വലിയ ജനശ്രദ്ധ ആകർഷിച്ച സംഭവമാണ്.

വിമോചനസമരത്തിന് ശേഷം കോൺഗ്രസിൽ സജീവമായ ശങ്കർ, 1960ലെ പട്ടം മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി. 1962ൽ മുഖ്യമന്ത്രിയായി. ആഭ്യന്തര മന്ത്രിയായിരുന്ന പി ടി ചാക്കൊക്ക് എതിരെ കോൺഗ്രസിൽ തന്നെ ഗൂഢാലോചന നടന്നു എന്ന് ആരോപിച്ച് രാജിവെച്ച ചാക്കോയുടെ അനുയായികൾ അവിശ്വാസപ്രമേയം പാസാക്കി ശങ്കർ മന്ത്രിസഭയുടെ അന്ത്യം കുറിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ തോറ്റ ശങ്കറിൻ്റെ രാഷ്ട്രീയജീവിതം അസ്തമിച്ചു.
എങ്കിലും വളയാത്ത നട്ടെല്ലിൻ്റെ ഉടമയായി അവസാനം വരെ ജീവിച്ചു എന്ന് ശങ്കറിന് അഭിമാനിക്കാം.
കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രി അദ്ദേഹത്തിൻ്റെ നിത്യ സ്മാരകമാണ്
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *