#കേരളചരിത്രം
കേരളവും ഭക്ഷ്യസുരക്ഷയും.
ഭക്ഷ്യസുരക്ഷയാണ് ഇന്ന് കേരളം നേരിടുന്ന ഒരു വലിയ പ്രശ്നം. അരിയും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെ മിക്ക ഭക്ഷ്യസാധനങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
അതിൽ ആർക്കും വലിയ ആശങ്ക ഉള്ളതായും കാണുന്നില്ല. പണം ഉണ്ടെങ്കിൽ എന്തും വാങ്ങാൻ കിട്ടും എന്ന മനോഭാവമാണ്. വർധിച്ചുവരുന്ന കാൻസർ ഉൾപ്പെടെയുളള രോഗങ്ങൾക്ക് കാരണം വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും ആണ് എന്ന് അറിയാതെ അല്ല താനും.
പുതിയ തലമുറയിൽ ഭൂരിഭാഗവും “പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാൻ ഉണ്ണും” എന്ന് വിശ്വസിക്കുന്നവരാണ്.
ഒരു ചെറിയ വിഭാഗമെങ്കിലും കാലത്തിന്റെ ചുവരെഴുത്തു വായിക്കുന്നവരാണ് എന്നതാണ് ആശ്വാസം.
ടെറസിലെങ്കിലും രണ്ടു ചെടി നടാൻ അവർ ശ്രമിക്കുന്നു.
ഭക്ഷ്യ സ്വയംപര്യാപ്തമായ ഒരു സുവർണ്ണകാലം കേരളത്തിന് ഉണ്ടായിരുന്നു. എന്ത് എപ്പോൾ എങ്ങനെ നടണം എന്ന് പോലും കൃത്യമായ നിഷ്ടകൾ ഉണ്ടായിരുന്നു എന്ന് അറിയുമ്പോൾ അത്ഭുതം തോന്നും.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൻ്റെ ഒരു ചിത്രം പി ഭാസ്‌കാരനുണ്ണി പകർത്തുന്നു:
” കിഴങ്ങു പ്രധാനമായിട്ടുള്ളവ നടുവാൻ ശനിയാഴ്ച അരുത്. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ഞായറാഴ്ചയും എള്ളിനരുത്. ചേമ്പിനും ചേനക്കും ചൊവ്വാഴ്ച അരുത്. കിഴങ്ങിനും മുതിരക്കും ചൊവ്വാഴ്ച മാധ്യമം. എള്ളിനു വ്യാഴാഴ്ച്ച മാധ്യമമാകുന്നു. കവുങ്ങ്, തെങ്ങ്, പുലാവ് ഇത്യാദികൾക്കും ശനിയാഴ്ച മുഖ്യം…..
കായ ഉണ്ടാകേണ്ടുന്ന വസ്തുക്കൾക്ക് കായ ഉള്ള നാളുകളെ കൊള്ളാവൂ. വാഴക്കും അങ്ങനെതന്നെ….
കരിമ്പിന് വാഴപോലെ. കോടിക്ക് മൂലം നന്ന്. ചേനക്ക് തിര്യങ്ങമുഖി നന്ന്. കിഴങ്ങിനു അധോമുഖി നന്ന്. ചേമ്പിനും കൂർക്കക്കും ഇവ രണ്ടും നന്ന്.
കക്കരി, വരക്, തിന, മുതിര, വെള്ളരി, പയറ്, കൂർക്ക, വഴുതിന, മുളക്, ഉഴുന്ന്, ഇവ പത്തിനും ഞായറാഴ്ച അരുത്”.
– ജോയ് കള്ളിവയലിൽ.
Posted inUncategorized